വൈകല്യങ്ങള്‍ കരുത്താക്കി പ്രമോദ്; മരങ്ങാട്ടുപിള്ളി മുന്നില്‍



വൈകല്യങ്ങള്‍ കരുത്താക്കി പ്രമോദിന്റെ കൂടി നിരന്തര പരിശ്രമത്തില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മുന്നില്‍.


ഒട്ടേറെ ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും ജനസേവനത്തിന്റെ നൂതന പാതകള്‍ വെട്ടി തുറക്കുകയാണ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി.എ. പ്രമോദ്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍  ബാധിച്ച പേശികള്‍ ശോഷിക്കുന്ന  അസുഖത്തെ തുടര്‍ന്ന് ശരീരത്തിന് 70 ശതമാനം വൈകല്യം ബാധിച്ചു. തുടര്‍ന്ന് കൈകാലുകള്‍ക്ക് ശോഷിപ്പ് ബാധിക്കുകയും നടക്കുന്നതിന് പോലും ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തു. മനസ്സ് പതറാതെ ശാരീരികബുദ്ധിമുട്ടുകളെ സധൈര്യം നേരിട്ട പ്രമോദ് മികച്ച നിലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡി. സി. എ യും കരസ്ഥമാക്കി.

29-ാം വയസ്സില്‍ 2012 ല്‍ സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിച്ച പ്രമോദിന് ആദ്യം ജലസേചന വകുപ്പിലായിരുന്നു ജോലി. പിന്നീട് പഞ്ചായത്ത് വകുപ്പില്‍ ക്ലര്‍ക്ക് നിയമനം ലഭിച്ച പ്രമോദ് 10 വര്‍ഷമായി ഈ വകുപ്പില്‍ തുടരുന്നു.

നിലവില്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തില്‍ സീനിയര്‍ ക്ലര്‍ക്കായ പ്രമോദിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ സമീപകാലനേട്ടങ്ങള്‍ക്ക് ഏറെ സഹായകരമായി. ഇ-ഗവേണ്‍സിന്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത്, 2021-2022 വര്‍ഷം സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പഞ്ചായത്ത് എന്നിങ്ങനെ സംസ്ഥാനതലത്തില്‍ മരങ്ങാട്ടുപിള്ളി ശ്രദ്ധേയമായപ്പോള്‍ പ്രമോദിന്റെ പ്രവര്‍ത്തനങ്ങളും അങ്ങേയറ്റം പ്രകീര്‍ത്തിക്കപ്പെട്ടു.

ആധുനിക കാലഘട്ടത്തിന്റെ മുഖമുദ്രയായ ഓണ്‍ലൈന്‍ സേവനങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഓഫീസ് സമയം കഴിഞ്ഞുള്ള പൊതു അവധി ദിവസങ്ങളിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രമോദ് മറ്റു ജീവനക്കാര്‍ക്ക് മാതൃകയാണ്. പൊതുജനങ്ങളോട് ഏറ്റവും മാന്യമായി ഇടപെടുന്ന പ്രമോദിന് സര്‍വീസ് കാര്യങ്ങളില്‍ അതീവ ഗ്രാഹ്യമുണ്ട്. പഞ്ചായത്തുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ സംശയനിവാരണത്തിന്  ജില്ലയ്ക്ക് പുറത്തുനിന്നു പോലും നിരവധി ആളുകള്‍ പ്രമോദിനെ വിളിക്കാറുണ്ട്.


 

ഇരിക്കുന്നതിനും നടക്കുന്നതിനും ഒക്കെ ഏറെ ബുദ്ധിമുട്ടുകളുള്ള പ്രമോദിന് ബസ്സില്‍ കയറി യാത്ര ചെയ്യാനാവാത്തതിനാല്‍ ഓട്ടോമാറ്റിക് കാറില്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ എത്തുന്നത്. കാറില്‍ നിന്നും ഇരിപ്പിടത്തിലേക്ക് എത്തുന്നതിന് കൈത്താങ്ങായി മറ്റു സഹപ്രവര്‍ത്തകര്‍ സന്തോഷപൂര്‍വ്വം പ്രമോദിന് തുണയാവുന്നു. അച്ഛന്‍ പി. ജി പങ്കജാക്ഷന്‍ നായര്‍, അമ്മ എം. സുശീലമ്മ എന്നിവര്‍ക്കൊപ്പം പാലായ്ക്ക് സമീപത്തുള്ള വള്ളിച്ചിറ എന്ന സ്ഥലത്താണ് പ്രമോദിന്റെ താമസം.

'അവശതകളെ മറന്നുകൊണ്ട് ഒരു ദിവസം പോലും അവധി എടുക്കാതെ രാത്രി ഏറെ വൈകിയും ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന പ്രമോദിന്റെ ആത്മാര്‍ത്ഥസേവനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ലെന്ന് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ പറഞ്ഞു.ശാരീരിക പരാധീനതകളെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം മറികടക്കുകയും സദ്ഭരണതത്ത്വങ്ങള്‍ മുറുകെപ്പിടിക്കുകയും ചെയ്തുകൊണ്ട് അങ്ങേയറ്റം കാര്യക്ഷമതയുള്ള പൊതുസേവകന്‍ എന്ന നിലയില്‍ സിവില്‍ സര്‍വീസിന് പ്രമോദ് എന്നും പ്രചോദനമാണെന്ന് സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമളും ചൂണ്ടിക്കാട്ടി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments