തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ....ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് സന്ദര്‍ശകരുടെ വരവു കുറഞ്ഞു.


തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് സന്ദര്‍ശകരുടെ വരവു കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മണ്‍സൂണ്‍ അസ്വദിക്കാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ 1.24 ലക്ഷം പേരുടെ കുറവാണുണ്ടായത്. പല ദിവസങ്ങളിലും ജില്ലയില്‍ തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് മണ്‍സൂണ്‍ കാലത്ത് വിനോദ സഞ്ചാരികളുടെ വരവ് കുറയാനിടയാക്കിയത്.

 അലര്‍ട്ടുകളും ഓഫ് റോഡ് സവാരി നിയന്ത്രണവും 

 റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചാല്‍ അപകട സാധ്യത മുന്‍ നിര്‍ത്തി എല്ലാ ടൂറിസം കേന്ദ്രങ്ങളും പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് നിര്‍ദേശം. മണ്‍സൂണ്‍ കാലത്തെ തണുപ്പും കാലാവസ്ഥയും ആസ്വദിക്കാന്‍ മൂന്നാര്‍, വാഗമണ്‍ പോലെയുള്ള സെന്ററുകളിലേയ്ക്ക് വലിയ തോതില്‍ സഞ്ചാരികളെത്താറുണ്ട്. ഈ കാലയളിവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുന്‍കൂര്‍ ബുക്കിംഗും ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വിനോദ സഞ്ചാരികള്‍ ഇല്ലാത്തതു മൂലം പല റിസോര്‍ട്ടുകളും കോട്ടേജുകളും അടച്ചിടേണ്ടി വന്നു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏതാനും ദിവസം പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്ന ഓഫ് റോഡ് സഫാരി നിരോധിച്ചതും തിരിച്ചടിയായി. ഇതിനിടെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പല ദിവസങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിക്കേണ്ടി വന്നു. 

 
1.24 ലക്ഷം പേരുടെ കുറവ് 

ജൂണ്‍, ജൂലൈ മാസങ്ങളില്‍ 2,68,671 സന്ദര്‍ശകര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള 12 വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തി. ജൂണില്‍ 1,38,794 പേരും ജൂലൈയില്‍ 1,29,877 പേരുമാണ് സന്ദര്‍ശനം നടത്തിയത്. എന്നാല്‍ മേയില്‍ അഞ്ചര ലക്ഷത്തോളം പേര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ 393487 പേര്‍ ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1,24,816 പേരുടെ കുറവാണ് ഈ വര്‍ഷം ഉണ്ടായത്. മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമില്‍ ജൂണില്‍ 4058 പേരും ജൂലൈയില്‍ 4428 പേരുമാണ് സന്ദര്‍ശിച്ചത്. ബോട്ടിംഗ് നിരോധിച്ചതോടെ ജൂണില്‍ 12 ദിവസവും ജൂലൈയില്‍ 10 ദിവസവും ടൂറിസം കേന്ദ്രം അടച്ചിട്ടു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 17,460, 11,870 എന്നിങ്ങനെയാണ് രണ്ടു മാസങ്ങളില്‍ എത്തിയവരുടെ കണക്ക്. ജൂലൈയില്‍ നാലു ദിവസം ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്ന വാഗമണ്ണിലും സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായി. വാഗമണ്‍ മൊട്ടക്കുന്നില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി 89,763 പേരാണ് എത്തിയത്. ജൂലൈയില്‍ ഒരു ദിവസം ഇവിടെ പ്രവേശനം നിരോധിച്ചിരുന്നു. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക് 53,097 പേരാണ് സന്ദര്‍ശിച്ചത്. ജൂണില്‍ നാലു ദിവസവും ജൂലൈയില്‍ രണ്ടു ദിവസവും അഡ്വഞ്ചര്‍ പാര്‍ക്ക് അടച്ചിട്ടിരുന്നു. ഇരവികുളം ദേശീയോദ്യാനം, രാമക്കല്‍മേട്, ഇടുക്കി ഹില്‍വ്യു പാര്‍ക്ക്, പാഞ്ചാലിമേട്, അരുവിക്കുഴി, ശ്രീനാരായണപുരം, ആമപ്പാറ എന്നിവിടങ്ങളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിനോദസഞ്ചാരികള്‍ കുറഞ്ഞു. 

 

ദുരന്ത ഭീതിയും ഘടകം 

 കാലാവസ്ഥയില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റവും മഴ മുന്നറിയിപ്പുകളുമാണ് കഴിഞ്ഞ രണ്ടു മാസം ജില്ലയില്‍ വിനോദസഞ്ചാരികള്‍ കുറയാനുള്ള കാരണം. മൂന്നാര്‍ ദേശീയ പാതയില്‍ പതിവായുണ്ടാകുന്ന മണ്ണിടിച്ചിലും ഇതെ തുടര്‍ന്നുള്ള ഗതാഗത നിരോധനവും പ്രതിസന്ധിയ്ക്ക് കാരണമായി. പലപ്പോഴും കാലവര്‍ഷ സമയത്തെ പ്രകൃതിദുരന്തങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാകാറുണ്ട്. ഇതാണ് കാലാവസ്ഥ അനുകൂലമായാലും ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ആളുകള്‍ എത്താന്‍ മടിയ്ക്കുന്നതിനു കാരണമായി ടൂറിസം രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 


ടൂറിസം രംഗത്തുള്ളവര്‍ പ്രതിസന്ധിയിലായി 

മണ്‍സൂണ്‍ സീസണില്‍ കേരളത്തിനു പുറത്തുള്ള വിനോദ സഞ്ചാരികളാണ് കൂടുതലായി എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മൂന്നാറിലും മറ്റും ഈ സീസണില്‍ എത്തുന്നവരിലേറെയും. എന്നാല്‍ കാലാവസ്ഥ അനൂകൂലമല്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവു കുറഞ്ഞതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഇതോടെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, ഹോം സ്റ്റേകള്‍ എന്നിവയ്ക്കു പുറമെ ചെറുകിട കച്ചവടക്കാര്‍ പോലും പ്രതിസന്ധിയിലായി. സന്ദര്‍ശകരുടെ വരവിലുണ്ടായ കുറവുമൂലമാണ് ഈ വര്‍ഷം പല റിസോര്‍ട്ടുകളും പൂര്‍ണമായി അടച്ചിടേണ്ടി വന്നതെന്ന് മൂന്നാര്‍ ഹോം സ്റ്റേ, കോട്ടേജ് ആന്റ് ലോഡ്ജ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി.ആര്‍ ജയിന്‍ പറഞ്ഞു. മഴക്കാലത്ത് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന പതിവ് മുമ്പുണ്ടായിരുന്നില്ല. ഇപ്പോള്‍ മുന്‍കൂട്ടി മഴ മുന്നറിയിപ്പു വരുന്നതിനാല്‍ ബുക്കിംഗുകള്‍ വ്യാപകമായി റദ്ദാകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments