''തിങ്കള്‍ ചൂഢപ്രിയേ ശങ്കരി, നിന്‍കൃപയെങ്കല്‍ അംഗുരിച്ചീടേണം അംബികേ...'' ഇന്നലെ സന്ധ്യയ്ക്ക് കെഴുവംകുളം ചെറുവള്ളിക്കാവിലമ്മയും മഹാദേവനും മഹാവിഷ്ണുവും ഒപ്പം നൂറുകണക്കിന് ഭക്തരും മനംനിറയെ കേട്ടത് ശ്രീനന്ദയുടെ സോപാന സംഗീതമാണ്. ഭഗവത് സ്തുതികളാല്‍ നിറഞ്ഞ ത്രിശക്തി ദേവ സംഗമസ്ഥാനത്തെത്തിയവര്‍ ഭക്തി ലഹരിയിലാറാടി. ആറാട്ടുത്സവത്തിന് മുന്നേ മറ്റൊരാറാട്ട്.
വീഡിയോ ഇവിടെ കാണാം👇👇👇
കുമാരനെല്ലൂര്‍ ദേവിവിലാസം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീനന്ദ ഇത് രണ്ടാം തവണയാണ് കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തില്‍ സോപാന സംഗീതം ആലപിക്കുന്നത്. എത്തിച്ചേര്‍ന്ന ഭക്തരെ കീര്‍ത്തനത്തിന്റെ സംഗീത വഴികളിലൂടെ ഒപ്പം കൊണ്ടുപോകാന്‍ ഈ മിടുക്കിക്കായി.
കുമാരനെല്ലൂര്‍ ഇളയിടത്തില്ലത്ത് തന്ത്രി ശങ്കരന്‍ നമ്പൂതിരിയുടെയും കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്‌കൂളിലെ മലയാളം അധ്യാപിക പത്മജാ ശങ്കറിന്റെയും ഇളയ മകളാണ് ശ്രീനന്ദ. സഹോദരന്‍ അഭിജിത്ത് കൃഷ്ണന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ചെണ്ടവാദ്യ കലാകാരനുമാണ്.
വൈക്കം കലാപീഠത്തിലെ വെച്ചൂര്‍ രാജേഷിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രീനന്ദ സോപാന സംഗീതം അഭ്യസിച്ച് വരികയാണ്. സോപാന സംഗീതത്തിന് പുറമെ അഷ്ടപദി, കഥകളി സംഗീതം, ഭരതനാട്യം എന്നിവയിലും ഈ കൗമാരക്കാരി കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈ ജനുവരിയില്‍ കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അഷ്ടപദി, കഥകളിസംഗീതം, ഒപ്പന, എന്നിവയില്‍ എ ഗ്രേഡ് നേടിയിരുന്നു. പ്രസിദ്ധ നര്‍ത്തകരായ നീലമന സിസ്റ്റേഴ്‌സിലെ ഡോ. ദ്രൗപദി പ്രവീണാണ് ശ്രീനന്ദയുടെ ഭരതനാട്യ ഗുരു. കാലാനിലയം രാജീവനാണ് കഥകളി സംഗീതം പഠിപ്പിക്കുന്നത്.
ഇന്നലെ വൈകിട്ട് മികച്ച രീതിയില്‍ സോപാനസംഗീതം ആലപിച്ച ശ്രീനന്ദയെ ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രം ഭാരവാഹികളായ പി.ജി. ജഗന്നിവാസന്‍, ജയകൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ അഭിനന്ദിച്ചു. പുരസ്‌കാരങ്ങളും നല്‍കി.
0 Comments