കോട്ടയം നഗരമധ്യത്തിൽ ഗ്യാങ് റേപ്പ് എന്ന പേരിൽ സമൂഹമധ്യമത്തിൽ വീഡിയോ പ്രചരിച്ചതോടെ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണത്തിനിറങ്ങി. ഒടുവിൽ പൊലീസ് കണ്ടെത്തിയത് വെറുതെ ഇരുന്ന പതിനാറുകാരന് തോന്നിയ തെറ്റിദ്ധാരണയെന്നും. ഇന്നലെ രാത്രിയിലാണ് റോഡരുകിലെ ഫ്ലാറ്റിൽ വെറുതെയിരുന്ന പതിനാറുകാരൻ പൊലീസിനെ വട്ടംകറക്കിയത്. കോട്ടയം നഗര മധ്യത്തിൽ കൂട്ട ബലാൽസംഗം എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഒരു കാറിനുള്ളിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നു എന്നായിരുന്നു പ്രചാരണം. പാർക്ക് ചെയ്തിരിക്കുന്ന കാറിൽ നിന്നും വലിയ ഒച്ചയും ബഹളവും കേൾക്കാം. കാർ പാർക്ക് ചെയ്തിരുന്ന റോഡിന് സമീപത്തെ ഫ്ലാറ്റിൽ ഇരുന്ന പതിനാറുകാരനാണ് കാറിൽ നിന്നുള്ള കരച്ചിൽ കേട്ട് ആ ദൃശ്യങ്ങളെടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
കോട്ടയം നഗര മധ്യത്തിൽ കൂട്ട ബലാൽസംഗം, യുവതി ആക്രമിക്കപ്പെടുന്നു എന്ന തലക്കെട്ടോട് കൂടിയായിരുന്നു പോസ്റ്റ്. ആ പോസ്റ്റ് ഇൻസ്റ്റഗ്രാമും കടന്ന് എക്സിലൂടെ ലക്ഷക്കണക്കിനാളുകൾ കണ്ടു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെ ജില്ലാ പൊലീസ് മേധാവിയുടെ ഫോണിലേക്ക് നിർത്താതെയുള്ള ഫോൺവിളികൾ എത്തി. രാത്രി തുടങ്ങിയ അന്വേഷണം പൂർത്തിയായത് പുലർച്ചെയാണ്. വിഡിയോ ദൃശ്യത്തിലുള്ള കുട്ടികളെ പൊലീ സ് കണ്ടെത്തി. കരഞ്ഞത് പെൺകുട്ടിയല്ല ആൺകുട്ടി തന്നെയെന്ന് പൊലീസ് കണ്ടെത്തി.
ഇവരിൽനിന്ന് വിവരങ്ങൾ തേടുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തു. വിദ്യാർത്ഥികളായ ആൺകുട്ടികൾ ചേർന്ന് ഒരു ആൺകുട്ടിയെ ഇക്കിളിയിടുന്നതും ചിരിക്കുന്നതുമായ ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ പൊലീസിനും ആശ്വാസം. കോട്ടയം നഗരമധ്യത്തിൽ കാറിനുള്ളിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു എന്ന തലക്കെട്ടോട് കൂടിയായിരുന്നു 16 വയസ്സുകാരൻ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. കൂട്ടബലാത്സംഗം എന്ന് തെറ്റിദ്ധരിച്ച് തന്നെ ഇയാൾ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
0 Comments