കുറിച്ചിത്താനംവില്ലേജ്- വെള്ളാക്കാവ്- ആനശ്ശേരി റോഡിന് ശാപമോക്ഷം
പതിറ്റാണ്ടുകളായി തകർന്നു കിടന്ന കുറിച്ചിത്താനംവില്ലേജ്- വെള്ളാക്കാവ്- ആനശ്ശേരി റോഡിന് ഒടുവിൽ ശാപമോക്ഷം. റോഡ് ഉപഭോക്താക്കളുടെ നിവേദനം പരിഗണിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇറിഗേഷൻ വകുപ്പ് മുഖേന അനുവദിച്ച ഫണ്ടിൽ നിന്നാണ് ടാറിങ് പൂർത്തിയാക്കിയത്.
ഈ റോഡിൽ വെള്ളാക്കാവ് മുതൽ ആനശേരി വരെയുള്ള ഭാഗം പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി നടത്താതെ തകർന്നു തരിപ്പണമായി കിടക്കുകയായിരുന്നു. കുറിച്ചിത്താനംവില്ലേജ് ഓഫീസ് മുതൽ വെള്ളാക്കാവ് വരെയുള്ള ഭാഗം ടോറസ് ലോറികളുടെ നിരന്തരമായ സഞ്ചാരം മൂലവും തകർന്നു കിടക്കുകയായിരുന്നു.
ഈ ഭാഗത്ത് പഞ്ചായത്ത് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും ഭാരവാഹനങ്ങളുടെ സഞ്ചാരം മൂലം യാതൊരു പ്രയോജനവും ലഭിച്ചിരുന്നില്ല. കഴിഞ്ഞ 15 വർഷമായി പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രതിനിധീകരിക്കുന്ന വാർഡിലെ റോഡിനാണ് ഈ ദുരവസ്ഥ ഉണ്ടായത് എന്നതാണ് ഏറെ കൗതുകം
റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പലതവണ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നെങ്കിലും തിരിഞ്ഞുനോക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി തവണ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു. ഇതോടെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പിന്നീട് മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു.
ജലജീവന്‍ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കാനായി റോഡിൽ കുഴിയെടുത്തതോടെ ഗതാഗതം ഏറെക്കുറെ അസാധ്യമായിരുന്നു. സംസ്ഥാനതലത്തിൽ ജലജീവന്‍ മിഷൻ കരാറുകാർക്ക് വൻതുക കുടിശികയായതോടെ കരാറുകാർ ഒന്നാകെ പണി നിർത്തിവച്ചിരുന്നു. ഇതേ തുടർന്നാണ് മാസങ്ങളായി ഈ റോഡിന്റെ പണിയും മുടങ്ങിക്കിടന്നത്.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കരാറുകാരുടെ കുടിശ്ശിക ഭാഗികമായി തീർക്കാൻ തയ്യാറായതോടെയാണ് ഇപ്പോൾ ടാറിങ് പൂർത്തിയായിട്ടുള്ളത്.
0 Comments