ഭരണങ്ങാനം ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. 19-ന് രാവിലെ 11.15-ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. 11.30ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നല്കും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30, 6.45, 8.30, 11.30, ഉച്ചകഴിഞ്ഞ് 2.30, 4, 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
11.30 നുള്ള വിശുദ്ധ കുർബാന വിവിധ ബിഷപ്പുമാരുടെ കാർമ്മികത്വത്തിൽ ആയിരിക്കും. പത്തു ദിവസം നീണ്ടുനില്ക്കുന്ന തിരുനാളിൻറെ എല്ലാ ദിവസവും വൈകുന്നേരം 6.15ന് ആയിരങ്ങൾ പങ്കെടുക്കുന്ന ആഘോഷമായ ജപമാല മെഴുകുതിരി പ്രദക്ഷിണവും നടത്തപ്പെടുന്നു. തീർത്ഥാടനകേന്ദ്രത്തിൽനിന്നാരംഭിച്ച് ഇടവകപ്പള്ളി ചുറ്റി ഗ്രൌണ്ടിൽകൂടി തിരിച്ച് കബറിടപ്പള്ളിയിലെത്തുന്ന ജപമാല പ്രദക്ഷിണം അനുഗ്രഹത്തിൻറെ അവസരമാണ്.
ജൂലൈ 19-ാം തീയതി വൈകുന്നേരം 6.15-ന് ജപമാല പ്രദക്ഷിണത്തിന് നേതൃത്വം നൽകുന്നത് പാലാ രൂപതാ എസ്.എം.വൈ.എം. അംഗങ്ങളായിരിക്കും.
തിരുനാളിന് ഒരുക്കമായി വിവിധ ഇടവകകളിൽനിന്നായി ധാരാളം തീർത്ഥാടകർ എത്തിത്തുടങ്ങി. ഭക്തസംഘടനാംഗങ്ങളും കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുവാനായി എത്തുന്നു. തീർത്ഥാടകർക്കായി സൌകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. വിശാലമായ പാർക്കിംഗാണ് ഒരുക്കിയിരിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കാനും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനുമെത്തുന്നവർക്ക് വിപുലമായ സൌകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപ്പറന്പിൽ അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments