ലെയോ പതിനാലാമന്‍ ബാല്യത്തില്‍ താമസിച്ചിരിന്ന വീട് ഏറ്റെടുക്കാന്‍ അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ ഡോൾട്ടണിലെ വില്ലേജ് കൗൺസിൽ തീരുമാനമെടുത്തു. ഇക്കഴിഞ്ഞ ജൂലൈ 1ന് നടന്ന പ്രത്യേക ബോർഡ് യോഗത്തിലാണ്, ആദ്യത്തെ അമേരിക്കന്‍ വംശജനായ മാര്‍പാപ്പയായ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റിന്റെ (ഇപ്പോൾ ലെയോ പതിനാലാമൻ പാപ്പ) ബാല്യകാല വീട് വാങ്ങാൻ വില്ലേജ് കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്തിരിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡോൾട്ടൺ മേയർ ജേസൺ ഹൗസാണ് നേരത്തെ ഈ വിഷയത്തില്‍ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്.
ഡോൾട്ടണിലെ പ്രതിശീർഷ വരുമാനം $29,776 ആണ്. സെൻസസ് ഡാറ്റ പ്രകാരം പ്രദേശത്തെ 20% നിവാസികളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എന്നാല്‍ പാപ്പയുടെ തിരഞ്ഞെടുപ്പിനുശേഷം വീട് കാണാൻ ഗ്രാമത്തിനകത്തും പുറത്തും ബസുകള്‍ നിറയെ ആളുകള്‍ എത്തുന്നുണ്ടെന്ന് ട്രസ്റ്റി എഡ്വേർഡ് സ്റ്റീവ് പറഞ്ഞു. ചരിത്രപരമായ സ്ഥലത്തേക്കു സന്ദർശകർ എത്തുമ്പോള്‍ പ്രദേശത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു. ലോകത്തിലെ മറ്റൊരു സ്ഥലത്തെയും പോലെയുള്ള ഈ ചെറിയ പ്രാന്തപ്രദേശത്തിന് "അവസരങ്ങളുടെ ലോകം" തുറന്നിരിക്കുകയാണെന്നു ഡോൾട്ടൺ സിറ്റി അറ്റോർണി ബർട്ട് ഒഡൽസൺ പറഞ്ഞു.
1955 സെപ്റ്റംബർ 14 ന് ഇല്ലിനോയിസിലെ ബ്രോൺസ്‌വില്ലയിലെ മേഴ്‌സി ഹോസ്പിറ്റലിലാണ് ലെയോ പതിനാലാമന്‍ പാപ്പയുടെ (റോബര്‍ട്ട് പ്രെവോസ്റ്റിന്റെ) ജനനം. അദ്ദേഹത്തിന്റെ പിതാവ് ലൂയിസ്, ഇറ്റാലിയൻ - ഫ്രഞ്ച് വേരുകളുള്ള വ്യക്തിയായിരിന്നു. ന്യൂ ഓർലിയാൻസിൽ നിന്നുള്ള മിൽഡ്രഡ് മാർട്ടിനെസാണ് അമ്മ. പ്രെവോസ്റ്റിന് ലൂയിസ്, ജോൺ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്.
സെന്റ് മേരി ഓഫ് ദി അസംപ്ഷൻ ഇടവകയിലാണ് പ്രെവോസ്റ്റ് തന്റെ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത്. അവിടെ അദ്ദേഹം ഗായകസംഘത്തിൽ പാടിയും അൾത്താര ബാലനായി ക്രിസ്തു കേന്ദ്രീകൃത ജീവിതത്തിന് വേര് പാകി. ബാല്യ കാലം ചെലവിട്ട ഈ ഭവനമാണ് ഡോൾട്ടണിലെ വില്ലേജ് കൗൺസിൽ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
0 Comments