സ്‌നേഹദീപം മൂന്ന് വീടുകളുടെ താക്കോല്‍ സമര്‍പ്പണം ഞായറാഴ്ച (14.07.2024, ഞായര്‍)
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള മൂന്ന് സ്‌നേഹവീടുകളുടെ നിര്‍മ്മാണം കൊഴുവനാല്‍, അകലക്കുന്നം, മുത്തോലി പഞ്ചായത്തുകളിലായി പൂര്‍ത്തിയായിരിക്കുകയാണ്. സ്‌നേഹദീപത്തിലെ 36,37, 38 വീടുകളുടെ നിര്‍മ്മാണം ആണ് ഇപ്പോള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത്. കൊഴുവനാല്‍ പഞ്ചായത്തില്‍ മേവടയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മുപ്പത്തിയാറാം സ്‌നേഹവീട് കൊഴുവനാല്‍ പഞ്ചായത്തിലെ പതിനേഴാം സ്‌നേഹഭവനമാണ്. അകലക്കുന്നം പഞ്ചായത്തിലെ നെല്ലിക്കുന്നില്‍ പൂര്‍ത്തിയായ മുപ്പത്തിയേഴാം സ്‌നേഹവീട് അകലക്കുന്നം പഞ്ചായത്തിലെ രണ്ടാം സ്‌നേഹഭവനമാണ്. മുത്തോലി പഞ്ചായത്തിലെ മീനച്ചിലില്‍ നിര്‍മ്മിച്ച മുപ്പത്തിയെട്ടാം സ്‌നേഹവീട് മുത്തോലി പഞ്ചായത്തിലെ ഒന്‍പതാം സ്‌നേഹഭവനമാണ്.
മുപ്പത്തിയാറാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം ഞായറാഴ്ച(14.07.2024, ഞായര്‍) രാവിലെ 9.15 ന് മേവട ആയില്യംകുന്നില്‍ മാണി സി.കാപ്പന്‍ എം.എല്‍.എ.യും മുപ്പത്തിയേഴാം സ്‌നേഹവീടിന്റെത് അകലക്കുന്നം പഞ്ചായത്തിലെ നെല്ലിക്കുന്നില്‍ രാവിലെ 11.00ന് അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യും മുപ്പത്തിയെട്ടാം സ്‌നേഹവീടിന്റെത് ഉച്ചക്കഴിഞ്ഞ് 2.00ന് മുത്തോലി പഞ്ചായത്തിലെ മീനച്ചിലില്‍ ലോകസഞ്ചാരിയും പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയും നിര്‍വ്വഹിക്കുന്നതാണ്.
മുപ്പത്തിയാറാം സ്‌നേഹവീട് നിര്‍മ്മാണത്തിനുള്ള നാലുലക്ഷം രൂപ ഡോ. ദിവാകരന്‍ വാക്കപ്പുലവും മുപ്പത്തിയേഴാം സ്‌നേഹവീട് നിര്‍മ്മാണത്തിനുള്ള നാലുലക്ഷം രൂപ കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ അധികാരികള്‍ നല്‍കിയതും മുപ്പത്തിയെട്ടാം സ്‌നേഹവീടിന്റെ നിര്‍മ്മാണത്തിനുള്ള നാലുലക്ഷം രൂപ സന്തോഷ് ജോര്‍ജ് കുളങ്ങര നേതൃത്വം നല്‍കുന്ന സഫാരി ചാനലുമാണ് നല്‍കിയത്. പാലാ കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പുരയിടം രണ്ട് വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സൗജന്യമായി നല്‍കിയ എട്ടുസെന്റ് സ്ഥലത്താണ് മുപ്പത്തിയെട്ടാം സ്‌നേഹവീട് നിര്‍മ്മിച്ചത്.
സ്‌നേഹദീപത്തിലെ എല്ലാ വീടുകളുടെയും തറയുടെ നിര്‍മ്മാണം ഗുണഭോക്താക്കളുടെ ഉത്തരവാദിത്വത്തിലും ചെലവിലുമാണ് നടത്താറുള്ളത്. എന്നാല്‍ മുപ്പത്തിയേഴാം സ്‌നേഹവീടിന്റെ തറയുടെ നിര്‍മ്മാണം കെഴുവംകുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ 1990 എസ്.എസ്.എല്‍.സി. ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിലും മുപ്പത്തിയെട്ടാം വീടിന്റെ തറയുടെ നിര്‍മ്മാണവും വീട് നിര്‍മ്മാണത്തിന് അനിവാര്യമായി വന്ന ഓടയുടെ നിര്‍മ്മാണവും പ്രൊഫ. കെ.റ്റി. ഫിലിപ്പ് കഴുത്തുവീട്ടില്‍, വെള്ളിയേപ്പള്ളി സ്‌നേഹദീപം ട്രസ്റ്റിന് നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് നടത്തിയത്.
സ്‌നേഹദീപത്തിലെ മുപ്പത്തിയൊമ്പതുമുതല്‍ നാല്പ്പത്തിമൂന്ന് വരെയുള്ള വീടുകളുടെ നിര്‍മ്മാണം കൊഴുവനാല്‍ പഞ്ചായത്തിലെ മലയിരുത്തിഭാഗത്ത് ശ്രീ. എ.ജെ.ജോസഫ് അമ്പഴത്തിനാലും ശ്രീ. എം.എ. എബ്രാഹം മുണ്ടുപാലയ്ക്കലും ചേര്‍ന്ന് നല്‍കിയ 95 സെന്റ് സ്ഥലത്ത് പൂര്‍ത്തിയായി വരികയാണ്. ഈ വീടുകളുടെ താക്കോല്‍ സമര്‍പ്പണം ഓഗസ്റ്റ് പകുതിയോടുകൂടെ നടത്തപ്പെടുന്നതാണ്.
നാല്പ്പത്തിനാലാം വീടിന്റെ നിര്‍മ്മാണം കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളത്ത് ആരംഭിച്ചിരിക്കുകയാണ്. കൊഴുവനാല്‍ പഞ്ചായത്തില്‍ 23 വീടുകളുടെയും മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളില്‍ ഒന്‍പത് വീടുകള്‍ വീതവും അകലക്കുന്നം പഞ്ചായത്തില്‍ 2 വീടും എലിക്കുളം പഞ്ചായത്തില്‍ ഒരു വീടിന്റെയും നിര്‍മ്മാണമാണ് സ്‌നേഹദീപത്തില്‍ ഇതിനോടകം ഏറ്റെടുത്തത്. 1000 രൂപ പ്രതിമാസം നല്‍കുന്ന ആളുകളുടെ കൂട്ടായ്മയാല്‍ രൂപം കൊണ്ട സ്‌നേഹദീപത്തില്‍ ഇന്ന് ആയിരത്തിഇരുന്നൂറില്‍പ്പരം സുമനസ്സുകള്‍ കണ്ണികളായിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ പുതുതായി ആറ് വീടുകളുടെകൂടെ നിര്‍മ്മാണം ഏറ്റെടുത്ത് 2024 ഡിസംബറോടെ അമ്പത് സ്‌നേഹവീട് എന്ന ലക്ഷ്യത്തിലേക്ക് സ്‌നേഹദീപം പദ്ധതി കടക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments