11 കെവി വൈദ്യുതി പോസ്റ്റില്‍ കയറി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു

  

 തൊടുപുഴയില്‍ 11 കെവി വൈദ്യുതി പോസ്റ്റില്‍ കയറി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ചൊവ്വാഴ്ച മൂന്നോടെ നഗരസഭ പാര്‍ക്കിന് സമീപത്തെ 11 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റില്‍ മാമലക്കണ്ടം സ്വദേശിയായ യുവാവാണ് കയറിയത്. യുവാവ് പോസ്റ്റില്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തൊടുപുഴ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയും വൈദ്യുതി ലൈന്‍ ഓഫ് ചെയ്യുകയും ചെയ്തു. 


 പോലീസ് അറിയിച്ചതോടെ തൊടുപുഴ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും യുവാവ് പോസ്റ്റില്‍ നിന്ന് ഇറങ്ങുന്നതിന് തയ്യാറായില്ല. തുടര്‍ന്ന് സേന അധികൃതര്‍ പതിനഞ്ച് മിനിറ്റോളം സംസാരിച്ച് യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി.


 അന്വേഷണത്തില്‍ യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും മുന്‍പും വിവിധയിടങ്ങളില്‍ സമാനമായ രീതിയില്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. യുവാവിനെ തൊടുപുഴ പോലീസിന്റെ നേതൃത്വത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.


 അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ ജാഫര്‍ഖാന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എം.എന്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments