ആന വണ്ടി നഷ്ടത്തിലോ...? ആരു പറഞ്ഞു, പാലാ ഡിപ്പോയിലേക്ക് വരൂ റിക്കാര്‍ഡ് കളക്ഷന്‍ കാണാം. നിശ്ചയിച്ചിരുന്നതിലും ടാര്‍ഗറ്റും കടന്ന് ലക്ഷങ്ങളുടെ കളക്ഷന്‍ വര്‍ദ്ധനവാണ് പാലാ ഡിപ്പോയ്ക്കുണ്ടായത്.
ഓണാവധി കഴിഞ്ഞ് ആഗസ്റ്റ് 4 ന് പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്ത 75 ഷെഡ്യൂള്‍കളില്‍ നിന്നായി 19,81,319 രൂപയാണ് നേടിയത്.
പാലാ ഡിപ്പോയ്ക്ക് നിശ്ചയിച്ചിരുന്ന ടാര്‍ഗററ് 12,09,600 രൂപയായിരുന്നു; ഏഴ് ലക്ഷത്തില്‍പരം രൂപയുടെ വര്‍ദ്ധനവ്. മുമ്പ് പാലാ ഡിപ്പോ നേടിയ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ 16 ലക്ഷമായിരുന്നു.
ഓണ്‍ലൈന്‍ സീറ്റ് റിസര്‍വേഷന്‍ ഉള്ളതിനാല്‍ വളരെ നേരത്തെ മുഴുവന്‍ സീറ്റുകളും യാത്രക്കാര്‍ മുന്‍കൂറായി ബുക്ക് ചെയ്താണ് യാത്ര ചെയ്യുന്നത്. ഡിപ്പോയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും വലിയ വരുമാനം നേടികൊടുത്തു.
സ്ഥിര സര്‍വീസ്‌കള്‍ കൂടാതെ അഡിഷണല്‍ സര്‍വീസ്‌കള്‍ കൂടി ക്രമീകരിച്ചാണ് പാലാ ഡിപ്പോ ഈ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്. ദീര്‍ഘദൂര യാത്രക്കാരുടെ അവധിക്കാല യാത്രയ്ക്ക് തടസ്സം വരാത്ത വിധം സര്‍വ്വീസുകള്‍ മുടക്കം വരാതെ നടത്തുവാന്‍ ഡിപ്പോ അധികൃതര്‍ക്ക് കഴിഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സൂപ്പര്‍ ക്ലാസ്സ് സര്‍വ്വീസുകള്‍ ഉള്ള ഡിപ്പോ കൂടിയാണ് പാലാ. പുലര്‍ച്ചെ 3 മണിമുതല്‍ അര്‍ദ്ധരാത്രി 12 മണി വരെ തൃശൂര്‍ ഭാഗത്തേക്കും പുലര്‍ച്ചെ 4 മണി മുതല്‍ രാത്രി 11 മണിവരെ തിരുവനതപുരം ഭാഗത്തേക്കും പാലാ ഡിപ്പോയില്‍ നിന്നും തുടര്‍ച്ചയായി ബസ് സര്‍വീസ്‌കള്‍ ഇപ്പോള്‍ ഉണ്ട്. കൃത്യമായ ഷെഡ്യൂള്‍ ഓപ്പറേറ്റിംഗ് ആണ് പാലാ ഡിപ്പോയുടെ റിക്കാര്‍ഡ് നേട്ടത്തിന് കാരണം.
പാലാ ഡിപ്പോ അധികൃതര്‍ക്ക് അഭിനന്ദനം
നിശ്ചയിച്ച ടാര്‍ഗറ്റും കടന്ന് റിക്കാര്‍ഡ് കളക്ഷന്‍ നേടിയ കെ.എസ്.ആര്‍.ടി.സി. പാലാ ഡിപ്പോ അധികാരികളുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനം മാതൃകാപരമാണ്. ഈ മാതൃക മറ്റുഡിപ്പോകളും അനുകരിച്ചാല്‍ കെ.എസ്.ആര്‍.ടി.സി.യെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ കഴിയും. ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ പേരില്‍ പാലാ ഡിപ്പോയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു.
ജയ്‌സണ്‍ മാന്തോട്ടം, ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍




0 Comments