മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ......ആശംസകളുമായി സിനിമാ ലോകവും ആരാധകരും


 മ ലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ. പ്രിയ ഗായികയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് സംഗീത ലോകവും സിനിമാ ലോകവും. ചിത്രയുടെ മാധുര്യം തുളുമ്പുന്ന ആ നാദത്തിന് പ്രായം ഒട്ടുമേ മങ്ങലേൽപ്പിച്ചിട്ടില്ല. സിനിമയിൽ പാടുന്നതിനൊപ്പം ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ സ്വീകരണമുറികളിലെ സജീവ സാന്നിധ്യമാണ് ഇപ്പോഴും ചിത്ര.  

 അഞ്ചാം വയസില്‍ ആകാശവാണിക്ക് വേണ്ടി റെക്കോര്‍ഡിങ് മൈക്കിന് മുന്നിലെത്തിയത് മുതല്‍ ആരംഭിക്കുന്നു ചിത്രയുടെ സംഗീത ജീവിതം. 1979ല്‍ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് സിനിമാ രംഗത്തേക്കുള്ള തുടക്കം. അന്ന് കൈപിടിച്ചതാകട്ടെ എം ജി രാധാകൃഷ്ണനും. പതിനാലാം വയസ്സില്‍ അട്ടഹാസം എന്ന ചിത്രത്തിലൂടെ പാടിത്തുടങ്ങിയപ്പോള്‍ അതൊരു മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഇന്ത്യന്‍ ഭാഷകളില്‍ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഒഡിയ, തുളു, മറാഠി, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലൊക്കെ ചിത്ര പാടിയിട്ടുണ്ട്. 


 ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മലയ്, ലാറ്റിന്‍, സിന്‍ഹളീസ് തുടങ്ങിയ വിദേശ ഭാഷകളിലും. 2005 ല്‍ പത്മശ്രീയും 2021 ല്‍ പത്മഭൂഷനും ലഭിച്ച ചിത്രയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണയാണ് ലഭിച്ചത്. അന്തര്‍ദേശീയ പുരസ്‌കാരങ്ങളടക്കം കലാജീവിതത്തില്‍ ആകെ അഞ്ഞൂറിലധികം പുരസ്‌കാരങ്ങള്‍. 

 ആലാപന സൗകുമാര്യത്തിനൊപ്പം പെരുമാറ്റത്തിലെ ലാളിത്യം കൂടിയാണ് ചിത്രയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കുന്നത്. ഗായകൻ ജി വേണുഗോപാൽ, ഗായിക സിതാര എന്നിവരടക്കം നിരവധി പേരാണ് ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. “ഇന്ന് നമ്മുടെ ഒരേയൊരു ചിത്ര ചേച്ചിയുടെ പിറന്നാൾ ആണ്. 


നമ്മുടെ സ്വപ്നങ്ങൾക്ക് ഒരു രൂപം നൽകിയ ശബ്ദം, സംഗീതത്തേക്കാൾ മനോഹരമായ അവരുടെ ആത്മാവ്… നമ്മൾ ആരാധിക്കുന്ന ഇതിഹാസമായി മാത്രമല്ല, ഊഷ്മളവും സ്നേഹനിധിയും സൗമ്യയുമായ രക്ഷാധികാരിയായി അവരെ അറിയാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി ഞാൻ കരുതുന്നു. 

 ജന്മദിനാശംസകൾ ചേച്ചി…ഉമ്മ”- എന്നാണ് ചിത്രയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സിതാര കുറിച്ചിരിക്കുന്നത്. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ സംഗീത പ്രേമികൾക്ക് സമ്മാനിച്ച പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന് പിറന്നാൾ ആശംസകൾ.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments