കടനാട് ആരോഗ്യ കേന്ദ്രത്തിന്റെ കൂറ്റന്‍ ശിലാഫലകം ചെലവായത് 30,000-ത്തോളം രൂപയെന്ന് കരാറുകാരന്‍. അസി. എന്‍ജിനീയറാണ് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും കരാറുകാരന്‍







സുനില്‍ പാലാ

ആയുഷ്മാന്‍ ആരോഗ്യ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി സ്ഥാപിച്ച കൂറ്റന്‍ ഗ്രാനൈറ്റ് ശിലാഫലകത്തിന്റെ നിര്‍മാണച്ചെലവിനെച്ചൊല്ലിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. 

ശിലാഫലകത്തിന് 30,000 രൂപ ചെലവായെന്നും അസിസ്റ്റന്റ് എന്‍ജിനീയറുടെ നിര്‍ദേശപ്രകാരമാണ് ഇത്രയും വലിയ ഫലകം നിര്‍മ്മിച്ചതെന്നും കരാറുകാരന്‍ ജിജി കുര്യാക്കോസിന്റെ വെളിപ്പെടുത്തല്‍. അതേസമയം, ശിലാഫലകത്തിന് ചെലവായത് 8,000-ല്‍പരം രൂപ മാത്രമാണെന്ന് അവകാശപ്പെട്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷ് പഞ്ചായത്തിന് രേഖാമൂലം അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇതോടെ ശിലാഫലകത്തിന്റെ യഥാര്‍ഥ നിര്‍മാണച്ചെലവ് സംബന്ധിച്ച് വീണ്ടും ചോദ്യമുയരുകയാണ്. 30,000 രൂപയാണ് ചെലവായതെന്ന് കരാറുകാരന്‍ പറയുമ്പോള്‍ 8,000-ല്‍പരം രൂപ മാത്രമാണ് ചെലവായതെന്ന അസിസ്റ്റന്റ് എന്‍ജിനീയറുടെ വാദമാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.

എട്ടടിയോളം ഉയരമുള്ള ഗ്രാനൈറ്റ് സ്ഥാപിച്ചാണ് ശിലാഫലകം നിര്‍മ്മിച്ചതെന്ന് കരാറുകാരന്‍ പറഞ്ഞു. ഇതിന് തേക്കിന്റെ ഫ്രെയിമും ഉപയോഗിച്ചിട്ടുണ്ട്. പണിയുടെ പുരോഗതി സംബന്ധിച്ചും മറ്റും നേരത്തെ ചെറിയൊരു ഫലകം നിര്‍മ്മിച്ചിരുന്നു. ഇതിന് ഏകദേശം 5000-ത്തോളം രൂപയുടെ ചെലവാണ് ഉണ്ടായിരുന്നതെന്നും ഇത് എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്ന കാര്യമാണെന്നും കരാറുകാന്‍ പറയുന്നു.
എന്നാല്‍ ഉദ്ഘാടന സമ്മേളനത്തിന് രണ്ടുദിവസം മുമ്പാണ് വലിയ ശിലാഫലകം നിര്‍മ്മിക്കണമെന്ന നിര്‍ദേശം ലഭിച്ചതെന്നാണ് കരാറുകാരന്റെ വിശദീകരണം. ഇതോടെയാണ് സമയക്കുറവിനിടയില്‍ ഗ്രാനൈറ്റില്‍ ഇത്രയും വലിയ ഫലകം നിര്‍മ്മിച്ച് സ്ഥാപിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അസി. എന്‍ജിനീയര്‍ അനീഷിന്റെ നിര്‍ദേശപ്രകാരമാണ് ഫലകം നിര്‍മ്മിച്ചതെന്നും കരാറുകാരന്‍ പറഞ്ഞു.

അതേസമയം, ശിലാഫലകത്തിന് 8,000 രൂപ മാത്രമാണ് ചെലവായതെന്ന നിലപാടാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷ് പഞ്ചായത്തിന് നല്‍കിയ രേഖാമൂലമുള്ള അപേക്ഷയില്‍ സ്വീകരിച്ചിരിക്കുന്നത്. തന്റെ വിശദീകരണം പഞ്ചായത്ത് കമ്മിറ്റി അജണ്ടയില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം അപേക്ഷ നല്‍കിയിരിക്കുന്നത്.
മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ശിലാഫലകത്തിന് കാല്‍ലക്ഷത്തില്‍പരം രൂപ ചെലവായെന്ന കാര്യം മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്തയിലെ പരാമര്‍ശം ചേര്‍ത്തുകൊണ്ട് ശിലാഫലകത്തിന് 8,000 രൂപ മാത്രമാണ് ചെലവായതെന്ന് അവകാശപ്പെട്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍ അനീഷ് രംഗത്തുവന്നത്.  ഇപ്പോള്‍ കരാറുകാരന്റെ 30,000 രൂപയോളം ചെലവായെന്ന വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നതോടെ വിവാദം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments