തൊടുപുഴ-പാലാ റോഡിലെ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. അടൂരില്‍നിന്ന് റബ്ബര്‍ തടിയുമായി പാലക്കാട്ടേക്ക് പോവുകയായിരുന്ന ‘ഭഗവാന്‍’ എന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 7.20-ഓടെയായിരുന്നു അപകടം ഉണ്ടായത്. ലോറി ഡ്രൈവറും ഉടമയുമായ പാലക്കാട് പല്ലന്‍ചാത്തന്നൂര്‍ പൂളക്കല്‍പറമ്പ് വീട്ടില്‍ ജിതിന് (27) അപകടത്തില്‍ പരിക്കേറ്റു. നിയന്ത്രണംവിട്ട ലോറി റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. ലോറിയില്‍ മറ്റ് യാത്രക്കാര്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ ആഘാതം കുറച്ചു.
പരിക്കേറ്റ ജിതിനെ തൊടുപുഴ അഗ്‌നിരക്ഷാസേനയുടെ വാഹനത്തില്‍ തന്നെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മറിഞ്ഞ ലോറിയുടെ എന്‍ജിന്‍ ഭാഗത്തുനിന്ന് ഓയില്‍ ലീക്കായി റോഡില്‍ പരന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞെത്തിയ തൊടുപുഴ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ റോഡില്‍ ഉടന്‍തന്നെ മരപ്പൊടി വിതറി വഴുക്കല്‍ ഒഴിവാക്കി. ഇതോടെ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി. റോഡിന്റെ വശത്തേക്കാണ് ലോറി മറിഞ്ഞതെന്നതിനാല്‍ ഗതാഗതതടസ്സം ഉണ്ടായില്ല. കരിങ്കുന്നം പോലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
അപകടക്കെണിയായി നെല്ലാപ്പാറ വളവ്
സ്ഥിരമായി വാഹനാപകടങ്ങള്‍ സംഭവിക്കുന്ന മേഖലയാണിത്. റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണവും കൊടുംവളവുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ മാസങ്ങളിലും സമാനമായ രീതിയില്‍ ഇവിടെ വാഹനങ്ങള്‍ മറിഞ്ഞിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡിലെ തിരിവ് കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.



0 Comments