കാനാട്ടുപാറ ഡമ്പിങ് ഗ്രൗണ്ട് വിവാദം: എടുത്തുചാടിയുള്ള തീരുമാനം നഗരഭരണ നേതൃത്വത്തിന് വിനയായേക്കും ..... അധികാരികളുടെ പേരിൽ പക്വമല്ലാത്ത മറുപടി പ്രചരിപ്പിച്ചതും കൂനുമ്മേൽ കുരു



കാനാട്ടുപാറ ഡമ്പിങ് ഗ്രൗണ്ട് വിവാദം: എടുത്തുചാടിയുള്ള തീരുമാനം നഗരഭരണ നേതൃത്വത്തിന് വിനയായേക്കും ..... അധികാരികളുടെ പേരിൽ  പക്വമല്ലാത്ത  മറുപടി പ്രചരിപ്പിച്ചതും കൂനുമ്മേൽ കുരു

സുനിൽ പാലാ  

കാനാട്ടുപാറയിൽ പഴയ ഡമ്പിങ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട വിഷയം വീണ്ടും സജീവ ചർച്ചയാകുന്നതിനിടെ നഗരസഭാ ഭരണനേതൃത്വം സ്വീകരിച്ച നടപടികൾ രാഷ്ട്രീയമായും പൊതുജനങ്ങൾക്കിടയിലും തിരിച്ചടിയാകാൻ സാധ്യതയേറെ. 

പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്തശേഷം മാത്രം മുന്നോട്ടുപോകേണ്ട വിഷയത്തിൽ തിടുക്കത്തിൽ തീരുമാനമെടുത്തത് ഭരണനേതൃത്വത്തിന് വിനയായേക്കുമെന്ന വിലയിരുത്തൽ ശക്തമാകുന്നു.

 ഡമ്പിങ് ഗ്രൗണ്ട് ഉൾപ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധികളെയും നാട്ടുകാരെയും വിവിധ രാഷ്ട്രീയകക്ഷികളെയും പങ്കെടുപ്പിച്ച് സർവകക്ഷി യോഗം വിളിച്ചുചേർത്ത് സമവായത്തിലൂടെ തീരുമാനമെടുക്കുന്നതായിരുന്നു ഉചിതമെന്ന അഭിപ്രായവും ഉയരുന്നു.


കാനാട്ടുപാറയിലെ പഴയ ഡമ്പിങ് യാർഡിലേക്ക് നഗരസഭാ മാലിന്യങ്ങൾ വീണ്ടും എത്തിക്കാനുള്ള നീക്കമുണ്ടെന്ന ആശങ്കയാണ് ഇപ്പോൾ പ്രദേശത്ത് ഉയർന്നിരിക്കുന്നത്. ഇതിനിടെ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ അവിടെയുള്ള ഷെഡ് ബലപ്പെടുത്തുന്നതിനുള്ള തീരുമാനമെടുത്തതും വിവാദത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്. 

ഷെഡ് ബലപ്പെടുത്തുന്നതിന്റെ യഥാർഥ ഉദ്ദേശ്യവും അവിടെ നഗരസഭ ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങളുടെ സ്വഭാവവും സംബന്ധിച്ച് വ്യക്തമായ വിശദീകരണം പൊതുജനങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ ആശങ്കകൾ കൂടുതൽ ശക്തമാകുമെന്നതാണ് നിലവിലെ സാഹചര്യം.

നഗരസഭയുടെ ഭാഗത്തുനിന്ന് ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമായി വിശദീകരിക്കേണ്ട ഘട്ടത്തിൽ തീരുമാനം മാത്രം മുന്നോട്ടുവച്ചത് രാഷ്ട്രീയ എതിരാളികൾക്ക് ആയുധമായി മാറിയെന്നാണ് വിലയിരുത്തൽ. 


കാനാട്ടുപാറയിൽ വീണ്ടും ഡമ്പിങ് ഗ്രൗണ്ട് കൊണ്ടുവരാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന പ്രചാരണത്തെ യുഡിഎഫ് കൃത്യമായി രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. പ്രദേശവാസികളുടെ വികാരം മനസ്സിലാക്കി, അവരുടെ ആശങ്കകൾക്ക് മറുപടി നൽകിയശേഷം നടപടികളിലേക്ക് കടന്നിരുന്നെങ്കിൽ ഇത്തരമൊരു വിവാദത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

രണ്ടു പതിറ്റാണ്ടിന്റെ ദുരനുഭവം; മറക്കാനാകാത്ത പ്രതിഷേധം

കാനാട്ടുപാറയിലെ ഡമ്പിങ് ഗ്രൗണ്ട് വിഷയം കേവലം ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട ഭരണപരമായ പ്രശ്നമല്ല. രണ്ടു പതിറ്റാണ്ടോളം മുമ്പ് പ്രദേശവാസികൾ നേരിട്ട ദുരനുഭവങ്ങളും അതിനെതിരെ നടത്തിയ സമരങ്ങളും അതിലൂടെ നേടിയ വിജയവുമെല്ലാം ഈ വിഷയത്തെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം വൈകാരികമാക്കുന്നു. അന്നത്തെ അനുഭവങ്ങൾക്കുശേഷം വീണ്ടും അതേ പ്രദേശത്ത് ഏതെങ്കിലും രൂപത്തിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സംവിധാനം വരുമെന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്.

അന്നത്തെ സമരങ്ങളിലൂടെ നേടിയെടുത്ത നേട്ടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അതിനാൽ, ഷെഡ് ബലപ്പെടുത്തുന്നതുപോലുള്ള ഒരു നടപടിയെപ്പോലും അതിന്റെ യഥാർഥ ഉദ്ദേശ്യം വ്യക്തമാകുന്നതുവരെ സംശയത്തോടെ കാണുന്ന സാഹചര്യമുണ്ടാകാം. ജനങ്ങളുടെ ഈ ആശങ്കയെ നിസ്സാരമായി കാണുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കിയേക്കും . 

ഭരണസമിതിയുടെ ഭാഗത്തുനിന്ന് നല്ല ഉദ്ദേശ്യത്തോടെയാണ് നടപടികൾ സ്വീകരിക്കുന്നതെങ്കിൽപ്പോലും, അതിന്റെ ആവശ്യകതയും ലക്ഷ്യവും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കുണ്ട്. പ്രത്യേകിച്ചും മുൻകാല അനുഭവങ്ങളുമായി ബന്ധപ്പെട്ട് ജനവികാരം ശക്തമായ ഒരു പ്രദേശത്ത് തീരുമാനമെടുക്കുമ്പോൾ കൂടുതൽ ജാഗ്രതയും കൂടിയാലോചനയും അനിവാര്യമാണ്.

സർവകക്ഷി യോഗം വിളിക്കാമായിരുന്നു

കാനാട്ടുപാറ വിഷയത്തിൽ നഗരസഭയ്ക്ക് മുന്നോട്ടുപോകാൻ കഴിയുമായിരുന്ന ഏറ്റവും ഉചിതമായ മാർഗം പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്തുള്ള ചർച്ചയായിരുന്നു. ബന്ധപ്പെട്ട വാർഡുകളിലെ കൗൺസിലർമാർ, പ്രദേശവാസികളുടെ പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് സർവകക്ഷി യോഗം വിളിച്ചുചേർക്കാമായിരുന്നു.


അവിടെ ഷെഡ് ബലപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ്, അതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത് എന്താണ്, മാലിന്യനിക്ഷേപവുമായി ഇതിന് ബന്ധമുണ്ടോ, ഭാവിയിൽ ആ സ്ഥലം ഏതെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വിശദമായി അവതരിപ്പിക്കാമായിരുന്നു. ജനങ്ങളുടെ സംശയങ്ങൾ കേട്ട് അവയ്ക്ക് വ്യക്തമായ മറുപടി നൽകാനും സാധിക്കുമായിരുന്നു.

ഇത്തരമൊരു നടപടിയിലൂടെ ഭരണസമിതിയുടെ നിലപാടിന് കൂടുതൽ വിശ്വാസ്യത നേടാനും രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും കഴിയുമായിരുന്നു. എന്നാൽ, ഈ വഴിയിലൂടെ മുന്നോട്ടുപോകുന്നതിനുപകരം കൗൺസിൽ  യോഗത്തിൽ അഡീഷണലായി അജണ്ട കൊണ്ടുവന്ന് ഷെഡ് ബലപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത് വിവാദം ഒഴിവാക്കേണ്ട സമയത്ത് അതിന് കൂടുതൽ ഇടം നൽകിയതുപോലെയായി.

ചെയർപേഴ്ൻ്റേതെന്ന മട്ടിൽ വന്ന മറുപടിയും പ്രശ്‌നമായി   


ഇതിനിടെ, വിഷയത്തിൽ ചെയർപേഴ്സന്റെ മറുപടിയെന്ന തരത്തിൽ ചിലർ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച അഭിപ്രായവും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രദേശവാസികളുടെ വികാരത്തെ മാനിക്കുന്നതും പൊതുപ്രശ്നങ്ങളിൽ ഉത്തരവാദിത്വത്തോടെ പ്രതികരിക്കുന്നതും ഭരണനേതൃത്വത്തിന് നിർണായകമായ സാഹചര്യത്തിൽ, തരംതാണതെന്ന വിമർശനമുയർത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ പ്രചരിച്ചത് കൂനിന്മേൽ കുരുവായി.

പ്രചാരത്തിലുള്ള സന്ദേശത്തിന്റെ യഥാർഥ ഉറവിടവും ചെയർപേഴ്സന്റെ ഔദ്യോഗിക നിലപാടുമായി അതിനുള്ള ബന്ധവും വ്യക്തമായി സ്ഥിരീകരിക്കേണ്ടതുണ്ട്. സ്ഥിരീകരിക്കാത്ത വാട്സാപ്പ് സന്ദേശങ്ങൾ ഔദ്യോഗിക പ്രതികരണമായി കണക്കാക്കുന്നത് ശരിയല്ല. അതേസമയം, ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും പ്രതിഷേധവും സൃഷ്ടിക്കാനുള്ള സാധ്യതയുള്ളതിനാൽ നഗരസഭയുടെ ഭാഗത്തുനിന്ന് വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്.


വിവാദം വളരുന്ന ഘട്ടത്തിൽ ഔദ്യോഗികവും മാന്യവുമായ ആശയവിനിമയമാണ് ഭരണനേതൃത്വത്തിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായ ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടി പറയുന്നതിനെക്കാൾ, വിഷയത്തിന്റെ യഥാർഥ വസ്തുതകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ഉചിതം.

യുഡിഎഫിന് രാഷ്ട്രീയമായി മുതലെടുക്കാൻ അവസരം

കാനാട്ടുപാറയിലെ പഴയ ഡമ്പിങ് യാർഡിലേക്ക് വീണ്ടും മാലിന്യങ്ങൾ എത്തിക്കാനുള്ള തീരുമാനം അനുവദിക്കില്ലെന്ന നിലപാടുമായി യുഡിഎഫ് രംഗത്തെത്തിയതോടെ വിഷയം ഭരണ-പ്രതിപക്ഷ പോരാട്ടത്തിന്റെ ഭാഗമായിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യം പ്രതിപക്ഷത്തിന് രാഷ്ട്രീയമായി മുതലെടുക്കാൻ അവസരമൊരുക്കിയിരിക്കുകയാണ്.

കാനാട്ടുപാറയിൽ വീണ്ടും മാലിന്യനിക്ഷേപം ആരംഭിക്കുമെന്ന ആശങ്കയാണ് പ്രദേശവാസികളെ അസ്വസ്ഥരാക്കുന്നതെങ്കിൽ, ആ ആശങ്ക പരിഹരിക്കേണ്ടത് നഗരസഭയുടെ പ്രഥമ പരിഗണനയായിരിക്കണം. എന്നാൽ, ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കുന്നതിനു മുമ്പ് തീരുമാനം കൈക്കൊണ്ടതോടെ ഭരണസമിതിയുടെ വിശദീകരണത്തെക്കാൾ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കാണ് പൊതുചർച്ചയിൽ കൂടുതൽ ഇടം ലഭിക്കുന്ന സാഹചര്യമുണ്ടായത്.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കഴിയുന്ന തരത്തിൽ ഭരണസമിതി ഇടപെട്ടാൽ മാത്രമേ വിവാദത്തെ രാഷ്ട്രീയ ആരോപണങ്ങളുടെ തലത്തിൽനിന്ന് വസ്തുതാപരമായ ചർച്ചയിലേക്ക് കൊണ്ടുവരാൻ കഴിയൂ. അല്ലാത്തപക്ഷം, കാനാട്ടുപാറ വിഷയം വരുംദിവസങ്ങളിലും നഗരസഭാ ഭരണനേതൃത്വത്തെ പ്രതിരോധത്തിലാക്കാൻ സാധ്യതയുണ്ട്; പ്രത്യേകിച്ച് ചെയർപേഴ്‌സൺ മായാ രാഹുലിനെ.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments