സംസ്ഥാനത്ത് ഇന്നുമുതൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ ഝാർഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു . ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.
ഈ മാസം 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.
സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് 11 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.
0 Comments