പിതാവും മകനും നേര്‍ക്കുനേര്‍; '1098' ഇന്ന് തീയേറ്ററുകളില്‍




സുനില്‍ പാലാ

ജീവിതത്തിലെ അച്ഛനെ സിനിമയില്‍ ചോദ്യം ചെയ്ത് ചൈല്‍ഡ് ലൈന്‍ അന്വേഷണ ഉദ്യോഗസ്ഥനായ കഥാപാത്രമായി മകന്‍! ഇന്ന് കേരളത്തിലെ അന്‍പതോളം എ ക്ലാസ് തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ''1098 (ടെന്‍ നയന്‍ എയിറ്റ്)'' എന്ന സിനിമയിലാണ് ജീവിതത്തിലെ അച്ഛനും മകനും നേര്‍ക്കുനേര്‍ വരുന്നത്.

ബി.എല്‍.എം. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജനറല്‍ മാനേജര്‍ കൂടിയായ പാലാ ഏഴാച്ചേരി കൂവക്കാട്ട് വീട്ടില്‍ ബി. അജിത്കുമാറും മകന്‍ സഞ്ജയ് അജിത്തുമാണ് ''1098'' സിനിമയില്‍ നിര്‍ണ്ണായകമായ വേഷങ്ങളിലഭിനയിക്കുന്നത്. ഇരുവരുടെയും ആദ്യ സിനിമയുമാണിത്. പാലായില്‍ കുടുംബവേരുകളുള്ള കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ അനു റാം ആണ് സിനിമയിലെ വില്ലന്‍ കഥാപാത്രമായി എത്തുന്നത്. 


 
കണ്ണൂരിലെ ഒരു സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും കലാകാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഒരു ദിവസം കാണാതാകുന്നത് ചുറ്റിപ്പറ്റിയാണ് സിനിമ ആരംഭിക്കുന്നത്. ഇതിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ 'ചന്ദ്രശേഖര്‍' എന്ന കഥാപാത്രമായിട്ടാണ് അജിത് കുമാര്‍ അഭിനയിക്കുന്നത്. കുട്ടിയെ കാണാതായത് സംബന്ധിച്ച് അന്വേഷിക്കാനെത്തുന്ന ചൈല്‍ഡ് ലൈന്‍ സംഘാംഗമായാണ് സൂര്യ എന്ന് വിളിപ്പേരുള്ള സഞ്ജയ് അജിത്ത് അഭിനയിക്കുന്നത്. 


നവാഗതനായ ഗുരു ഗോവിന്ദാണ് തിരക്കഥയെഴുതി ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, അഡ്വ. ഷുക്കൂര്‍, മോനിഷ മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ ഇന്ത്യയിലും വിദേശത്തുമായി എട്ട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും വിവിധ കാറ്റഗറികളിലായി ഒന്‍പത് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു. 
 
ഇന്ന് സിനിമ റിലീസ് ചെയ്യാനിരിക്കെ ആകാംക്ഷയിലും ആവേശത്തിലുമാണ് അജിത് കുമാറും മകന്‍ സഞ്ജയും. ബി.കോമിന് ശേഷം സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയായ സഞ്ജയ്‌യുടെ അമ്മ രാജി അജിത്ത്, കൂത്താട്ടുകുളം മേരിഗിരി സി.എം.ഐ. പബ്ലിക് സ്‌കൂളിലെ ഹെഡ്മിസ്ട്രസാണ്. ഏക സഹോദരന്‍ ശന്തനു അജിത്ത് (നന്നുക്കുട്ടന്‍) യു.കെ.യിലാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments