പാലാ വലിയപാലത്തിന് സമീപം പഴയ റിവര്‍വ്യൂ റോഡില്‍ അപകടഭീതി ഒഴിയുന്നില്ല...



സുനില്‍ പാലാ

രണ്ട് തവണ മൂന്ന് വീപ്പ നിരത്തി, അതില്‍ പ്ലാസ്റ്റിക് വള്ളിയും വലിച്ചുകെട്ടി. പൊതുമരാമത്ത് വകുപ്പിന്റെ ''വീപ്പ പ്രയോഗം'' ഇന്നലെ മൂന്നാംവട്ടവും ആവര്‍ത്തിച്ചു.


പാലാ വലിയപാലത്തിന് സമീപം നിലവില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന റിവര്‍വ്യൂ റോഡിനോട് ചേര്‍ന്നുള്ള പഴയ റിവര്‍വ്യൂ റോഡിന്റെ അടിഭാഗം കല്ലുകളിടിഞ്ഞ് അപകടകരമായ സ്ഥിതിയിലുള്ളിടത്താണ് വീപ്പകള്‍ നിരത്തി അധികാരികള്‍ കൈ കഴുകിയത്. 


കഴിഞ്ഞ മേയിലായിരുന്നു ഇവിടെ റോഡുവക്ക് ഇടിഞ്ഞത്. അന്ന് അധികാരികള്‍ ആദ്യമായി ഈ ഭാഗത്ത് വീപ്പ നിരത്തി ''അപകടമൊഴിവാക്കി''. ഒരാഴ്ചയ്ക്കുള്ളില്‍ വാഹനമിടിച്ച് വീപ്പ ഗര്‍ത്തത്തില്‍ വീണു. യാത്രക്കാര്‍ അപകടഭീതിയെക്കുറിച്ച് അറിയിച്ചപ്പോള്‍ വീണ്ടും വീപ്പ നിരത്തി. നാല് ദിവസം മുമ്പ് ഈ വീപ്പകളും ഏതോ വാഹനമിടിച്ച് കുഴിയിലിട്ടു. ഇതില്‍ രണ്ട് വീപ്പകളാകട്ടെ കാണാനുമുണ്ടായിരുന്നില്ല. പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന അവസ്ഥ. വാഹനമിടിച്ച് ചളുങ്ങി കുഴിയില്‍ വീണ വീപ്പകളും ആരോ കട്ടോണ്ടുപോയി. 
 


യാദൃശ്ചികമായി ഇന്നലെ ഇതുവഴി സഞ്ചരിക്കവേയാണ് പി.ഡബ്ല്യു.ഡി.യില്‍ നിന്ന് ചുമതലപ്പെടുത്തിയ തൊഴിലാളികളെത്തി മൂന്നാം വട്ടവും വീപ്പ സ്ഥാപിക്കുന്നത് കണ്ടത്. ഇത്രയും താല്പര്യം മുന്നേ എടുത്തിരുന്നെങ്കില്‍ എപ്പോഴെ ഇവിടെ സുരക്ഷിതമായി കല്‍ക്കെട്ട് ഉണ്ടായേനെ.  

പാലാ നഗരത്തില്‍ മീനച്ചിലാറിന്റെ തീരത്തുകൂടിയുള്ള റിവര്‍വ്യൂ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞിട്ട് മാസങ്ങളായി. ഒരു പൊത്തുപോലെ റോഡിന്റെ അടിയില്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഏത് നിമിഷവും റോഡിന്റെ ബാക്കിഭാഗം കൂടി ഇടിഞ്ഞുവീഴാം. മീനച്ചിലാറ്റില്‍ വെള്ളം ഉയര്‍ന്നാല്‍ റോഡ് ഇടിയാന്‍ സാധ്യതയേറെയാണ്. ബസുകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്.


 
വാഹനങ്ങള്‍ പോകുമ്പോള്‍ നെഞ്ചിടിപ്പേറും

വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിന്റെ ഇടിഞ്ഞ ഭാഗത്തുനിന്നും മണ്ണും കല്ലുകളുമൊക്കെ ഊര്‍ന്ന് വീഴുന്നത് നെഞ്ചിടിപ്പേറ്റുകയാണെന്ന് സമീപത്തെ വ്യാപാരികളും ഇതുവഴിയുള്ള യാത്രക്കാരും പറയുന്നു.



 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments