ഏഴാച്ചേരിയുടെ ഓർമ്മകളിൽ ഇനി ‘രണ്ടുനില അപ്പച്ചൻ ചേട്ടൻ’ ........ എൺപത്തിരണ്ടാം വയസ്സിലും സമരമുഖത്ത്; അവസാന പോരാട്ടം രാസവളവില വർധനയ്ക്കെതിരെ
സുനിൽ പാലാ
ഏഴാച്ചേരിയിലെ ആദ്യകാല രണ്ടുനില വീടിന്റെ ഉടമ എന്ന നിലയിൽ നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന പേരായിരുന്നു ‘രണ്ടുനില അപ്പച്ചൻ ചേട്ടൻ’.
കാലം മാറി, ആ വീടിനൊപ്പം ആ വിളിപ്പേരും നാടിന്റെ ഓർമ്മകളിൽ ഇടംപിടിച്ചു. എന്നാൽ, ആ പേരിനപ്പുറം കർഷകരുടെ അവകാശങ്ങൾക്കായി പതിറ്റാണ്ടുകളോളം പോരാടിയ നേതാവെന്ന നിലയിൽ നാടിന്റെ ഹൃദയത്തിൽ ഇടം നേടിയ എൻ.ജെ. ജോസഫ് നെടുമ്പള്ളിൽ എന്ന അപ്പച്ചൻ നെടുമ്പള്ളിൽ ഇനി ഓർമ്മ.
എൺപത്തിരണ്ടാം വയസ്സിലും കർഷകസമരങ്ങളുടെ മുന്നണിയിൽ സജീവമായിരുന്ന അപ്പച്ചന്റെ വിയോഗം പാലായുടെ പൊതുപ്രവർത്തനരംഗത്തിനും കർഷക പ്രസ്ഥാനത്തിനും തീരാനഷ്ടമായി.
അവസാന നാളുകളിലും വിശ്രമമില്ലാത്ത പോരാട്ടം
വിടവാങ്ങുന്നതിന് വെറും മൂന്ന് ദിവസം മുമ്പുപോലും കർഷകരുടെ പ്രശ്നങ്ങളുമായി അപ്പച്ചൻ പാലായിലെ തെരുവിലുണ്ടായിരുന്നു. രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലവർധനയ്ക്കെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പാലാ ഹെഡ് പോസ്റ്റ് ഓഫീസ് ധർണയും നടത്തി.
പ്രായത്തിന്റെ അവശതകളെക്കാൾ കർഷകരുടെ ദുരിതങ്ങൾക്ക് മുൻഗണന നൽകിയ ആ പോരാട്ടവീര്യം അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ അവസാന അധ്യായമായി.
കൃഷിച്ചെലവ് വർധിക്കുകയും കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ കർഷകരുടെ ശബ്ദമാകാനാണ് അപ്പച്ചൻ എന്നും ശ്രമിച്ചത്. കാർഷിക പഠനക്ലാസുകൾ, സെമിനാറുകൾ, പ്രക്ഷോഭങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേക താത്പര്യം പുലർത്തി. 2016 മുതൽ കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.
കേരള കോൺഗ്രസിനൊപ്പം വളർന്ന പൊതുപ്രവർത്തനം
കേരള കോൺഗ്രസ് എമ്മിലൂടെയാണ് അപ്പച്ചൻ രാഷ്ട്രീയ പ്രവർത്തനരംഗത്ത് സജീവമായത്. രാമപുരത്ത് പാർട്ടിയുടെ വളർച്ചയ്ക്കായി പുതിയിടത്തുചാലിൽ പി.ജെ. ജോണിനൊപ്പം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. കെ.എം. മാണിയുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന ഇദ്ദേഹം പിന്നീട് ജോസ് കെ. മാണിയുടെ നേതൃത്വത്തിലും പാർട്ടിയോടും കർഷക പ്രസ്ഥാനത്തോടും ചേർന്നുനിന്ന് പ്രവർത്തിച്ചു.
രാമപുരത്തെ ക്ഷീരകർഷകരെ സംഘടിപ്പിച്ച് ക്ഷീരകർഷക സംഘം രൂപീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾക്കായി അധികാരകേന്ദ്രങ്ങളിൽ ഇടപെടാനും മടിക്കാത്ത സംഘാടകനായിരുന്നു അദ്ദേഹം.
കെ.എം. മാണി ആവിഷ്കരിച്ച വെളിച്ചവിപ്ലവ പദ്ധതിക്ക് ഏഴാച്ചേരിയിൽ നേതൃത്വം നൽകിയതും അപ്പച്ചനായിരുന്നു. അടുത്തിടെ ഏഴാച്ചേരി വലിയതോടിന്റെ ചിറ്റേട്ടുഭാഗം മുതൽ ഏകദേശം ഒരു കിലോമീറ്റർ ദൂരം തോട് ആഴംകൂട്ടി തിട്ടകൾ നീക്കംചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം മുന്നിട്ടിറങ്ങി. നാടിന്റെ വികസനത്തിനും കർഷകരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഒരുപോലെ പ്രാധാന്യം നൽകിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം.
ഓർമ്മകളിൽ നിറയുന്നത് അപ്പച്ചൻ ചേട്ടൻ
‘രണ്ടുനില അപ്പച്ചൻ ചേട്ടൻ’ എന്ന വിളിപ്പേര് നാട്ടുകാർക്കിടയിൽ പതിഞ്ഞു. എന്നാൽ, വീടിന്റെ പ്രത്യേകതയിൽനിന്ന് പിറന്ന ആ പേര് പിന്നീട് നാടിന്റെ സാമൂഹികജീവിതത്തിൽ നിറഞ്ഞുനിന്ന ഒരു വ്യക്തിത്വത്തിന്റെ പേരായി മാറി. കർഷകരുടെ ആവശ്യങ്ങൾക്കായി ഓടിനടന്നും സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും നാട്ടിലെ പൊതുകാര്യങ്ങളിൽ ഇടപെട്ടും അദ്ദേഹം ജീവിതം മുന്നോട്ടുകൊണ്ടുപോയി.
പ്രായം എൺപത്തിരണ്ടിലെത്തിയപ്പോഴും സംഘടനാപ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാൻ അപ്പച്ചൻ തയ്യാറായിരുന്നില്ല. അവസാന നാളുകളിലും സമരമുഖത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം കർഷകരോടുള്ള പ്രതിബദ്ധതയുടെ അടയാളമായി അവശേഷിക്കും.
അപ്പച്ചൻ നെടുമ്പള്ളിലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി., മാണി സി കാപ്പൻ എം എൽ എ , രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, കേരളാ കോൺഗ്രസ്സ്പാർട്ടി നേതാക്കളായ പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ കെ. അലക്സ്, ജോസുകുട്ടി പൂവേലിൽ, ബൈജു പുതിയിടത്തു ചാലിൽ, സണ്ണി പൊരുന്നക്കോട്ട് , തുടങ്ങിയവർ അനുശോചിച്ചു.
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഏഴാച്ചേരി പള്ളി സെമിത്തേരിയിൽ.
70 12 23 03 34





0 Comments