ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഒക്ടോബര്‍ 31 വരെ സന്ദര്‍ശിക്കാം



ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകരുടെ ബാഹുല്യം കണക്കിലെടുത്തു ഒക്ടോബര്‍ 31 വരെ നീട്ടിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 

സ്‌കൂള്‍ കുട്ടികളും വിദേശികളും അടക്കമുള്ള വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്നത്. ഓണം പ്രമാണിച്ചു ഓഗസ്റ്റ് 31 വരെ ആണ് ഡാം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിരുന്നത്. 12 ദിവസം കൊണ്ട് 3000 കുട്ടികള്‍ അടക്കം 15,000 പേരാണ് എത്തിയത്. ജനങ്ങളുടെ താല്‍പ്പര്യവും അനുകൂല കാലാവസ്ഥയും പരിഗണിച്ച് ഡാം സന്ദര്‍ശനം രണ്ടു മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.



രാവിലെ 9.30 മുതല്‍ മുതല്‍ വൈകുന്നേരം 5.00 വരെയാണു സന്ദര്‍ശന സമയം. എന്നാല്‍ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാന്‍ അവസരം ഉണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. വലിയ യാത്രാ സംഘത്തിനായി കെ.എസ്.ഇ.ബി ടെമ്പോ ട്രാവലറും ലഭ്യമാക്കിയിട്ടുണ്ട്.



ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇടുക്കി ഡാമിലെ ജലാശയങ്ങളിലൂടെ വനം വകുപ്പ് ഒരുക്കിയിട്ടുള്ള ബോട്ട് യാത്രക്ക് പുറമെ സമീപത്തുള്ള ഹില്‍ വ്യൂ പാര്‍ക്ക്, കാല്‍വരി മൌണ്ട് വ്യൂ പോയിന്റ് തുടങ്ങിയ കാഴ്ചകളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments