കെഴുവംകുളം ക്ഷേത്രത്തിലെ നാലമ്പലത്തില്‍ കതിര്‍വീശി, ഭക്തര്‍ക്ക് കണിയാകും.



സുനില്‍ പാലാ

കെഴുവംകുളം ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളില്‍ കൊയ്യാന്‍ പാകമായി വിളഞ്ഞ് നെല്‍ക്കതിരുകള്‍. ത്രിശക്തി സംഗമ ക്ഷേത്രമായ കെഴുവംകുളം ചെറുവള്ളികാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിലെ ദേവിയുടെയും ദേവന്റെയും ശ്രീകോവിലുകള്‍ക്കിടയിലാണ് പത്തോളം ചുവട് നെല്ലുകള്‍ കതിര്‍ചൂടി നില്‍ക്കുന്നത്. 
 
 
ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണ സമയത്ത് വിരിച്ച ഉരുളന്‍ കല്ലുകള്‍ക്കിടയില്‍ ഉതിര്‍ന്നു വീണ നെല്‍മണികളാണിപ്പോള്‍ കതിര്‍വീശി ഭക്തര്‍ക്ക് അനുഗ്രഹ കാഴ്ചയായി പച്ചപ്പണിഞ്ഞ് നില്‍ക്കുന്നത്. ദേവിക്കും ദേവനും നിത്യദാനമായുള്ള നിവേദ്യത്തിന്റെ അരികഴുകുന്ന വെള്ളം മാത്രം വളമായി സ്വീകരിച്ചാണ് ഈ നെല്‍ക്കതിരുകള്‍ പൂത്തുവിടര്‍ന്ന് നില്‍ക്കുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതില്‍ നിന്ന് കിട്ടുന്ന നെല്‍മണികള്‍ പറിച്ചുകൂട്ടിപൂജക്ക് ആവശ്യമായ അക്ഷതമായും, ഗണപതിഹോമത്തിന് വേണ്ടതായ വിത്തായും ഉപയോഗിക്കുന്നതായി ക്ഷേത്രം മേല്‍ശാന്തി കെഴുവംകുളം ജയകൃഷ്ണന്‍ നമ്പൂതിരി  പറഞ്ഞു.


ഈ പവിത്രനെല്ലുകള്‍ കൊത്തിയടര്‍ത്താന്‍ പക്ഷികള്‍ പോലും തയ്യാറല്ല!

ക്ഷേത്രത്തിനുള്ളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഈ നെല്‍ക്കതിരുകളില്‍ നിന്ന് അരിമണികളുതുര്‍ത്താന്‍ പക്ഷികള്‍ പോലും തയ്യാറല്ല. കാക്കകളും പ്രാവുകളും മറ്റും സദാസമയം ക്ഷേത്രത്തിലുണ്ടെങ്കിലും ഇവയൊന്നുംതന്നെ ഈ നെല്‍ക്കതിരുകള്‍ കൊത്തിത്തിന്നുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.


 
ഇവിടെ മാളികപ്പുറത്തമ്മയ്ക്ക് ധാന്യപ്പറ പ്രധാന വഴിപാട്

ഇവിടെ വാഴുന്ന മാളിക പുറത്തമ്മയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ ധാന്യപ്പറയില്‍ നെല്ലാണ് പ്രധാന വിഭവം. ഒരുപാട് ഭക്തജനങ്ങള്‍ ഇവിടെ ധാന്യപ്പറ  വഴിപാട് നടത്താറുണ്ട്. മാളികപുറത്തമ്മക്കു ഈ വഴിപാട് അര്‍പ്പിക്കുന്നത് കാര്‍ഷിക അഭിവൃദ്ധി ഉണ്ടാകുമെന്നാണ് സങ്കല്‍പം.
 
മുന്‍ വര്‍ഷങ്ങളില്‍ ക്ഷേത്ര മൈതാനത്തും കൂടാതെ മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരിയുടെ സ്ഥലത്തും നെല്‍കൃഷി നടത്തുകയും ഒരു വര്‍ഷത്തേക്ക് ഉണക്കലരി ഇവിടെനിന്നും നിവേദ്യത്തിന് മാത്രമായി ലഭിക്കുകയും ചെയ്തിട്ടുണ്ട്.


 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments