'അക്ഷരമുറ്റത്തേക്ക് ഒരിക്കൽ കൂടി' .... പൂർവ്വവിദ്യാർത്ഥി മഹാസംഗമത്തിനൊരുങ്ങി പ്രവിത്താനം സെന്റ് മൈക്കിൾസ്



'അക്ഷരമുറ്റത്തേക്ക് ഒരിക്കൽ കൂടി' .... പൂർവ്വവിദ്യാർത്ഥി മഹാസംഗമത്തിനൊരുങ്ങി പ്രവിത്താനം സെന്റ് മൈക്കിൾസ് 

പ്രവിത്താനം:  പ്രവിത്താനം സെന്റ് മൈക്കിൾസിലെ പൂർവ വിദ്യാർത്ഥികൾക്ക് ഇത് ഓർമ്മകൾ പൂക്കുന്ന ഓണക്കാലം . തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് ഒരിക്കൽകൂടി അവർ എത്തുന്നു. തന്റെ പ്രിയപ്പെട്ട മക്കളെ വരവേൽക്കാൻ സ്കൂളും ഒരുങ്ങിയിരിക്കുന്നു . 


1923 ൽ സ്ഥാപിതമായി ശതാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർമ്മനിരതരായിരിക്കുന്ന വരും വിശ്രമ ജീവിതം നയിക്കുന്നവരുമായ പൂർവ്വവിദ്യാർത്ഥികൾക്ക് ഒരുമിച്ചു ചേരാൻ അവസരം ഒരുക്കുന്നു. സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ എല്ലാവർക്കും ഒരിക്കൽകൂടി ഒത്തുചേരാനാണ് സ്കൂൾ ആതിഥ്യമരുളുന്നത്.ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് സമ്മേളനത്തിന് തിരി തെളിയും. വിവിധ ബാച്ചുകളിൽ നിന്നായി  നൂറു കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് ഒരുക്കമായി വിവിധ ബാച്ചുകൾ തങ്ങളുടെ ബാച്ച് സംഗമങ്ങൾ ഈ ദിവസങ്ങളിൽ സംഘടിപ്പിച്ചു വരുന്നു. നവീകരിച്ച സ്കൂൾ ഗ്രൗണ്ടും പരിസരവും ഏവരെയും ഏറെ ആകർഷിക്കുന്നു.


 മഹാകവി പ്രവിത്താനം പി. എം ദേവസ്യ, ദൈവദാസൻ മാർ മാത്യു കാവുകാട്ട്, കെ. എം. ചുമ്മാർ തുടങ്ങിയവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും ആയിരുന്നു. റവ.ഡോ. സി.റ്റി കൊട്ടാരം ഹെഡ്മാസ്റ്റർ ആയിരുന്ന കാലഘട്ടം സ്കൂളിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തപ്പെട്ടു.1947,
1952,1955 എന്നീ വർഷങ്ങളിൽ ഇ.എസ്.എൽ.സി പരീക്ഷയിൽ  സംസ്ഥാനത്ത്  ഒന്നാം സ്ഥാനത്ത് എത്തുവാൻ സ്കൂളിന്  സാധിച്ചു. കായിക മേഖലകളിൽ ദേശീയ താരങ്ങളെ വരെ വാർത്തെടുക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 


ഇന്നും എസ്.എസ്.എൽ.സി. വിജയശതമാനത്തിൽ കേരളത്തിലെ മുൻനിര സ്കൂളുകളുടെ പട്ടികയിൽ പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന പ്രവിത്താനം സെന്റ് മൈക്കിൾസിന് ഇടമുണ്ട്.
  
 സംഗമത്തിന്റെ വിജയത്തിനായി സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിലിന്റെ നേതൃത്വത്തിൽ അധ്യാപക- അനധ്യാപകരും, പി.ടി.എ.   അംഗങ്ങളും, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും അടങ്ങിയ വിവിധ കമ്മിറ്റികൾ   പ്രവർത്തിച്ചുവരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments