നാലമ്പല ദർശനത്തിന് വൻ തിരക്ക് ...... പോലീസ് അനാസ്ഥയിൽ പ്രതിഷേധം ശക്തം



നാലമ്പല ദർശനത്തിന് വൻ തിരക്ക് ...... 
 പോലീസ് അനാസ്ഥയിൽ പ്രതിഷേധം ശക്തം
 
ഇന്ന് വൻ ഭക്തജനത്തിരക്കിനാണ് രാമപുരം സാക്ഷ്യം വഹിച്ചത്. അവധി ദിവസമായതിനാൽ വലിയ തിരക്ക് പ്രതീക്ഷിക്കുകയും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ക്ഷേത്രങ്ങളിൽ നടത്തുകയും ചെയ്തിരുന്നെങ്കിലും ആവശ്യത്തിന് പോലീസിനെ വിന്യസിക്കാത്തത് ജനങ്ങളെ വലച്ചു. 

പതിനായിരങ്ങൾ ഒഴുകിയെത്തിയ തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾക്ക് ഓരോ ക്ഷേത്രങ്ങളിലുമുണ്ടായിരുന്നത് 3 പോലീസുകാർ മാത്രം !!!. തീർത്ഥാടകരിൽ ഭൂരിഭാഗവും സ്ത്രീകളും 
 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ് എന്നിട്ടും വനിതാ പോലീസായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രമാണെന്ന് ഭക്തർ കുറ്റപ്പെടുത്തുന്നു. 


രാമപുരം അമ്പലം ജംഗ്ഷന് സമീപം കൂടപ്പുലം റൂട്ടിൽ ഏറെ സമയം ഗതാഗത കുരുക്ക് ഉണ്ടാവുകയും ഡ്രൈവർമാർ തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തത് നാട്ടുകാർ ഇടപ്പെട്ടാണ് പരിഹരിച്ചത്. രാമപുരം ക്ഷേത്രത്തിൽ മുപ്പതോളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും മറ്റ് നിരവധി വോളണ്ടിയേഴ്സും ഉണ്ടായിരുന്നെങ്കിലും തിരക്ക് നിയന്ത്രണാതീതമായിരുന്നു. മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ധാരാളം വോളണ്ടിയേഴ്സും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും സേവനത്തിനുണ്ടായിരുന്നിട്ടും
 വലിയ ഗതാഗത കുരുക്കും വൻ തിരക്കുമുണ്ടായി. 

വൻജനത്തിരക്കുള്ള സമയങ്ങളിൽ പോലീസിൻ്റെ അഭാവത്തിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർക്കും വോളണ്ടിയേഴ്സിനും പരിമിതികളുണ്ടെന്ന് അവർ പറയുന്നു. തീർത്ഥാടനം തുടങ്ങുന്ന തിന് ഒരു മാസം മുൻപ് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നാലമ്പല ദർശന കമ്മറ്റി കത്ത് നൽകിയിരുന്നതാണെന്നും പാലാ ആർ ഡി ഒ വിളിച്ചു ചേർത്ത സ്ഥലം എം എൽ എ യും ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിൽ വച്ച് ആവശ്യത്തിന് പോലീസ് സേവനം ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നതായും നാലമ്പല ദർശന കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.


 മുന്നൊരുക്കങ്ങൾക്കായി പോലീസ് ഉദ്യോഗസ്ഥരുടെയും ക്ഷേത്ര ഭാരവാഹികളുടെയും പ്രത്യേക യോഗം ചേർന്ന് വിശദമായി ചർച്ച ചെയ്തതാണെന്നും നിയന്ത്രണാതീതമായ തിരക്ക് ഉണ്ടാകുന്ന ശനി ഞായർ  ദിവസങ്ങളിൽ  ഓരോ ക്ഷേത്രങ്ങളിലും 20 വീതം പോലീസ് ഉദ്യോഗസ്ഥരുടെയെങ്കിലും സേവനം അത്യാവശ്യമാണെന്ന് അറിയിച്ചിരുന്നതായും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.  പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും അനാസ്ഥയും   ചൂണ്ടികാട്ടി കോട്ടയം ജില്ല കളക്ടർക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകുമെന്നും നാലമ്പല ദർശന കമ്മറ്റി സെക്രട്ടറി പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments