മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ-പാലാ റോഡിലെ നെല്ലാപ്പാറയില്‍ അപകടം ആവര്‍ത്തിക്കുന്നു. ശനിയാഴ്ച രാത്രി എട്ടോടെ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍നിന്ന് താഴ്ചയിലേക്ക് ലോറി മറിഞ്ഞതാണ് ഒടുവിലത്തേത്.
ഇറക്കത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡരികിലെ ട്രാന്‍സ്‌ഫോമര്‍ ഇടിച്ചു തകര്‍ത്താണ് താഴേക്ക് പതിച്ചത്. റബര്‍ഷീറ്റുമായി വന്ന തമിഴ്‌നാട് റജിസ്‌ട്രേഷന്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. മുപ്പതടിയോളം താഴേക്ക് പതിച്ച വാഹനത്തില്‍ നിന്ന് ഡ്രൈവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വൈദ്യുത കമ്പികള്‍ പൊട്ടിവീണ് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടെങ്കിലും തൊടുപുഴയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും കരിങ്കുന്നം പോലീസും സ്ഥലത്തെത്തി തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. റോഡില്‍ ടൈല്‍ പതിക്കുന്നതിന്റെ ഭാഗമായി ഇവിടെ ഒരാഴ്ചയായി സിംഗിള്‍ ലൈന്‍ ട്രാഫിക്കാണ്. റോഡില് വിരിക്കുന്നതിനായി ഇറക്കിയിരുന്ന ടൈല്‍ കൂനയ്ക്കു മുകളിലൂടെ കയറിയിറങ്ങിയാണ് ലോറി താഴേക്കു വീണത്.
0 Comments