സുനിൽ പാലാ
പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറും ഈരാറ്റുപേട്ട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍. വി. സന്തോഷ് കുമാറും ഒറ്റനോട്ടത്തില്‍ ഒരമ്മപെറ്റ മക്കളാണന്നേ തോന്നൂ. അത്രയ്ക്കും സാമ്യമുണ്ട് ഇരുവരുടെയും ആകാര-മുഖ ഭാവങ്ങള്‍ക്ക്. അടുത്തുപരിചയമില്ലാത്തവര്‍ക്ക് ഇരുവരെയും പലപ്പോഴും തെറ്റിപ്പോയിട്ടുമുണ്ട്.
ചുമട്ടുതൊഴിലാളിയില്‍ നിന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ പടികയറിയ വിജയകഥ സന്തോഷ്‌കുമാറിന് സ്വന്തം. പതിനഞ്ച് വര്‍ഷം മുമ്പുവരെ കുമരകം അട്ടിപ്പീടികയിലെ ചുമട്ടുതൊഴിലാളിയായിരുന്ന യുവാവാണ് പിന്നീട് ഫയര്‍ഫോഴ്‌സിലും റവന്യുവിലും ജോലിക്കാരനായി മാറുകയും ഒടുവില്‍ എക്‌സൈസിലേക്ക് വന്ന് റേഞ്ച് ഇന്‍സ്‌പെക്ടറാകുകയും ചെയ്തത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതമൂലമാണ് കുമരകം ടൗണില്‍ ചുമടെടുക്കാന്‍ സന്തോഷ്‌കുമാര്‍ പോയത്. ഇതിനിടയില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയിരുന്നു. 2011 ലാണ് എക്‌സൈസില്‍ ചേര്‍ന്നത്.
2014 ല്‍ എക്‌സൈസില്‍ ചേര്‍ന്ന പാലാ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍ മുമ്പ് പഞ്ചായത്ത് വകുപ്പിലും പിന്നീട് എക്‌സൈസില്‍ ഗാര്‍ഡായിട്ടും ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലും ജോലി ചെയ്തിരുന്നു. ബിവറേജസ് കോര്‍പ്പറേഷനില്‍ ക്ലര്‍ക്കായി ജോലിയിലിരിക്കെയാണ് വീണ്ടും എക്‌സൈസിലേക്ക് വരികയും റേഞ്ച് ഇന്‍സ്‌പെക്ടറാകുകയും ചെയ്തത്. കൊല്ലം സ്വദേശിയാണ്.
സന്തോഷ്‌കുമാറും കൃഷ്ണകുമാറും എക്‌സൈസിലെ സംഘടനാ രംഗത്തും സജീവമാണ്. കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് ജി. കൃഷ്ണകുമാര്‍. അസോസിയേഷന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാണ് എന്‍.വി. സന്തോഷ് കുമാര്‍. ഇരുവരും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകളിലേയും സെമിനാറുകളിലേയും സ്ഥിരം പ്രഭാഷക സാന്നിദ്ധ്യവുമാണ്.
ഇന്നലെ രാമപുരം മാര്‍ ആഗസ്തിനോസ് കോളേജില്‍ കേരള കൗമുദിയും എക്‌സൈസ് വകുപ്പും നവജീവന്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറില്‍ ഇരുവരും ക്ലാസെടുക്കാന്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം എക്‌സൈസ് സിവില്‍ ഓഫീസര്‍ നിഫി ജേക്കബും ക്ലാസെടുത്തു.
കോട്ടയം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.എന്‍. ശിവപ്രസാദിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കൃഷ്ണകുമാറും സന്തോഷ് കുമാറും ഒരേ വേദിയില്‍ ക്ലാസെടുക്കാനെത്തിയത്.
0 Comments