രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയുടെ കടമെടുപ്പിനെ ധനവകുപ്പ് ശക്തമായി എതിര്‍ത്തിരുന്നതിന്റെ കൂടുതൽ രേഖകൾ പുറത്ത്.
കിഫ്ബിയുടെ അമിതമായ കടമെടുപ്പ് സർക്കാരിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്രകുമാര്‍ അഗര്‍വാളാണ് സർക്കാരിന് ഔദ്യോഗികമായി കുറിപ്പ് കൈമാറിയത്. 2021 ഒക്ടോബര്‍ 25ന് അയച്ച ഈ കുറിപ്പിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഭൂമിയേറ്റെടുക്കല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ കിഫ്ബി കടമെടുപ്പും വീണ്ടും വലിയ ചർച്ചയാവുകയാണ്. സുധാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് കിഫ്ബിയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കനക്കുന്നത്.
കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന് ഭാവിയിൽ വലിയ പ്രശ്നമാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ചൂണ്ടിക്കാണിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് അത് തള്ളിക്കളഞ്ഞെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനവകുപ്പിന്റെ അതൃപ്തി വ്യക്തമാക്കുന്ന പുതിയ രേഖകൾ പുറത്തുവരുന്നത്.
കിഫ്ബിയില്‍ നിന്ന് ധാരാളം കടമെടുക്കുന്നത് സാമ്പത്തികമായി വിവേകപൂര്‍വമായ തീരുമാനമല്ലെന്നാണ് രവീന്ദ്രകുമാര്‍ അഗര്‍വാളിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്.കിഫ്ബിയുടെ നിലവിലെ കടമെടുപ്പ് രീതികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കും.
ചിലവുകള്‍ വെട്ടിക്കുറച്ചില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധികളുണ്ടാകു മെന്നും, വരുന്ന സാമ്പത്തിക വര്‍ഷങ്ങളിലും ഇത് കനത്ത തിരിച്ചടിയാകുമെന്നും കുറിപ്പിൽ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കിഫ്ബിയുടെ സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി കടുത്ത നയപരമായ തീരുമാനമെടുക്കണമെന്നും ധനവകുപ്പ് അന്നേ ആവശ്യപ്പെട്ടിരുന്നു. ഈ രേഖകൾ പുറത്തുവന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
70 12 23 03 34





0 Comments