അനുഗ്രഹപ്പൂമഴ പെയ്തിറങ്ങി, വിശ്വാസിസമൂഹം ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങി അഞ്ചു ദിനം നീണ്ട പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു.





ദൈവാനുഗ്രഹത്തിന്റെ അഞ്ചു ദിനങ്ങള്‍ സമ്മാനിച്ച് രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ആത്മാവിലും വചനത്തിലും ഉണര്‍വുള്ളവരായി വിശ്വാസിസമൂഹം ക്രിസ്മസിനായി ഒരുങ്ങി. 

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ടീമുമാണ് അഞ്ചു ദിനം നീണ്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിച്ചത്. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തിരിതെളിച്ച കണ്‍വെന്‍ഷന്റെ വിവിധ ദിവസങ്ങളില്‍ രൂപതാധ്യക്ഷനും വികാരി ജനറാള്‍മാരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. 

സമാപന ദിനമായ ഇന്നലെ  പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മോണ്‍.ജോസഫ് കണിയോടിയ്ക്കല്‍, ഫാ.മാണി കൊഴുപ്പന്‍കുറ്റി, ഫാ.തോമസ് പേഴുംകാട്ടില്‍, ഫാ.തോമസ് തയ്യില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.


കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച കളക്ഷന്‍ നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്‍വെന്‍ഷന്‍ വേദിയില്‍ ആദരിച്ചു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യക്തിഗതവിഭാഗത്തില്‍ സിസ്റ്റര്‍ ജെയ്സി സി എം സി മുട്ടുചിറ, മോളി ജോസഫ് കുഴിയംപ്ലാവില്‍ പാലാ എന്നിവര്‍ക്കും ഇടവക എ വിഭാഗത്തില്‍ അരുണാപുരം സെന്റ് തോമസ്, മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക്കും ബി വിഭാഗത്തില്‍ സെന്റ് മേരീസ്  മൂഴൂരും കാഞ്ഞിരമറ്റം മാര്‍ സ്ലീവായും സി വിഭാഗത്തില്‍ സെന്റ് തോമസ് കത്തീഡ്രലും സെന്റ് മേരീസ് ഭരണങ്ങാനവും സമ്മാനാര്‍ഹരായി.


ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായിട്ടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന നവംബര്‍ 1 മുതല്‍  ലീജിയന്‍ ഹോമില്‍ ആരംഭിച്ചിരുന്നു. കണ്‍വെന്‍ഷന്റെ മൊബിലൈസേഷന്റെ ഭാഗമായി പാലാ രൂപതയിലെ എല്ലാ  ഇടവക ദൈവാലയങ്ങളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തു.  കണ്‍വെന്‍ഷന്റെ ശുശ്രൂഷകര്‍ക്ക് ഒരുക്കമായിട്ടുള്ള ധ്യാനം സെന്റ് തോമസ് കോളേജ്  ഓഡിറ്റോറിയത്തിലും സിസ്റ്റേഴ്സിനുള്ള ധ്യാനം അല്‍ഫോന്‍സാ കോളേജിലും വച്ച്  നടത്തി. ഡിസംബര്‍ 1 മുതല്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍  ജെറീക്കോ പ്രാര്‍ത്ഥനയും ആരംഭിച്ചിരുന്നു. വിശ്വാസസമൂഹത്തിന് ദൈവവചനം കേള്‍ക്കാനും ദൈവാരാധനയില്‍ പങ്കെടുക്കാനും വേണ്ട വിശാലമായ പന്തലാണ് ക്രമീച്ചത്.  

പബ്ലിസിറ്റി, വോളണ്ടിയര്‍,  മദ്ധ്യസ്ഥപ്രാര്‍ത്ഥന,  കുമ്പസാരം, ഫിനാന്‍സ്, ട്രാഫിക്, ലൈറ്റ് & സൗണ്ട്,  സ്റ്റേജ്, കുടിവെള്ളം, ഫുഡ്, അക്കമൊഡേഷന്‍ തുടങ്ങിയ കമ്മിറ്റികള്‍ സുഗമമായ പ്രവര്‍ത്തനമാണ് നടത്തിയത്.


കണ്‍വെന്‍ഷന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസറ്റിയന്‍ വേത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.കുര്യന്‍ മറ്റം, ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ.മാത്യു പുല്ലുകാലായില്‍, ഫാ.ക്രിസ്റ്റി പന്തലാനിയ്ക്കല്‍, ഫാ.ജോര്‍ജ് വടയാറ്റുകുഴി, സിസ്റ്റര്‍ ആന്‍ ജോസ്,  ജോര്‍ജുകുട്ടി ഞാവളളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, ബാബു തട്ടാംപറമ്പില്‍, സാബു കോഴിക്കോട്ട്, ബാബു തൊമ്മനാമറ്റം, ബിനു വാഴേപറമ്പില്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, ജോണ്‍സണ്‍ തടത്തില്‍ എന്നിവര്‍ ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി.  സുഗമമായ ഗതാഗതക്രമീകരണത്തിന് പാലാ ഡി വൈ എസ് പി എ ജെ തോമസ്, എസ് എച്ച് ഓ കെ.പി.ടോംസണ്‍, എസ് ഐ എം ഡി അഭിലാഷ്, ട്രാഫിക് എസ് ഐ എം സി രാജു, ജോര്‍ജ് പാലക്കാട്ടുകുന്നേല്‍, തോമസ് പാറയില്‍, മാത്തുക്കുട്ടി താന്നിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




തിരസ്‌ക്കരിക്കപ്പെട്ടതിന്റെ പേരില്‍ നിശബ്ദരായിരിക്കരുത്-മാര്‍ കല്ലറങ്ങാട്ട്

ദൈവവചനം കലര്‍പ്പു കൂടാതെ പ്രഘോഷിക്കുന്നിടത്ത് എതിര്‍പ്പുകളുണ്ടാകുമെന്നും എന്നാല്‍ അത്തരം തിരസ്‌ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ദൈവവചനം മുറുകെ പിടിച്ച് വചനം പ്രഘോഷിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘോഷിച്ചു. പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപനദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. 

 


 


 നമ്മുടെ ഹൃദയത്തില്‍ വചനം എഴുതപ്പെടണം.  വചനമായിരിക്കണം നമ്മുടെ ഊര്‍ജവും പ്രകാശവും. ദൈവവചനം സ്വീകരിക്കുകയും അത് പ്രഘോഷിക്കപ്പെടുകയും മറ്റുളളവരെ പോഷിപ്പിക്കുകയും ചെയ്യണം. തിരുവചനത്തിന്റെ വെളിച്ചം മനസിലുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും നമുക്ക് തരണം ചെയ്യാം. പല്ലില്ലാത്ത പശുവിനെ പുല്ലില്ലാത്ത പറമ്പില്‍ കെട്ടുന്നവരാകരുത് നാം. തമോഗുണം വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് നാം വചനത്തെ മുറുകെ പിടിച്ച് നിതാന്ത ജാഗ്രത പാലിക്കണം.
നമ്മുടെ വളര്‍ച്ച ദൈവോത്മുഖമായിരിക്കണം. സ്വത്വാവബോധത്തിലും വചനത്തിലും ദൈവാരാധനയിലും പാരമ്പര്യത്തിന്റെ നന്മയിലുമുള്ള വളര്‍ച്ചയിലുമാണ് നാം അഭിവൃത്തി പ്രാപിക്കേണ്ടത്. സഭ പഠിപ്പിക്കുന്ന ക്രൈസ്തവ ബോധ്യത്തിന് നാം ഒരിക്കലും മുറിവേല്പ്പിക്കരുതെന്നും മുറിവേല്പ്പിക്കുന്നവരോടൊപ്പം കൂട്ടുചേരരുതെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തെ തകര്‍ക്കുന്ന എല്ലാറ്റിനെയും വചനമാകുന്ന വാളുകൊണ്ട് നാം നേരിടണമെന്നും ദൈവവചനം കൊണ്ട് നെയ്തെടുത്ത പുതപ്പുകൊണ്ട് നാം നമ്മെയും സഭയെയും സംരക്ഷിക്കണമെന്നും ബിഷപ്പ് പറഞ്ഞു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments