സുനില്‍ പാലാ
പാലാ - രാമപുരം മെയിന്‍ റോഡില്‍ ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിന് സമീപം റോഡരുകില്‍ ഉണങ്ങി നിന്ന കൂറ്റന്‍ ആഞ്ഞിലിമരം ഇന്നലെ വെട്ടിമറിച്ചു. രാവിലെ 11 മണിയോടെ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മരം മുറിച്ചത്.
ഇടിവെട്ടേറ്റ് ഉണങ്ങിനില്‍ക്കുന്ന മരം സൃഷ്ടിക്കുന്ന അപകടഭീതിയെക്കുറിച്ച് പത്രവാര്‍ത്തയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പാലാ ആര്‍.ഡി.ഒ. കെ.പി. ദീപ സ്ഥലം സന്ദര്‍ശിക്കുകയും അപകടം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മരം എത്രയുംവേഗം മുറിച്ച് നീക്കാന്‍ പി.ഡബ്ല്യു.ഡി. അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍ തങ്ങളുടെ ലൈന്‍ അഴിച്ചുമാറ്റുന്നതിന് കെ.എസ്.ഇ.ബി. അധികൃതര്‍ വന്‍തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മരംവെട്ട് വീണ്ടും നീണ്ടുപോയി. ഇത് സംബന്ധിച്ചും മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തു. ഈ വിഷയം പാലാ ആര്‍.ഡി.ഒ. കോട്ടയം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തുകയും അടിയന്തിര ദുരന്തനിവാരണ പദ്ധതിയില്‍പ്പെടുത്തി കെ.എസ്.ഇ.ബി.യില്‍ പൈസ അടയ്ക്കാതെ തന്നെ മരം മുറിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെ മരംവെട്ട് തൊഴിലാളികളും ജെ.സി.ബിയുമായി പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കെ.എസ്.ഇ.ബി. ജീവനക്കാരെത്തി ഇതിന് സമീപത്തെ വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റുകയും ചെയ്തു. തുടര്‍ന്ന് ചുവടുമുറിച്ച കൂറ്റന്‍ മരം ജെ.സി.ബി. കൊണ്ട് തള്ളിമറിക്കുകയായിരുന്നു.
''കേരള കൗമുദി''ക്ക് നന്ദി
അപകടകരമായി നിലയില്‍ നിന്ന കൂറ്റന്‍ മരം അദ്ധ്യയന വര്‍ഷത്തിന് ദിവസങ്ങള്‍ക്ക് മുന്നേതന്നെ മുറിച്ചുമാറ്റുന്നതിനായി നിരന്തരം വാര്‍ത്തകളെഴുതിയ കേരള കൗമുദിയെ നന്ദി അറിയിക്കുന്നതായി ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂള്‍ മാനേജര്‍ ആര്‍. ജയചന്ദ്രന്‍ നായര്‍ വരകപ്പള്ളില്‍ പറഞ്ഞു. മുമ്പ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ശ്രമങ്ങള്‍ നടത്തിയിട്ടും നടക്കാത്ത കാര്യം തുടര്‍വാര്‍ത്തകളിലൂടെ കേരള കൗമുദി ബന്ധപ്പെട്ട അധികാരികളുടെ സജീവ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നുവെന്നും ജയചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി.
.jpeg)
.jpeg)


0 Comments