കാലാവസ്ഥയുടെ മാറ്റമാണ് ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രമുഖ ഭൂഗര്‍ഭജല ശാസ്ത്രജ്ഞനും റിമോട്ട് സെന്‍സിംഗ് വിശകലനത്തിലെ പ്രമുഖനും കാരിത്താസ് ഇന്ത്യയുടെ ക്ലൈമറ്റ് വിഭാഗത്തിന്റെ മേധാവിയുമായ ഡോ. വി.ആര്‍. ഹരിദാസ് പറഞ്ഞു.
പാലായില്‍ കാരിത്താസ് ഇന്ത്യ ദേശീയ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. വി.ആര്‍. ഹരിദാസ്. ആര്‍ച്ച് ബിഷപ് റവ. ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര, ബിഷപ്പുമാരായ മാര്‍ ഡോ. ജോസ് പുളിക്കല്‍, മാര്‍ ഡോ. ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ നയിക്കുന്ന കാരിത്താസ് ഇന്ത്യ ദേശീയ അസംബ്ലിയില്‍ പങ്കെടുക്കുന്ന ഏക അക്രൈസ്തവനാണ് ഡോ. ഹരിദാസ്.
കാലാവസ്ഥാ വ്യതിയാനം ആശങ്കാകുലമാണെന്ന് മീനച്ചില്‍ ആറിന്റെ തീരത്തിരുന്ന് ഡോ. ഹരിദാസ് പറഞ്ഞ് നിര്‍ത്തവേ ഇടിയും മഴയും ഒന്നിച്ചെത്തി. ഇത്തരം കാലാവസ്ഥാ മാറ്റങ്ങള്‍ ലോകത്തിന്റെ തന്നെ ഭക്ഷ്യോത്പാദനത്തെയും കുടിവെള്ളത്തെയും ജീവിത സാഹചര്യങ്ങളെയുമെല്ലാം മാറ്റിമറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതിയുടെ ഭംഗിയായ സംരക്ഷണം ജീവിതത്തിന്റെ നിലനില്പ്പിന് അത്യന്താപേക്ഷിതമാണെന്ന് ഭാരതീയ ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ ആവര്‍ത്തിച്ച് ഉദ്‌ഘോഷിച്ചിട്ടുണ്ട്.
ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ചാക്രിക ലേഖനങ്ങളിലും പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്തമായ സംസ്‌കാരത്തെക്കുറിച്ചാണ് ആവര്‍ത്തിച്ച് പറയുന്നതെന്നും റോമില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുള്ള ഡോ. വി.ആര്‍. ഹരിദാസ് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യസ്‌നേഹ സംഘടനയായ കാരിത്താസ് സംഘടനയുടെ പ്രധാന വകുപ്പിന്റെ അമരത്തിരുന്നുകൊണ്ട് 25-ഓളം രാഷ്ട്രങ്ങളില്‍ കാലാവസ്ഥയെക്കുറിച്ച് ക്ലാസുകളെടുക്കാനും മനുഷ്യ സേവന മേഖലയില്‍ പങ്കെടുക്കാനും ഡോ. വി.ആര്‍. ഹരിദാസിന് കഴിഞ്ഞിട്ടുണ്ട്. യു.എന്നിലെ സമ്മേളനം ഇതിലേറ്റവും പ്രധാനപ്പെട്ടതാണ്. 2015 ല്‍ നേപ്പാളില്‍ ഡോ. ഹരിദാസ് ഒരു ക്ലാസെടുക്കാന്‍ പോയ അവസരത്തിലാണ് അവിടെ വലിയ നാലഞ്ച് ഭൂകമ്പങ്ങള്‍ ഉണ്ടായത്. ക്ലാസുകള്‍ ഒഴിവാക്കി ഒരു മാസത്തോളം കാരിത്താസ് ഇന്ത്യയുടെ നേപ്പാളിലെ സേവന പദ്ധതിയില്‍ ഡോ. ഹരിദാസും പങ്കാളിയായി.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി വരിക്കോട്ടില്‍ ഡോ. വി.കെ. രാമന്റെയും ദേവകി ടീച്ചറിന്റെയും മകനാണ് ഡോ. വി.ആര്‍. ഹരിദാസ്. അച്ഛന്‍ ഡോ. വി.കെ. രാമന്‍ പൈങ്കണ്ണൂര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു. നാട്ടകം ഗവ. കോളേജില്‍ നിന്നും ജിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം തിരുച്ചിറപ്പള്ളി സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എം.ടെക്കും പി.എച്ച്.ഡിയും കഴിഞ്ഞ ഡോ. ഹരിദാസ് കഴിഞ്ഞ 24 വര്‍ഷമായി കാരിത്താസ് ഇന്ത്യയുടെ കാലാവസ്ഥാ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഇതിന്റെ മേധാവിയുമാണ്.
പ്രമുഖ ഭൗമശാസ്ത്രജ്ഞനും അടുത്ത സുഹൃത്തുമായ ഡോ. ബി. അജയകുമാര്‍ (ജിയോളജി ഡയറക്‌ടേറ്റില്‍ ജിയോളജിസ്റ്റ്) ഉള്‍പ്പെടെ നിരവധി ശാസ്ത്രജ്ഞന്‍മാരുടെ സഹകരണത്തോടെ ഇപ്പോഴും പുതിയ പുതിയ പഠനങ്ങള്‍ നടത്തുകയാണ് ഡോ. വി.ആര്‍. ഹരിദാസ്. ഭാര്യ സ്മിത ടി.സി.എസില്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയറാണ്. മകന്‍ ആദര്‍ശ് രാജഗിരി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.





0 Comments