ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലൻ്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൻ്റെ സീസൺ 2 ഗ്രാൻ്റ് ഫിനാലേയ്ക്ക് പാലാ സെൻ്റ് തോമസ് കോളജ് ഇൻ്റഗ്രേറ്റഡ് സ്പോർട്ട്സ് കോംപ്ലെക്സ് ഓഡിറ്റോറിയത്തിൽ തുടക്കമായി.
ഇതിൻ്റെ ഭാഗമായി ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ സീനിയർ - ജൂനിയർ വിഭാഗങ്ങളിലെ മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രസംഗപരിശീലന പരിപാടി ഓർമ്മ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ ഉദ്ഘാടനം ചെയ്തു. ടാലൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് അധ്യക്ഷത വഹിച്ചു. ഫാ ജോസ് തറപ്പേൽ മുഖ്യ പ്രഭാഷണം നടത്തി. ടാലൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഫിനാൻഷ്യൽ ഓഫീസർ സജി സെബാസ്റ്റൻ, പ്രസംഗ പരിശീലകരായ പ്രൊഫ ടോമി ചെറിയാൻ, ജോർജ് കരുണയ്ക്കൽ, ബെന്നി കുര്യൻ, സോയി തോമസ് എന്നിവർ പ്രസംഗിച്ചു.
നാളെ (13/07/2024) രാവിലെ മുതൽ ഉച്ചവരെ ഫൈനൽ മത്സരങ്ങൾ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഗ്രാൻഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡോ ടെസ്സി തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.കേന്ദ്ര സാംസ്ക്കാരികമന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്രതാരം മിയ ജോർജ് വിജയികളെ പ്രഖ്യാപിക്കും. മെൻ്റലിസ്റ്റ് നിപിൻ നിരവത്ത് സ്പെഷ്യൽ ഗസ്റ്റ് പെർഫോമൻസ് നടത്തും.
ജൂനിയർ - സീനിയർ വിഭാഗങ്ങളിലായി ഇംഗ്ലീഷ് - മലയാളം ഭാഷകളിൽ നടക്കുന്ന മത്സരത്തിൽ 60 പേരാണ് ഗ്രാൻ്റ് ഫിനാലെയിൽ മത്സരിക്കുന്നത്. ഓവറോൾ ചാമ്പ്യന് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ് സമ്മാനിക്കും. എല്ലാ വിഭാഗങ്ങളിലുമായി പത്തുലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ വിതരണം ചെയ്യും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments