ഭാര്യ അയൽവാസിയോട് സംസാരിച്ചതിലുള്ള വിരോധത്തെ തുടർന്ന് വെട്ടുകത്തിയുമായി എത്തിയ യുവാവ് അയൽവാസിയെ ആക്രമിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വെട്ടുകാടാണ് സംഭവം.
വെട്ടുകാട് സ്വദേശി ജോസ് അലോഷ്യസാണ് അയൽവാസിയായ ഗോഡ്ഫ്രിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ജോസിനെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിനു കൈമാറി.
വെട്ടുകാട് പള്ളിക്ക് സമീപം കടൽത്തീരത്തുനിന്ന ഗോഡ്ഫ്രിയെ ലക്ഷ്യമിട്ടാണ് ജോസ് വെട്ടുകത്തിയുമായി എത്തിയത്. ജോസിന്റെ ഭാര്യയും ഗോഡ്ഫ്രിയും തമ്മിൽ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. വെട്ടുകത്തിയുമായി ജോസ് അടുത്തെത്തുന്നത് കണ്ട് ഗോഡ്ഫ്രി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി ആക്രമിക്കാൻ ശ്രമിച്ചു.
ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയ്ക്കു നേരെയും ജോസ് തിരിഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മണൽ വാരിയെറിഞ്ഞാണ് ഇയാളെ പ്രതിരോധിച്ചത്. കണ്ണിൽ മണൽ വീണ് കാഴ്ച മങ്ങിയതോടെ ജോസിനെ നാട്ടുകാർ കീഴടക്കി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് ജോസിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
70 12 23 03 34


0 Comments