സുനിൽ പാലാ
മൂന്നരപതിറ്റാണ്ട് പിന്നിട്ട നടനവൈഭവത്തിന് നാടിന്റെ ആദരവ്. കഴിഞ്ഞ 36 കൊല്ലത്തിനിടെ ആയിരക്കണക്കിന് നൃത്തകലാകാരികളെ സൃഷ്ടിച്ച പ്രമുഖ നര്‍ത്തകിയും നൃത്താദ്ധ്യാപികയുമായ ആര്‍.എല്‍.വി. പുഷ്പ രാജുവിനെ ഇന്ന് വൈകിട്ട് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുന്ന സമ്മേളനം ആദരിക്കും.
തൃപ്പൂണിത്തറ ആര്‍.എല്‍.വി. സംഗീത-നൃത്ത അക്കാദമിയില്‍ നിന്ന് ഭരതനാട്യത്തില്‍ ഫസ്റ്റ് ക്ലാസോടെ പോസ്റ്റ് ഡിപ്ലോമാ കോഴ്‌സ് കഴിഞ്ഞ് നൃത്ത അദ്ധ്യാപന രംഗത്തേക്ക് കടന്നതാണ് പുഷ്പാ രാജു.
പാസായതിന്റെ പിറ്റേന്ന് മുതല്‍ വിദേശികളെ നൃത്തം പഠിപ്പിക്കുന്ന ആറന്‍മുള വിജ്ഞാന കലാവേദിയിലെ അദ്ധ്യാപികയായി. ഇവിടെ നിന്നും നൂറുകണക്കിന് വിദേശ വനിതകള്‍ക്ക് നര്‍ത്തന ഭാവങ്ങളും ചുവടുകളും പുഷ്പ പരിശീലിപ്പിച്ചു.
മൂന്ന് പതിറ്റാണ്ടുമുമ്പ് പാലായില്‍ രാഗമാലിക നൃത്ത സംഗീത വിദ്യാലയം ആരംഭിച്ചപ്പോള്‍ മുതല്‍ അതിന്റെ ജീവനാഡിയായി നൃത്തമേഖലയെ നയിക്കുന്നത് ഈ കലാകാരിയാണ്. തുടര്‍ന്ന് സ്‌കൂള്‍, കോളേജ് യുവജനോത്സവങ്ങളിലും മറ്റ് വേദികളിലുമായി ആയിരക്കണക്കിന് നര്‍ത്തകികളെ നൃത്തവേദിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പുഷ്പാ രാജുവിന് കഴിഞ്ഞു. നൃത്തരംഗത്തെ മികവുള്‍ മുന്‍നിര്‍ത്തി ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്, ഇന്ദിരാജി ദേശീയ സാംസ്‌കാരിക സംഘ് പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍ ഈ നൃത്തപരിശീലകയെ തേടിയെത്തിയിട്ടുണ്ട്.
പാലാ ഏഴാച്ചേരി തുമ്പയില്‍ കുടുംബാംഗവും ആറന്‍മുള വിജ്ഞാന കലാവേദിയിലെ മുന്‍ അദ്ധ്യാപകനുമായ രാജുവാണ് പുഷ്പയുടെ ഭര്‍ത്താവ്. ഏക മകന്‍ അഭിജിത്ത് രാജു (ഉണ്ണി) ലണ്ടനിലാണ്. ഇന്ന് വൈകിട്ട് 6.30ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരം മിയ ആര്‍.എല്‍.വി. പുഷ്പാ രാജുവിനെ പൊന്നാട അണിയിച്ചാദരിക്കും. ഡോ. രാജു ഡി. കൃഷ്ണപുരം സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും.
സമ്മേളനത്തിന് ശേഷം പുഷ്പാ രാജുവിന്റെ ശിഷ്യകൂടിയായ മുന്‍ പാലാ നഗരസഭാ ചെയര്‍പേഴ്‌സണും റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപികയുമായ ഡോ. സെലിന്‍ റോയിയുടെ ഭരതനാട്യക്കച്ചേരി അരങ്ങേറും.



0 Comments