പ്രകൃതി പഠനക്യാമ്പ് ആസ്വദിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ കുട്ടികള്‍



പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ജൈവ വൈവിധ്യം ആസ്വദിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നേച്ചര്‍ ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍. 

പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന് പ്രകൃതിപഠന ക്യാമ്പില്‍ 37 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടെയായിരുന്നു വനത്തിനുള്ളിലെ ഈ ക്യാമ്പ്. ആദ്യദിനം കാട് സന്ദര്‍ശിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി-വനസൗന്ദര്യം ആവോളം ആസ്വദിക്കാനായി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സഫിയ ക്ലാസെടുത്തു. ഏത് സ്ഥലത്തും നട്ട് പരിപാലിക്കാവുന്ന വിവിധതരം ഔഷധ സസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച നോട്ടും തയ്യാറാക്കി. മൂന്ന് കിലോമീറ്ററോളം കാട്ടിനുള്ളിലൂടെ നടന്ന് പക്ഷിനിരീക്ഷണവുമുണ്ടായിരുന്നു. 

ഉള്‍വനത്തിലെ ട്രക്കിംഗും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി. ഏഷ്യയിലെ ഏറ്റവും വലിയ തേക്കുകളിലൊന്നായ കന്നിമാറത്തേക്ക് കണ്ട വിദ്യാര്‍ത്ഥികള്‍ വാലി വ്യൂപോയിന്റ്, ട്രൈബല്‍ ഹെറിറ്റേജ് സെന്റര്‍, ആനപ്പാടി ഇക്കോ ഷോപ്പ് എന്നിവയും സന്ദര്‍ശിച്ചു. മൂന്ന് ദിവസങ്ങളിലായി 53 കിലോമീറ്ററോളം കാടിനുള്ളിലൂടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സഞ്ചരിച്ചു. ആദിവാസി വിഭാഗങ്ങളെയും പരിചയപ്പെട്ടു.


നേച്ചര്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ മെല്‍വിന്‍ കെ. അലക്‌സ്, റവ. ഫാ. ബോബി മാത്യു എന്നിവരാണ് വിദ്യാര്‍ത്ഥികളെ നയിച്ചത്. മടങ്ങി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ പറമ്പിക്കുളം യാത്രയെക്കുറിച്ചുള്ള വലിയ ഡയറി തയ്യാറാക്കുന്ന തിരക്കിലാണിപ്പോള്‍.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments