ബജറ്റ് നിരാശാജനകം; ടോക്കൺ തുക അനുവദിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: മാണി സി കാപ്പൻ



പാലായെ സംബന്ധിച്ചു ബജറ്റ് നിരാശാജനകമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഏതാനും പദ്ധതികൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതാകട്ടെ ആകെ 15 കോടി മാത്രവും. ബാക്കിയെല്ലാം ടോക്കൺ തുക മാത്രമേ വകയിരുത്തിയിട്ടുള്ളൂ. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ലോക്സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ളതുമാണെന്ന് എം എൽ എ കുറ്റപ്പെടുത്തി. 
മുൻകാലങ്ങളിലും ടോക്കൺ തുക വകയിരുത്തിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാത്തതായി ഉണ്ടെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാണിച്ചു. താൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം അക്കാലത്തെ ബജറ്റിൽ ഒട്ടേറെ പദ്ധതികൾക്കു ആവശ്യമായ തുക അനുവദിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് എം എൽ എ വ്യക്തമാക്കി.
ചെറിയാൻ ജെ കാപ്പൻ സ്മാരക നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി നിയമസഭയിലടക്കം സമ്മർദ്ദം ചെലുത്തിയിരുന്നു. മുഖ്യമന്ത്രിയെയും ധനമന്ത്രിയും പലതവണ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നതായും എം എൽ എ ചൂണ്ടിക്കാട്ടി. മൂന്നിലവ് ചകണിയാംതടം പാലത്തിന് 4 കോടിയും മുത്തോലി ഇടയാറ്റു ഗണപതി ക്ഷേത്രം റോഡിൽ പാലത്തിന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. അരുണാപുരത്ത് ചെക്ക്ഡാം നിർമ്മിക്കാൻ മൂന്ന് കോടി വകയിരുത്തിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. റബ്ബർ കർഷകരെ പൂർണ്ണമായും വഞ്ചിച്ച ബജറ്റാണ്. 250 രൂപ കുറഞ്ഞത് കർഷകർക്കു ലഭ്യമാക്കേണ്ടതാണ്. പകരം 10 രൂപ അനുവദിച്ചു കർഷകരെ അവഹേളിക്കുകയാണ് ചെയ്തതെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments