വിദേശ പഠനത്തിനും ഏകജാലക സംവിധാനം നടപ്പിലാക്കണം: ഡാൻ്റീസ് കൂനാനിക്കൽ .
സമീപകാലത്ത് വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനുമായി പറന്നിറങ്ങുന്നവരുടെ എണ്ണം അമിതമായി വർദ്ധിച്ചത് തൊഴിൽ സമ്പാദനത്തിനും താമസ സൗകര്യം കണ്ടെത്തുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ ഓരോ രാജ്യങ്ങളുടെ പഠനാന്തരീക്ഷവും തൊഴിൽ സാധ്യതകളും താമസ സൗകര്യങ്ങളും സംബന്ധിച്ച് മതിയായ ധാരണ നമ്മുടെ രാജ്യം ഭരിക്കുന്ന സർക്കാരുകൾക്കുണ്ടാവുകയും സർക്കാർ നിയന്ത്രിത "ഏകജാലക" സംവിധാനത്തിലൂടെ മാത്രം വിദേശങ്ങളിലേക്ക് പഠനത്തിനും തൊഴിലിനുമായി നമ്മുടെ ചെറുപ്പക്കാർക്ക് പോകുവാനുള്ള സാഹചര്യം ഒരുക്കേണ്ടതുമുണ്ടന്ന് കേരള സ്‌റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗമായിരുന്ന ഡാൻ്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.
പ്രലോഭനകരമായ പരസ്യങ്ങളും വിസ്മയിപ്പിക്കുന്ന പാക്കേജുകളും പ്രഖ്യാപിച്ച് സ്വകാര്യ ഏജൻസികൾ നടത്തുന്ന കമ്പളിപ്പിക്കലും ചൂഷണവും ഒഴിവാക്കാനും സർക്കാർ സംവിധാനത്തിലൂടെ സാധിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. നമ്മുടെ നാടിൻ്റെ പേരിൽ ദേശാഭിമാന പൂരിതരാകുന്നതിനൊപ്പം അപമാനിക്കപ്പെടാത്ത വിധം അന്തസ്സായി ജീവിക്കാനുള്ള സാഹചര്യം യുവതലമുറയ്ക്ക് പ്രദാനം ചെയ്യാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സാധിക്കണമെന്നും ഈ ദിശയിൽ സംസ്ഥാന സർക്കാരിൻ്റെ പുതിയ ചുവടുവെപ്പുകൾ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു .
വിദേശ രാജ്യങ്ങളിൽ പഠിക്കുന്നതിനൊപ്പവും തുടർന്നും ജോലി ചെയ്ത് വളരെ മികച്ച രീതിയിൽ ജീവിത വിജയം നേടിയ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും അറിയാവുന്നവർ തങ്ങളുടെ വളർച്ചയ്ക്കായ് വഴി തേടുമ്പോൾ ആകെ ഒരു തെറ്റിദ്ധാരണ പരത്തി നമ്മുടെ സമ്പന്നമായ മനുഷ്യവിഭവശേഷിയെ ഉറവിടങ്ങളിൽ തന്നെ അടയിരുത്തുവാനുള്ള ശ്രമം അപലപനീയവും നാടിൻ്റെ വികസനത്തിന് എതിരുമാണ് ഈ വിഷയത്തിൽ സാമൂഹ്യ-രാഷ്ട്രീയ-സാമുദായിക സംഘടനകൾ ജാഗ്രത പുലർത്തണമെന്നും ഡാൻ്റീസ് കൂനാനിക്കൽ തുടർന്നു പറഞ്ഞു.
0 Comments