ആകെ വലഞ്ഞുപോകുകയാണ്... ചൂട് അസഹ്യം. ദുരിതം അത്രകണ്ടാണ്. പവര്‍കട്ട് സൃഷ്ടിക്കുന്ന ദുരിതം പറയേണ്ടതില്ല... അതിനിടയില്‍ പാലായിലെയും രാമപുരത്തെയും സാധാരണക്കാര്‍ക്ക് കെ.എസ്.ഇ.ബിയുടെ ഷോക്ക് ട്രീറ്റ്‌മെന്റാവുകയാണ് മിന്നല്‍ പവര്‍കട്ട്...




സുനില്‍ പാലാ

ആകെ വലഞ്ഞുപോകുകയാണ്... ചൂട് അസഹ്യം. ദുരിതം അത്രകണ്ടാണ്. പവര്‍കട്ട് സൃഷ്ടിക്കുന്ന ദുരിതം പറയേണ്ടതില്ല... അതിനിടയില്‍ പാലായിലെയും രാമപുരത്തെയും സാധാരണക്കാര്‍ക്ക് കെ.എസ്.ഇ.ബിയുടെ ഷോക്ക് ട്രീറ്റ്‌മെന്റാവുകയാണ് മിന്നല്‍ പവര്‍കട്ട്...

ഔദ്യോഗിക പവര്‍കട്ടിനൊപ്പം അനൗദ്യോഗികമായി പാലായിലും രാമപുരത്തും കെ.എസ്.ഇ.ബി നിരന്തരം സൃഷ്ടിക്കുന്ന 'മിന്നല്‍ പവര്‍കട്ട്' അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് പാലാ വൈദ്യുതി ഭവനു മുന്നില്‍ മെഴുകുതിരി കത്തിച്ച് ഒറ്റയാള്‍ പ്രതിഷേധം നടത്തി.

രാമപുരത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പകലും രാത്രിയുമായി നാല്പ്പത് തവണയാണ് വൈദ്യുതി നിലച്ചത്. പാലാ ടൗണിലും കവീക്കുന്ന്, മൂന്നാനി, ചെത്തിമറ്റം, അരുണാപുരം മേഖലകളിലും കഴിഞ്ഞ മുന്ന് ദിവസത്തിനിടെ മുപ്പതോളം തവണ വൈദ്യുതി നിലച്ചു.
ദിനംപ്രതി മൂന്ന് തവണ വീതം ഔദ്യോഗിക പവര്‍കട്ടാണെന്നാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് ഉപയോക്താക്കള്‍ ആരോപിക്കുന്നു. ഇതിനു പുറമേ ദിവസവും നിരവധി തവണ മിന്നല്‍ പവര്‍കട്ട് സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതുമൂലം ഉപയോക്താക്കള്‍ ഒന്നടങ്കം വലയുകയാണ്. പലയിടങ്ങളിലും അഞ്ച് മിനിറ്റും പത്ത് മിനിറ്റും ഇടവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.

ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍

തുടരെ തുടരെ വൈദ്യുതി തടസ്സപ്പെടുന്നതുമൂലം വൈദ്യുതോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. ഫ്രിഡ്ജുകളില്‍ സൂക്ഷിക്കുന്ന മരുന്നുകളെയും നിരന്തരമായ വൈദ്യുതി തടസ്സം ദോഷകരമായി ബാധിക്കുന്നുണ്ട്. അറ്റകുറ്റപ്പണികളുടെ പേരു പറഞ്ഞ് ഇപ്പോള്‍ വൈദ്യുതി നിരന്തരം തടസ്സപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്.

ഏരിയ തിരിച്ച് അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി തടസ്സപ്പെടുത്താമെങ്കിലും സബ് സ്റ്റേഷനില്‍നിന്ന് പരമാവധി പ്രദേശങ്ങളിലെ വൈദ്യുതി വിതരണം ഒരേസമയം തടസ്സപ്പെടുത്തുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

കഴിതടിയൂര്‍ പള്ളിഭാഗത്തും നീറന്താനത്തും അറ്റകുറ്റപ്പണി, വൈദ്യുതി തടസ്സപ്പെടുത്തുന്നത് കിലോമീറ്ററുകള്‍ക്കപ്പുറത്തും

കിഴതടിയൂര്‍ പള്ളി ഭാഗത്തെ ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടത്തിയതിന്റെ ഭാഗമായി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയപ്പോള്‍ കിലോമീറ്ററുകള്‍ അകലെയുള്ള കൊച്ചിടപ്പാടി മേഖലയിലും മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുത്തി. നീറന്താനത്ത് വൈദ്യുതി പണിയുടെ പേരില്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഏഴാച്ചേരിയിലെ കറണ്ടും കളഞ്ഞു.


വൈദ്യുതി വല്ലപ്പോഴും, അലങ്കാര വിളക്കുകള്‍ എപ്പോഴും

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോഴും ചില വ്യാപാര സ്ഥാപനങ്ങളില്‍ രാത്രി വെളുക്കുവോളം സ്ഥാപനങ്ങള്‍ക്കു മുന്നില്‍ അലങ്കാര ലൈറ്റുകള്‍ തെളിച്ച് വൈദ്യുതി പാഴാക്കുന്നതിനെതിരെ അധികൃതര്‍ കണ്ണടയ്ക്കുകയാണെന്നും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ആരോപിച്ചു. ഓരോ വ്യാപാര സ്ഥാപനങ്ങളിലും നൂറുകണക്കിന് ലൈറ്റുകളാണ് തെളിക്കുന്നത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതുവരെ ഇത്തരം അലങ്കാര ലൈറ്റുകള്‍ ഉള്‍പ്പെടെ ആവശ്യത്തില്‍ കൂടുതല്‍  തെളിക്കുന്നതിന് നിയന്ത്രണം വേണമെന്നാണ് ആവശ്യം.



ഒറ്റയാള്‍ സമരം

മിന്നല്‍ പവര്‍കട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഇന്നലെ പാലാ വൈദ്യുതി ഭവന് മുന്നില്‍ മെഴുകുതിരി കത്തിച്ച് ഒറ്റയാള്‍ സമരം നടത്തി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments