മരച്ചീനി കർഷക യോഗം 27 ന് വെള്ളിയാഴ്ച:
പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയുടെ ഭാഗമായി സർക്കാർ സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മരച്ചീനി കർഷകരുടെ കൂട്ടായ്മ കസാവ പ്രൊമോഷൻ കൗൺസിൽ എന്ന പേരിൽ രൂപീകരിച്ച് പഠന യാത്രകളും മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണപരിശീലനപരിപാടികളും സംഘടിപ്പിക്കും. പച്ചക്കപ്പയ്ക്കും കപ്പ ഉൽപ്പന്നങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാണ് കപ്പ കർഷകരുടെ കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്.കേന്ദ്ര സർക്കാരിന്റെ കിഴങ്ങു വിള സംസ്കരണ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യാ സഹായത്തോടെ കപ്പ കൊണ്ടുള്ള വിവിധ പലഹാരങ്ങളും സ്റ്റാർച്ച് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും നിർമ്മിച്ച് വിപണിയിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഗുണമേന്മയുള്ള കപ്പത്തണ്ടുകളും വളങ്ങളും യഥാസമയം കർഷകർക്ക് ലഭ്യമാക്കി ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും വിപണിയിടപെടലിലൂടെ ന്യായവില കർഷകർക്ക് ലഭ്യമാക്കുവാനും ലക്ഷ്യമിട്ട് സമഗ്രവും സുസ്ഥിരവുമായ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്.
കൂട്ടായ്മയിൽ അംഗങ്ങളാകുന്ന കർഷകരുമായി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കൊടുക്കൽ വാങ്ങൽ നടത്താനും രൂപതയുടെ ആഭിമുഖ്യത്തിലുള്ള പാലാ സാൻതോം ഫുഡ് ഫാക്ടറിയിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കി "പാലനോവ" ബ്രാന്റിൽ ആഭ്യന്തര, വിദേശവിപണിയിലെത്തിക്കാനുമാണ് ലക്ഷ്യം വെക്കുന്നത്. മരച്ചീനി കർഷക കൂട്ടായ്മയിൽ പങ്കുചേരുന്നവരുടെ സമ്മേളനം ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച രണ്ടിന് പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ നടക്കും.പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കും. രൂപതയുടെ കർഷക മുന്നേറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി കപ്പ കർഷക കൂട്ടായ്മയിൽ അംഗങ്ങളാകാനാഗ്രഹിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9961668240. 9074556721.
70 12 23 03 34


0 Comments