കണ്ണൂർ സര്‍വകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എംഎസ്എഫ്-കെഎസ്‌യു നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്. 24 എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്എഫ്‌ഐ മയ്യില്‍ ഏരിയാ സെക്രട്ടറി അതുല്‍ സി വി നല്‍കിയ പരാതിയിലാണ് കേസ്. കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി.ബുധനാഴ്ച്ചയായിരുന്നു കണ്ണൂര്‍ സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനിടയില്‍ നാടകീയമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.
കാസര്‍കോട് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിക്കുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ചെടിച്ചട്ടിയും ഹെല്‍മറ്റും വടിയും ഉപയോഗിച്ചായിരുന്നു അക്രമം. ഇതിനിടെ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി വോട്ടു ചെയ്യാനെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പും തട്ടിപ്പറിച്ചോടിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
പൊലീസ് ഈ പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഐഡി കാര്‍ഡ് തട്ടിപ്പറിച്ചില്ലെന്നും പരിശോധിച്ചോളൂവെന്നും സ്ഥാനാര്‍ത്ഥി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് കള്ളവോട്ട് നടത്തിയെന്ന് എസ്എഫ്‌ഐയും ആരോപിച്ചു. അതേസമയം കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ 26ാം തവണയും എസ്എഫ്ഐ നിലനിര്‍ത്തി.
അഞ്ച് ജനറല്‍ സീറ്റുകളിലും എസ്എഫ്ഐക്കാണ് വിജയം. നന്ദജ് ബാബുവാണ് ചെയര്‍പേഴ്സണ്‍. എം ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്സണായും അല്‍ന വിനോദ് വൈസ് ചെയര്‍പേഴ്സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ കെയും തെരഞ്ഞെടുക്കപ്പെട്ടു.
0 Comments