വിടാതെ മോഷ്ടാക്കള്‍, ഭയം മാറാതെ നാട്... ഏഴാച്ചേരിയില്‍ ഇത്തവണ കള്ളന്‍ കയറിയത് ആളൊഴിഞ്ഞ വീട്ടില്‍



സുനില്‍ പാലാ

ഒന്നരമാസത്തിനിടെ ഏഴാച്ചേരിയില്‍ വീണ്ടും മോഷണം. ഇത്തവണ അടച്ചിട്ടിരുന്ന ആളൊഴിഞ്ഞ വീടിന്റെ മുന്‍വശത്തെ കതക് തകര്‍ത്ത് ഉള്ളില്‍ കയറിയ മോഷ്ടാവ് ഇരുപതിനായിരത്തോളം രൂപയും അരപ്പവനോളം സ്വര്‍ണ്ണവും സിസിടിവി ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ചു.

 

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഏഴാച്ചേരി ആശ്രമം ഭാഗത്ത് ആനപ്പാറയില്‍ രാജമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. ബന്ധുവീട്ടില്‍ പോയിരുന്ന രാജമ്മ തിങ്കളാഴ്ച രാവിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മുന്‍വശത്തെ കതകിന്റെ ലോക്ക് തകര്‍ത്ത് ഉള്ളില്‍ കയറിയ മോഷ്ടാവ് വീട്ടിലുള്ള അലമാരികളെല്ലാം വാരിവലിച്ച് തപ്പിയിട്ടുണ്ട്. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് സഹിതം കൊണ്ടുപോയി. വീട്ടിലെ മേശവലിപ്പിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപയും അരപ്പവനോളം സ്വര്‍ണ്ണവും കാണാതായിട്ടുണ്ട്. 


ഞായറാഴ്ച പുലര്‍ച്ചെ 1.59 ന് മുഖംമൂടിയണിഞ്ഞ് പാന്റും ബനിയനും ധരിച്ച ഒരാള്‍ വീട്ടുമുറ്റത്തേക്ക് വരുന്നത് സിസിടിവിയിലുണ്ട്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയതോടെ പിന്നീടുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഭര്‍ത്താവ് റിട്ടയേര്‍ഡ് അധ്യാപകന്‍ മാധവന്‍ മരിച്ചതോടെ രാജമ്മ ഒറ്റയ്ക്കാണ് ഇവിടെ താമസം. മക്കളിലൊരാള്‍ വിദേശത്തും ഒരാള്‍ പാലായിലുമാണ് താമസിക്കുന്നത്. രാമപുരം പോലീസെത്തി തെളിവുകള്‍ ശേഖരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പോലീസിന്റെ രാത്രികാല പരിശോധന വേണം.

ഏഴാച്ചേരിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുകയാണ്. മുപ്പതിനായിരം രൂപയുടെ സ്പോട്സ് സൈക്കില്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കഴിഞ്ഞ ഏപ്രിലില്‍ മോഷണം പോയിരുന്നു. ഒരു കാര്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് വാഹനങ്ങള്‍ മോഷ്ടിക്കാനും ശ്രമം നടന്നു.

ഏഴാച്ചേരി ഗാന്ധിപുരം ഭാഗത്ത് പുളിയാനിപ്പുഴയില്‍ ജിതിന്റെ മുപ്പതിനായിരം രൂപാ വിലയുള്ള സ്പോര്‍ട്സ് സൈക്കിളാണ് അന്ന് മോഷണം പോയത്. മെയിന്‍ റോഡിനോട് ചേര്‍ന്നാണ് ജിതിന്റെ വീട്. ഇവിടെ മുറ്റത്ത് വച്ചിരുന്ന സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്. 



ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിനും കുരിശുപള്ളിക്കും ഇടയിലുള്ള ഭാഗത്താണ് വ്യാപകമായ മോഷണവും മോഷണ ശ്രമങ്ങളും അന്ന് നടന്നത്. ചെട്ടിയാകുന്നേല്‍ ജോബിയുടെ കാര്‍ മോഷ്ടിക്കാനുള്ള ശ്രമം വീട്ടുകാര്‍ ഉണര്‍ന്നതോടെ വിഫലമാവുകയായിരുന്നു. കളരിക്കല്‍ ഹരിയുടെ ബൈക്ക് വീട്ടുമുറ്റത്തുനിന്നിറക്കി റോഡില്‍ കൊണ്ടുവന്നു. ഈ സമയം ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കള്ളന്‍മാര്‍ കടന്നുകളയുകയായിരുന്നു. ചേലയ്ക്കല്‍ ഹരികൃഷ്ണന്റെ ആക്ടിവ സ്‌കൂട്ടറും മോഷ്ടിക്കാന്‍ ശ്രമം നടന്നു. സ്‌കൂട്ടറിന്റെ ബാറ്ററി ഭാഗം ഊരിമാറ്റിയ നിലയിലായിരുന്നു.

ഏഴാച്ചേരി, ഗാന്ധിപുരം, ജി.വി. യു.പി. സ്‌കൂള്‍, ആശ്രമം ഭാഗങ്ങളില്‍ മോഷണവും മോഷണ ശ്രമങ്ങളും തകൃതിയായ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ രാമപുരം പോലീസിന്റെ പട്രോളിംഗ് ഊര്‍ജ്ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ജനങ്ങള്‍.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments