ചെമ്പൈ സംഗീതോത്സവ സുവർണ്ണജൂബിലിയാഘോഷം തുടങ്ങി...." ചെമ്പൈയുടേത് വിശ്വമാനവിക വീക്ഷണം' _ ദേവസ്വം മന്ത്രി വി.എൻ. വാസവൻ
വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിലായി നടത്തുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ചെമ്പൈ ഗ്രാമത്തിൽ നടന്നു. ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സംഗീത കലയെ സാമൂഹിക പുരോഗതിയിലേക്കുള്ള വഴിയായി തിരിച്ചറിഞ്ഞ അതുല്യ സംഗീതജ്ഞനായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് മന്ത്രി പറഞ്ഞു.ചെമ്പൈയുടേത് വിശ്വമാനവിക വീക്ഷണമായിരുന്നു. എത്ര ഉന്നതമായ കലാ വീക്ഷണമായിരുന്നു അതെന്ന് ഇപ്പോൾ കാലം തിരിച്ചറിയുന്നു. മാനവ സമൂഹവുംചരിത്രവും ഉള്ള കാലത്തോളം ചെമ്പൈ സ്വാമികൾക്ക് പ്രസക്തിയേറുമെന്ന് മന്ത്രി പറഞ്ഞു.ചെമ്പൈയുടെ വർത്തമാനകാല പ്രസക്തി വിളിച്ചോതുന്ന ആഘോഷ പരിപാടികൾ നടത്താൻ തയ്യാറായ ഗുരുവായൂർ ദേവസ്വത്തെ മന്ത്രി അഭിനന്ദിച്ചു.
ചടങ്ങിൽ സുവർണ്ണ ജൂബിലി ലോഗോ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി.അരുൺകുമാറിന് നൽകി മന്ത്രിപ്രകാശിപ്പിച്ചു.
സുവർണ ജൂബിലി സ്മാരക തപാൽ സ്റ്റാമ്പ് ,തപാൽ കവർ എന്നിവയുടെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. കെ.പി.രവിശങ്കർ ഏറ്റുവാങ്ങി. ചെമ്പൈ സംഗീതവും ജീവിതവും എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ സുവർണ്ണ ജൂബിലി പതിപ്പ് പി.പി.സുമോദ് എം എൽ എ പ്രകാശനം ചെയ്തു. ചെമ്പൈയുടെ പൗത്രൻ ചെമ്പൈസുരേഷ് ഏറ്റുവാങ്ങി. മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ, പി.എൻ.സുബ്ബരാമൻ, എം.എം വിമൽ (ലോഗോ രൂപകല്പന ചെയ്ത കലാകാരൻ ) എന്നിവരെ ചടങ്ങിൽ ദേവസ്വം മന്ത്രി ആദരിച്ചു. സംഗീതക്കച്ചേരി അവതരിപ്പിക്കാനെത്തിയ ടി.എം.കൃഷ്ണയ്ക്ക് ദേവസ്വത്തിൻ്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു.
വൈകിട്ട് അഞ്ചരയോടെ ചെമ്പൈ സ്മൃതി മന്ദിരം, ചെമ്പൈ മണ്ഡപം എന്നിവിടങ്ങളിൽ പുഷപാർച്ചനയോടെയാണ് സുവർണ്ണജൂബിലി ആഘോഷ ചടങ്ങുകൾ തുടങ്ങിയത്.
ദേവസ്വം ചെയർമാൻ: ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.. ഉദ്ഘാടന സമ്മേളനത്തിൽ പി.കെ.ദേവദാസ് (പ്രസിഡൻ്റ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്), എ.സതീഷ് (പ്രസിഡൻ്റ്, കോട്ടായി ഗ്രാമപഞ്ചായത്ത്), കുഞ്ഞിലക്ഷ്മി (ബ്ലോക്ക് പഞ്ചായത്ത് അംഗം), ഗീത.എസ് (ഗ്രാമ പഞ്ചായത്ത് അംഗം), ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.കെ.പി.വിശ്വനാഥൻ, , ടി ആർ അജയൻ (പ്രസിഡന്റ്, സ്വരലയ പാലക്കാട്) ഡോ.സദനം ഹരികുമാർ (വൈസ് ചെയർമാൻ, സ്വാഗത സംഘം), ഗായത്രി തമ്പാൻ (ചെമ്പൈ ശിഷ്യ), സൈനുദ്ദീൻ പത്തിരി പാല എന്നിവർ സന്നിഹിതരായി.. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും, കീഴത്തൂർ മുരുകൻ (ചെയർമാൻ, സ്വാഗത സംഘം) നന്ദിയും രേഖപ്പെടുത്തി.
ടി.എം.കൃഷ്ണയുടെ സംഗീത കച്ചേരി
സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനു ശേഷം പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ സംഗീതകലാനിധി ടി.എം.കൃഷ്ണയുടെ കച്ചേരി അരങ്ങേറി. ഡോ.തിരുവനന്തപുരം എൻ സമ്പത്ത് (വയലിൻ), ഹരിനാരായണൻ (മൃദംഗം), തിരുവനന്തപുരം ആർ.രാജേഷ് (ഘടം) എന്നിവർ പക്കമേളമൊരുക്കി.
സെമിനാർ ആഗസ്റ്റ് 19 ന്
ചെമ്പൈ സംഗീതോത്സവ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പാലക്കാട് ഗവൺമെന്റ് ചെമ്പൈ സ്മാരക സംഗീത കോളേജിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സെമിനാർ നടത്തും. ചെമ്പൈ സംഗീത കോളേജ് പ്രിൻസിപ്പാൾ തൊടുപുഴ മനോജ്കുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ഡോ.ജോർജ്ജ്.എസ്.പോൾ പ്രബന്ധം അവതരിപ്പിക്കും. ദേവസ്വം ഭരണ സമിതി അംഗം സി.മനോജ് സ്വാഗതം ആശംസിക്കും. ഡോ.പ്രശാന്ത് കൃഷ്ണൻ സെമിനാറിൽ മോഡറേറ്ററാകും.
0 Comments