കടനാട് പഞ്ചായത്ത് മെമ്പര്‍ മുഖ്യമന്ത്രിയെ ആക്ഷേപിച്ചെന്ന് ഡി.വൈ.എഫ്.ഐയും പ്രതിപക്ഷ മെമ്പര്‍മാരും ..... പരാതിയുമായി വനിതാ പഞ്ചായത്തംഗവും
കടനാട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. അംഗം ജ്യോതിലക്ഷ്മി മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയും പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന തദ്ദേശകം എന്ന മാസിക കീറിയെറിയുകയും ചെയ്തതായി പഞ്ചായത്തിലെ പ്രതിപക്ഷമായ ഇടതുമുന്നണി മെമ്പര്‍മാരും ഡി.വൈ.എഫ്.ഐ.യും കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ജ്യോതിലക്ഷ്മി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ.യുടെ പേരില്‍ പോസ്റ്ററുകളും വ്യാപകമായി ഒട്ടിച്ചു. പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ അറിയിപ്പുകള്‍ കമ്മറ്റിയില്‍ കീറിയെറിഞ്ഞ് മുഖ്യമന്ത്രിയെ ആക്ഷേപിച്ച പഞ്ചായത്ത് മെമ്പര്‍ ജ്യോതിലക്ഷ്മി മാപ്പ് പറയുക എന്നാണ് പോസ്റ്ററുകളിലുള്ളത്. ഡി.വൈ.എഫ്.ഐ. കടനാട് മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രചരിച്ചിട്ടുള്ളത്.
ഇതേ സമയം തനിക്കെതിരെ പ്രതിപക്ഷത്തെ ചില മെമ്പര്‍മാര്‍ കുപ്രചരണം അഴിച്ചുവിടുകയാണെന്നും പഞ്ചായത്ത് കമ്മറ്റിയില്‍ വനിത എന്ന പരിഗണന പോലും നല്‍കാതെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് ജ്യോതിലക്ഷ്മി കുറ്റപ്പെടുത്തുന്നു. മോശം ഭാഷ ഉപയോഗിച്ച് തന്നെ തേജോവധം ചെയ്യാനാണ് ചില മെമ്പര്‍മാര്‍ ശ്രമിച്ചതെന്ന് ജ്യോതിലക്ഷ്മി പറയുന്നു. ഇതുസംബന്ധിച്ച് പ്രതിപക്ഷത്തെ മെമ്പര്‍ സോമനെതിരെ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജ്യോതിലക്ഷ്മി പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാടീ, പോടീ വിളികളും വാഗ്വാദങ്ങളും ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ബഹളമുയര്‍ത്തിയ പല മെമ്പര്‍മാരും തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പിന്നീട് വിശദീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി പറഞ്ഞു. എന്നാലത് ശരിയല്ല. മാത്രമല്ല തദ്ദേശകം മാസിക തനിക്ക് വേണ്ട എന്ന് പറഞ്ഞതല്ലാതെ ജ്യോതിലക്ഷ്മി അത് കീറിക്കളയുകയോ ആരെയെങ്കിലും ആക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിക്കുന്നു.


0 Comments