ഭൂപതിവ് ബില്‍ പ്രയോജനം ചെയ്യില്ല; കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്


ഭൂപതിവ് നിയമത്തില്‍ നിയമസഭ സബ്ജറ്റ് കമ്മിറ്റി കാതലായ യാതൊരു വ്യത്യാസവും വരുത്താന്‍ തയ്യാറായില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. 

സബ്ജറ്റ് കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ ബില്ലിന്റെ വ്യവസ്ഥകള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ബില്ലിലെ വ്യവസ്ഥകളില്‍ ഭേദഗതി ആവശ്യമില്ലെന്നുള്ള നിലപാട് ഇടതുപക്ഷ എം.എല്‍.എമാര്‍ സ്വീകരിച്ചു. 

എന്നാല്‍ പട്ടയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലെ തടസം ഒഴിവാക്കുന്ന നടപടി ആവശ്യമാണെന്ന് കാണിച്ച് പ്രതിപക്ഷ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ വിയോജന കുറിപ്പ് എഴുതിയിട്ടുണ്ട്. 14ന് നിയമസഭ ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ബില്ലിന് അടിസ്ഥാനപരമായി യാതൊരു വ്യത്യാസവും വരുത്താന്‍ ഇടതുപക്ഷം തയ്യാറാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

സബ്ജറ്റ് കമ്മിറ്റിയില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട് മൂലം പട്ടയഭൂമിയില്‍ നിബന്ധനകളില്ലാതെ നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഭൂപതിവു നിയമം കൊണ്ട് യാതൊരുവിധ പ്രയോജനവും ലഭിക്കില്ലെന്നതും വ്യക്തമാണ്. 

ഉപാധിരഹിതമായി പട്ടയഭൂമി ഉപയോഗിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യാത്തതും ഭാവിയില്‍ നല്‍കുന്ന പട്ടയങ്ങളില്‍ കൃഷിയും ഭവന നിര്‍മ്മാണവും ഒഴികെ മറ്റൊന്നും ചെയ്യാന്‍ അനുവദിക്കാത്തതും എന്തുകൊണ്ടാണെന്ന് എല്‍.ഡി.എഫ് മറുപടി പറയണം. ഉപാധിരഹിതമായി പട്ടയഭൂമി ഉപയോഗിക്കാന്‍ അനുവദിക്കുകയും ഇതിനോടകം നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ വ്യവസ്ഥകളില്ലാതെ ക്രമവത്കരിക്കുകയും ചെയ്യുന്നതിനുള്ള പി.ജെ. ജോസഫ് എം.എല്‍.എയുടെ ഭേദഗതിയെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയ്യാറാണോ. 


 

പട്ടയഭൂമി ഉപാധിരഹിതമാക്കി ഉപയോഗിക്കാന്‍ തടസ്സം നില്‍ക്കുന്ന ഇടതുപക്ഷ നയം തിരുത്താന്‍ തയ്യാറാകണം. നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ബില്ല് ജില്ലയിലെ നിര്‍മ്മാണ നിരോധനം പൂര്‍ണ്ണമായും ഒഴിവാകുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും ജേക്കബ് പറഞ്ഞു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments