പഴങ്ങളുടെ കലവറയുമായി മഞ്ചിക്കല്ല് മാമൂട്ടില്‍ ബിജു; തോട്ടത്തില്‍ 200 ലേറെ വരിക്ക പ്ലാവുകളും



ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് മാമൂട്ടില്‍ ബിജുവിന്റെ പുരയിടത്തിലെത്തിയാല്‍ പഴങ്ങളുടെ പറുദീസ കാണാം. 

ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിവിധയിനം പഴവര്‍ഗ്ഗങ്ങള്‍ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്. ഇക്കൂട്ടത്തില്‍ 200 വരിക്ക പ്ലാവുകളാണ് ബിജുവിന്റെ പഴതോട്ടത്തെ സമ്പന്നമാക്കുന്നത്. ഇതില്‍ വിയറ്റ്നാം ഏര്‍ലി, കമ്പോഡിയന്‍, മലേഷ്യന്‍ സീഡ്‌ലെസ്, ഗംല്ലെസ്, തേന്‍വരിക്ക, മുട്ടന്‍ വരിക്ക, ജെ-33, ആയുര്‍ജാക്ക്, ടെന്‍ സൂര്യ ഇങ്ങനെ നീളുന്നു വരിക്ക പ്ലാവിന്റ പട്ടിക.

രണ്ടു മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്നവയാണ് എല്ലാം. പ്ലാവ് കഴിഞ്ഞാല്‍ പിന്നെ വൈവിധ്യമാര്‍ന്ന മറ്റ്പഴങ്ങളുടെയും നീണ്ട നിരയുണ്ട് തോട്ടം നിറയെ. ചുവന്ന് തുടുത്ത് നില്‍ക്കുന്ന റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, അബിയു, സന്തോള്‍, സീതപ്പഴം, മലേഷ്യന്‍ സീതപ്പഴം, ലിച്ചി, അവക്കോട, പാകിസ്ഥാന്‍ മള്‍ബറി, മിറാക്കിള്‍ ഫ്രൂട്ട്, ബറാബ, സപ്പോര്‍ട്ട, മുള്ളാത്ത, ലോങ്ങന്‍, പേര, വിവിധയിനം പപ്പായ, ബമ്പിളി നാരകം, വിവിധ ഇനം മാവുകള്‍ തുടങ്ങി തോട്ടം നിറയെ ഫല വൃക്ഷങ്ങളുണ്ട്.



റബ്ബറിന്റെ വിലയിടിവും മറ്റ് കാര്‍ഷിക മേഖലയിലെ അസ്ഥിരതയുമാണ് പുതിയ കൃഷി രീതിയെപ്പറ്റി ചിന്തികുവാന്‍ കാരണമെന്നു ബിജു പറയുന്നു. ഏറെ വിപണി സാധ്യത ഉള്ളതും മൂന്ന് മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ വിളവ് എടുക്കാന്‍ കഴിയുന്നതുമായ പഴ വര്‍ഗ്ഗങ്ങളുടെ സാധ്യത തിരഞ്ഞെടുക്കുകയായിരുന്നു. പഴങ്ങള്‍ക്ക് വിപണി കണ്ടെത്താനും വലിയ ബുദ്ധിമുട്ടില്ലെന്ന തിരിച്ചറിവും ഈ മേഖല തിരഞ്ഞെടുക്കാന്‍ പ്രേരണയായി. പഴങ്ങള്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ഇനിയുള്ള ജോലി. ഇതിന്റ ആദ്യ പടിയായി പഴങ്ങള്‍ ഉണക്കി സൂക്ഷിക്കാനുള്ള ഡി ഹൈഡ്രേഷന്‍ ഡ്രയര്‍ സംവിധാനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.



മറ്റു സംവിധാനങ്ങളും വൈകാതെ ഒരുക്കും. അതോടെ വിപണി വിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ ഭയക്കേണ്ടതില്ല. പൂര്‍ണ്ണമായി ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി. ഇതോടൊപ്പം ഫാം ടൂറിസം സാധ്യതയും ഉപയോഗപ്പെടുത്തും. ഭാര്യ സിജി, കൃഷിയില്‍ ബി.എസ്.സി യോഗ്യത നേടിയ മകള്‍ എലിസബത്ത്, മകന്‍ ഫെലിക്സ്, പഴയകാല കര്‍ഷകനായ പിതാവ് കുട്ടിയച്ചന്‍, മാതാവ് ഏലിയാമ്മ എന്നിങ്ങനെ കുടുംബത്തിലെ അംഗങ്ങളെല്ലാവരും ബിജുവിന്റെ പഴ തോട്ടം പരിപാലിക്കാന്‍ ഒപ്പമുണ്ട്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments