നാടെങ്ങും അമ്പാടിയായി; മഴയിലും ചോരാത്ത ആവേശവുമായി ശ്രീകൃഷ്ണ ജയന്തി ആഘോഷം; മീനച്ചില്‍ താലൂക്കില്‍ അമ്പതോളം ശോഭായാത്രകള്‍.. മൂന്ന് വീഡിയോകള്‍ ഈ വാര്‍ത്തയോടൊപ്പം.





നാടെങ്ങും അമ്പാടിയായി; മഴയിലും ചോരാത്ത ആവേശത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭായാത്രകളും നടന്നു.


കാര്‍മുകില്‍ വര്‍ണ്ണനായ ശ്രീകൃഷ്ണ ഭഗവാനെ മനസില്‍ പ്രതിഷ്ഠിച്ച് പീലി തിരുമുടി ചൂടി ഓടക്കുഴലേന്തിയ ഉണ്ണിക്കൃഷ്ണന്‍മാര്‍ക്കൊപ്പം ഗോപികമാരും രാധമാരും ഗ്രാമ-നഗര വീഥികളെ അമ്പാടിയാക്കി. 

 വീഡിയോ ഇവിടെ കാണാം👇👇👇

 

ശ്രീകൃഷ്ണലീലകളും ഗോപികാ നൃത്തവുമായി ക്ഷേത്രാങ്കണങ്ങളും ഭക്തിസാന്ദ്രമായി. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ മീനച്ചില്‍ താലൂക്കിലെ അമ്പതോളം സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടന്നു.

 

ശ്രീകൃഷ്ണ സ്മരണകള്‍ ഉണര്‍ത്തി നാടെങ്ങും നടന്ന മഹാശോഭായാത്രകളില്‍ അയ്യായിരത്തോളം കുട്ടികള്‍ ഉണ്ണിക്കണ്ണന്‍മാരും രാധാ-ഗോപികമാരുമായി വീഥികള്‍ കീഴടക്കി. 

 

 

ശോഭായാത്രകളില്‍  ആയിരക്കണക്കിന് ഭക്തരും പങ്കെടുത്തു. ഗോപികാനൃത്തം, ഉറിയടി, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ശോഭായാത്രകള്‍ക്ക് മാറ്റ് കൂട്ടി.

'അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും' എന്ന സന്ദേശമാണ് ഈ വര്‍ഷം ബാലഗോകുലം ശ്രീകൃഷ്ണ ജയന്തിയിലൂടെ സമാജത്തിന് നല്‍കിയത്.



പാലായില്‍ നടന്ന മഹാശോഭായാത്രയില്‍ പത്തോളം സ്ഥലത്ത് നിന്നുള്ള ശോഭായാത്രകള്‍ അണിചേര്‍ന്നു. ഉച്ചകഴിഞ്ഞ് ഉണ്ടായ മഴ മൂലം വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഒഴിവാക്കി. ശോഭായാത്രകള്‍ക്കായി തയ്യാറെടുത്തവര്‍ വെള്ളാപ്പാട് ഭഗവതി ക്ഷേത്രാങ്കണത്തില്‍ സംഗമിച്ച് നഗരത്തിലെത്തി കുരിശുപള്ളി ജംഗ്ഷന്‍ ചുറ്റി മുരിക്കുംപുഴ ദേവീക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി, ഗോപികാനൃത്തം, പാല്‍പ്പായസം വിതരണം എന്നിവ നടന്നു. പാലായിലെ ആഘോഷങ്ങള്‍ക്ക് ഹരിശങ്കര്‍ നിലപ്പന, അരുണ്‍ എം, ടി.ആര്‍. അനന്തകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



ഭരണങ്ങാനം, അളനാട്, കുറിഞ്ഞി, പിഴക്, കൊണ്ടൂര്‍, കുമ്മണ്ണൂര്‍, മുരിക്കുംപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍, ഭാഗവത പാരായണം, പ്രസാദമൂട്ട്, ശ്രീകൃഷ്ണാവതാരപൂജ എന്നിവ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ വൃക്ഷപൂജ, ഗോപൂജ, നദീവന്ദനം എന്നിവയും നടന്നു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments