പൂഞ്ഞാര്‍ നിയമസഭാനിയോജകമണ്ഡലത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന മാലിന്യമുക്തം നവകേരളം ക്ലീന്‍ പൂഞ്ഞാര്‍ ഗ്രീന്‍ പൂഞ്ഞാര്‍ കാമ്പയിന്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ഡിസംബര്‍ 31നു നിയോജക മണ്ഡലം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കാനുള്ള കര്‍മ്മ പരിപാടി അവതരിപ്പിച്ചു. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന ശുചിത്വമുള്ള പൂഞ്ഞാറാണ് കാമ്പയിന്റെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധ സംഘടനകള്‍, മറ്റ് മത-സാമുദായിക-സാമൂഹിക പ്രസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ ഒരു മനസായി കാമ്പയിന്‍ ഏറ്റെടുക്കണമെന്നും എം.എല്‍.എ പറഞ്ഞു. ഒക്ടോബര്‍ ഏഴിനകം മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ജനകീയ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. വാര്‍ഡ്തലത്തിലും 2550 വീടുകള്‍ ചേര്‍ന്ന് ക്ലസ്റ്റര്‍തലത്തിലും പദ്ധതി നടത്തിപ്പ് ഊര്‍ജ്ജിതമാക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മുഴുവന്‍ സ്ഥാപനങ്ങളിലും വീടുകളിലും ജൈവമാലിന്യങ്ങളുടെ ഉറവിട മാലിന്യസംസ്‌കരണം നടക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണം. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതില്‍ കൃത്യത ഉറപ്പാക്കണം. പൊതുനിരത്തുകള്‍, ജലാശയങ്ങള്‍, ഓഫീസുകള്‍ മാലിന്യ മുക്തമാക്കണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ടിന്റെ 10 ശതമാനത്തിനൊപ്പം ശുചിത്വമിഷന്‍, കെ.എസ്.ഡബ്ല്യു.എം.പി ഫണ്ടുകള്‍ എന്നിവ ഫലപ്രദമായി ഉപയോഗിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ശ്രീകല അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ ആമുഖ പ്രസംഗം നടത്തി. ജില്ലാ കാമ്പയിന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീശങ്കര്‍ വിഷയാവതരണം നിര്‍വഹിച്ചു. മണ്ഡലതലത്തില്‍ എം.എല്‍.എ. അധ്യക്ഷനായും ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ, നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മണ്ഡലത്തിലെ ജില്ലാ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ഉപാധ്യക്ഷന്മാരായും മണ്ഡലതല ഏകോപനസമിതി രൂപീകരിക്കാനും തീരുമാനിച്ചു.
പരിപാടിയില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ജി. അനീസ്, മറ്റ് ജനപ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം, പഞ്ചായത്ത് സെക്രട്ടറിമാര്‍, വി.ഇ.ഒമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കില, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.



0 Comments