മൂന്നേ മൂന്ന് ദിവസം, പൊളിച്ചിരിക്കും....! ഭരണങ്ങാനത്ത് തോട് കൈയ്യേറി പൈപ്പിട്ട സംഭവം, ഉടന്‍ പൊളിപ്പിക്കുമെന്ന് പ്രസിഡന്റ്



 
സുനില്‍ പാലാ

ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആലമറ്റം- കാഞ്ഞിരമറ്റം - നായ്ക്കനാല്‍ മങ്കര തോട്ടില്‍ സ്വകാര്യ വ്യക്തി വഴിക്കായി കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിച്ചത് മൂന്ന് ദിവസത്തിനുള്ളില്‍ പൊളിപ്പിക്കുമെന്ന് ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു.
 
ഇന്നലെ പ്രസിഡന്റ്, സെക്രട്ടറി സജിത് മാത്യൂസ് എന്നിവരുള്‍പ്പെട്ട സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. പൈപ്പ് സ്ഥാപിച്ച സ്വകാര്യ വ്യക്തിയേയും വിളിച്ചുവരുത്തിയിരുന്നു. 


അനധികൃതമായി തോട് കൈയ്യേറി സ്ഥാപിച്ച കൂറ്റന്‍ പൈപ്പുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ സ്വകാര്യ വ്യക്തിയോട് ആവശ്യപ്പെട്ടു. എന്നിട്ടും നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ടെത്തി ഇത് പൊളിപ്പിക്കുമെന്നും പ്രസിഡന്റ് ലിസി സണ്ണി മുന്നറിയിപ്പ് നല്‍കി.

ഭരണങ്ങാനത്ത് തോട് കൈയ്യേറി സ്വകാര്യ വ്യക്തി കൂറ്റന്‍ പൈപ്പ് സ്ഥാപിച്ച വിവരം കഴിഞ്ഞ ദിവസം ''യെസ് വാര്‍ത്ത'' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത് അധികാരികളുടെ യാതൊരുവിധ അധികാരവും ഇല്ലാതെയായിരുന്നു ഈ അനധികൃത നിര്‍മ്മാണം.  
 


അഞ്ചടിയോളം ഉള്‍വ്യാസമുള്ള പൈപ്പുകളിലൂടെയാണ് ഇപ്പോള്‍ ഒഴുകുന്നത്. പൈപ്പുകള്‍ക്ക് മേലെ മണ്ണുവിരിച്ച് പടുതകൊണ്ട് മൂടിയ സ്വകാര്യ വ്യക്തി സ്വന്തം പുരയിടത്തിലേക്ക് വഴിയും തുറന്നു.

കനത്തമഴയില്‍ നിറഞ്ഞൊഴുകുന്ന തോട് സമീപത്തെ നായ്ക്കനാല്‍ - കാഞ്ഞിരമറ്റം - വേഴാങ്ങാനം റോഡിലേക്ക് കരകവിയാറുണ്ട്. പൈപ്പിടുന്നതിന് മുമ്പേ തന്നെ പല തവണ തോട്ടില്‍ നിന്ന് റോഡിലേക്ക് വെള്ളം കയറിയിരുന്നു. പൈപ്പിട്ട് ഒഴുക്ക് നിയന്ത്രിച്ചതോടെ ചെറുമഴയില്‍ തന്നെ തോട് കരകവിയുന്ന അവസ്ഥയാണുള്ളത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments