രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാതൃക - മന്ത്രി ശിവന്‍കുട്ടി.... രണ്ട് സഹപാഠികള്‍ക്ക് വീടൊരുക്കി എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍.



പാവപ്പെട്ട രണ്ട് കുട്ടികളുടെ കുടുംബത്തിന് വീട് വച്ചുനല്‍കിയ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 

വീട് നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കാന്‍ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ സോപ്പുണ്ടാക്കി വില്പന നടത്തിപ്പോലും പണം ശേഖരിച്ചു. ഒപ്പം കട്ടചുമക്കാനും സിമന്റ് കുഴയ്ക്കാനുമൊക്കെ വിദ്യാര്‍ത്ഥികള്‍ സഹകരിച്ചു. ഇതിന് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ കെ. അലക്സ്, ഫാ. ജോമോന്‍ മാത്യു പറമ്പിത്തടത്തില്‍ തുടങ്ങിയവരെ മന്ത്രി ശിവന്‍കുട്ടി അനുമോദിച്ചു.

സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് പാവപ്പെട്ട സഹപാഠികള്‍ക്കായി നിര്‍മ്മിച്ച രണ്ട് വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 



എന്‍.എസ്.എസ്. വോളണ്ടിയര്‍ ലീഡര്‍മാരായ അലന്‍ സിബി, റോഷന്‍ ജോര്‍ജ്ജ്, ഹര്‍ഷിമ സന്തോഷ്, ദേവിക എന്‍. ബിജു എന്നിവര്‍ പ്രസംഗിച്ചു.  സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരെയും പ്രിന്‍സിപ്പല്‍, പ്രോഗ്രാം ഓഫീസര്‍ എന്നിവരെയും സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അഭിനന്ദിച്ചു.

സംസ്ഥാന തലത്തില്‍ ആകെ 11 വീടുകളുടെ സമര്‍പ്പണമാണ് നടന്നത്. ഇതില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ട് വീടുകളും പൂര്‍ത്തിയാക്കിയത് രാമപുരം സ്‌കൂളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ മാത്രമാണ്.  

500 സ്‌ക്വയര്‍ഫീറ്റും 530 സ്‌ക്വയര്‍ഫീറ്റും വിസ്തീര്‍ണ്ണമുള്ള എല്ലാ സൗകര്യങ്ങളോടുംകൂടിയ വീടുകള്‍ ഇരുപത് ലക്ഷത്തോളം രൂപാ മുടക്കിയാണ് പണികഴിപ്പിച്ചത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments