പൊടിപിടിച്ച പദ്ധതി, പൊടിതട്ടാന്‍ നഗരസഭ... മാലിന്യശേഖരണത്തിന് വാങ്ങിയ പെട്ടി ഓട്ടോകള്‍ ഉപയോഗശൂന്യം..




സുനില്‍ പാലാ

ആദ്യമേ പറയട്ടെ, ഇത് ഇപ്പോഴത്തെ നഗരഭരണസമിതിയുടെയോ ഉദ്യോഗസ്ഥരുടെയോ കുഴപ്പമല്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച ഒരു പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതിന്റെ ഗതികേടാണ് നഗരസഭാ സ്റ്റേഡിയത്തിന്റെ പ്രധാന കെട്ടിടത്തിന് ചുവട്ടില്‍ തുരുമ്പെടുത്ത് നശിക്കുന്നത്.

ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് വാങ്ങിയ ലക്ഷക്കണക്കിന് രൂപ വിലവരുന്ന 11 ആപേ പെട്ടി ഓട്ടോറിക്ഷകളാണ് ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്നത്.
കാനാട്ടുപാറയില്‍ ഡംപിങ് യാര്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് നഗരസഭയിലെ 26 വാര്‍ഡുകളില്‍നിന്നുള്ള മാലിന്യം യാര്‍ഡിലെത്തിക്കാനാണ് അന്നത്തെ ഭരണസമിതി ഓട്ടോകള്‍ വാങ്ങിയത്. മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ഈ സംവിധാനം ഫലപ്രദമായിരുന്നു. എന്നാല്‍ പൊതുജനസമരത്തെത്തുടര്‍ന്ന് കാനാട്ടുപാറയിലെ ഡംപിങ് യാര്‍ഡ് അടച്ചതോടെ വാഹനങ്ങളുടെ സേവനവും നിലയ്ക്കുകയും അവ ഷെഡ്ഡിലാവുകയും ചെയ്തു.

വര്‍ഷങ്ങളായി പൊടിപിടിച്ച് കിടക്കുന്ന ഈ വാഹനങ്ങളുടെ ചക്രങ്ങളും ചില സ്പെയര്‍പാര്‍ട്സുകളും കാണാനില്ലെന്ന ആക്ഷേപവുമുണ്ട്. നിശ്ചിത കിലോമീറ്റര്‍ ഓട്ടമോ കാലാവധിയോ പൂര്‍ത്തിയാകാത്തതിനാല്‍ സാധാരണ നടപടിക്രമത്തിലൂടെ ലേലം ചെയ്യുന്നതിനും തടസ്സമുണ്ടെന്ന് പറയപ്പെടുന്നു.
നിലവിലെ ഭരണസമിതിയുടെയോ ഉദ്യോഗസ്ഥരുടെയോ വീഴ്ചയല്ല ഇത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച് പിന്നീട് നിലച്ചുപോയ പദ്ധതിയുടെ അവശേഷിപ്പുകളാണ് ഈ വാഹനങ്ങള്‍. അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകുന്നവ വീണ്ടെടുത്ത് പൊതുജനാവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് പറയാന്‍ കഴിയില്ല.


എന്തുചെയ്യാന്‍ പറ്റുമെന്ന് പരിശോധിക്കും - ചെയര്‍പേഴ്സണ്‍


ഞങ്ങള്‍ ഭരണനേതൃത്വത്തിലെത്തിയിട്ട് മൂന്നുമാസം കഴിഞ്ഞതേയുള്ളു. ഈ ഓട്ടോകള്‍ ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ പറ്റുമെന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും. വിഷയം നഗരസഭാ കൗണ്‍സിലിന്റെ പരിഗണനയില്‍ കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ടെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments