പാലാ നഗരവീഥിയിലെമ്പാടും മദ്യപാനികളുടെ ശല്യം രൂക്ഷമാകുന്നു. ഫുട്പാത്തുകളിലും ബസ് കാത്തിരുപ്പുകേന്ദ്രങ്ങളും ബസ് സ്റ്റാന്റിലുമെല്ലാം കുടിച്ച് ലക്കുകെട്ട് വീണുകിടക്കുന്ന മദ്യപരെ കാണാം. ഇത് നഗരത്തിന് തന്നെ നാണക്കേടാണെങ്കിലും അധികാരികള്‍ ''കണ്ടമട്ടില്ല''.






കഴിഞ്ഞ നാലുദിവസത്തിനിടെ പാലാ ടൗണ്‍ ബസ് സ്റ്റാന്റ്, റിവര്‍വ്യൂ റോഡിലെ ഫുട്പാത്ത്, ജനറല്‍ ആശുപത്രി ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡ്, സ്റ്റേഡിയം ജംഗ്ഷനിലെ വിശാലമായ വെയ്റ്റിംഗ് ഷെഡ് എന്നിവിടങ്ങളിലൊക്കെ പൂസായി വീണുകിടക്കുന്ന മദ്യപരെ കാണാമായിരുന്നു.



കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട സമയത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ബസ് കാത്തുനില്‍ക്കുന്ന സ്റ്റേഡിയം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡ്ഡില്‍ റോഡിനോട് ചേര്‍ന്ന് ഒരു അതിഥി തൊഴിലാളി വീണുകിടക്കുന്നുണ്ടായിരുന്നു. വെയ്റ്റിംഗ് ഷെഡ്ഡില്‍ നിന്നും ബസിലേക്ക് കയറാനിറങ്ങുന്നവര്‍ ഇയാളെ ചവിട്ടി ചവിട്ടിയില്ല എന്നമട്ടില്‍ ചാടിക്കടക്കുകയായിരുന്നു. ഇതുകണ്ടുകൊണ്ടാണ് ഒരു വനിതാ മുനിസിപ്പല്‍ കൗണ്‍സിലര്‍ അതുവഴി വന്നത്.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുംവിധം മദ്യപാനി കിടക്കുന്നതുകണ്ട് ഈ കൗണ്‍സിലര്‍ മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോമിനെ വിവരമറിയിച്ചു. എന്നാല്‍ ഒരു മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടതൊഴിച്ചാല്‍ ഒരു തുടര്‍നടപടിയും മുനിസിപ്പല്‍ അധികാരികള്‍ സ്വീകരിച്ചില്ല.

ഒടുവില്‍ വനിതാ കൗണ്‍സിലര്‍ പാലാ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അഞ്ചുമിനിട്ടിനുള്ളില്‍ പോലീസ് സ്ഥലത്തെത്തി അതിഥിത്തൊഴിലാളിയായ മദ്യപനെ അവിടെ നിന്നും എഴുന്നേല്‍പ്പിച്ചുവിട്ടു.

ഇതേ രീതിയില്‍ പലഭാഗത്തും മദ്യപശല്യം രൂക്ഷമാണ്. ഇതുസംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ വിഷയം വരികയും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ ഉറപ്പുനല്‍കുകയും ചെയ്‌തെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.



ഇതുസംബന്ധിച്ച് പ്രതികരിക്കാനില്ല - സെക്രട്ടറി

പാലാ: ടൗണില്‍ മദ്യപാനികള്‍ വീണുകിടക്കുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പാലാ മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം പറഞ്ഞു. ഇതെല്ലാം പരിഹരിക്കേണ്ടത് ഭരണാധികാരികളുടെ നടപടിയാണെന്നും അവരെ വിളിച്ചാല്‍ മതിയെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments