ഇന്നത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്
ജി. അരുൺ
സീനിയർ റിപ്പോർട്ടർ മംഗളം
ഇന്ന് ആദ്യം പറയാനുള്ളത് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വിവരമാണ്.
കാലങ്ങളായി മലയോര ജനത നേരിടുന്ന ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. 2016-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ ഇന്നുവരെ നിരന്തരമായ ഇടപെടലുകള്‍ അതിനായി നടത്തുകയുണ്ടായി. അതിന്‍റെ ഫലമായാണ് വിപ്ലവകരമായ ഭൂപതിവു നിയമ ഭേദഗതി കൊണ്ടുവന്നത്. അതിന്‍റെ ചട്ടങ്ങള്‍ക്ക് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നു. ഇനി അത് സബ്ജക്ട് കമ്മിറ്റിയിൽ കൂടി പോകേണ്ടതുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡി എഫ് മുന്നോട്ടുവെച്ച പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം കൂടി ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
1960-ലെ കേരള ഭൂമി പതിവ് നിയമത്തിനു കീഴിലെ വിവിധ ചട്ടങ്ങള്‍ പ്രകാരം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൃഷി, ഭവന നിര്‍മ്മാണം, അയല്‍വസ്തുവിന്‍റെ ഗുണകരമായ അനുഭവം, ഷോപ്പ് സൈറ്റുകള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി പട്ടയം അനുവദിക്കുന്നതിനു വ്യവസ്ഥയുണ്ട്. ഈ കാലയളവിനിടയില്‍ ഭൂമി പതിച്ച് കിട്ടിയ പലരും ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയുമുണ്ടായി. പട്ടയവ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാത്ത നിര്‍മ്മാണവും കൈമാറ്റവും പലര്‍ക്കും പലവിധ ബുദ്ധിമുട്ടുകള്‍ക്കും കാരണമായി.
ഇക്കാര്യത്തില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ വിവിധ കോടതികളുടെ ഇടപെടലുകളും കര്‍ശനമായ നിയന്ത്രണങ്ങളും ഉണ്ടായി. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പല മാര്‍ഗ്ഗങ്ങളും ആലോചിച്ചു. തുടര്‍ന്നാണ് ആറര പതിറ്റാണ്ടായുള്ള മലയോര ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 2023 സെപ്റ്റംബര്‍ 14ന് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കിയത്. 2024 ഏപ്രില്‍ 27ന് ഗവര്‍ണര്‍ ബില്‍ അംഗീകരിച്ചു. ആ വര്‍ഷം ജൂണ്‍ 9ന് സര്‍ക്കാര്‍ ഭൂപതിവ് നിയമം-2023 വിജ്ഞാപനം ചെയ്തു.
ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന 7.6.2024 വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങള്‍ ക്രമീകരിക്കുന്നതിനും, പതിച്ചു നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുന്നതിനും ഈ ഭേദഗതി സഹായകമാകും. തികച്ചും ജനാധിപത്യപരമായാണ് സര്‍ക്കാര്‍ ഈ നിയമ ഭേദഗതി കൊണ്ടു വന്നിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍, മതമേലധ്യക്ഷന്‍മാര്‍, സാമുദായിക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍, നിയമവിദഗ്ദ്ധര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതി തയ്യാറാക്കിയത്. നിയമസഭ ഈ ഭേദഗതി ഐക്യകണ്ഠേനയാണ് പാസാക്കിയത്.
നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ഇതുവരെ ഉണ്ടായ വ്യതിചലനങ്ങള്‍ ക്രമീകരിക്കുന്നതിനൊപ്പം ഭൂമിയുടെ ജീവനോപാധി ലക്ഷ്യമാക്കിയുള്ള വിനിയോഗത്തിന് അനുവാദം നല്‍കുന്നതിനുള്ള വ്യവസ്ഥകളുമുണ്ടാകണം. പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ ഭൂമി വ്യാപകമായി ദുര്‍വിനിയോഗം ചെയ്യുന്ന പ്രശ്നവും പരിഗണിക്കണം. മാത്രമല്ല, വിവിധ സന്ദര്‍ഭങ്ങളില്‍ കോടതി കളില്‍ നിന്ന് വന്നിട്ടുള്ള വിലക്കുകളും നിര്‍ദ്ദേശങ്ങളും വിശദമായി പരിശോധിക്കുകയും വേണം. വിവിധ അവസരങ്ങളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ അഡ്വക്കേറ്റ് ജനറലിന്‍റെയും റവന്യൂ, വ്യവസായ, ധനവകുപ്പ് മന്ത്രിമാരുടെയും, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചശേഷം വിവിധതലത്തിലുള്ളയോഗങ്ങള്‍ ചേര്‍ന്നാണ് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്.
രണ്ടു ചട്ടങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഒന്നാമത്തേത്, പതിവു ലഭിച്ച ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങളും, രണ്ടാമതായി, കൃഷിക്കും ഗൃഹനിര്‍മ്മാണത്തിനും മറ്റുമായി പതിച്ചു നല്‍കിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിനു അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും. ഏറ്റവും നിര്‍ണ്ണായകമായത് വകമാറ്റി യുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കലാണ്. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
ജീവനോപാധിക്കായി പട്ടയഭൂമി വിനിയോഗിക്കുന്നതിന് അനുമതിക്കായുള്ള രണ്ടാമത്തെ ചട്ടങ്ങള്‍ ഇതിന് തുടര്‍ച്ചയായി പരിഗണിക്കും. 1964ലെ ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളനുസരിച്ചും 1995ലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങളനുസരിച്ചുമാണ് പട്ടയം കൂടുതലായി നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്ത് വിവിധ സന്ദര്‍ഭങ്ങളില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് കൊണ്ടുവന്ന മറ്റു ചില ചട്ടങ്ങള്‍ കൂടിയുണ്ട്. 1970ലെ കൃഷിയുക്ത വനഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍, കര്‍ഷകത്തൊഴിലാളികളുടെ പുനരധിവാസ ചട്ടങ്ങള്‍, റബ്ബര്‍ കൃഷി, ഏലം, തേയില, കോഫി എന്നിവയ്ക്കുള്ള പതിവ് ചട്ടങ്ങള്‍, വയനാട് കോളനൈസേഷന്‍ സ്കീം, 1993ലെ കേരള ലാന്‍റ് അസൈന്‍മെന്‍റ് സ്പെഷ്യല്‍ റൂള്‍സ് തുടങ്ങിയ ചട്ടങ്ങളനുസരിച്ച് വിവിധ വിഭാഗം ജനങ്ങള്‍ക്ക പതിച്ച് കിട്ടിയ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുക എന്ന ആവശ്യം പൂര്‍ണ്ണമായും പരിഹരിക്കപ്പെടും. കൂടുതല്‍ ചട്ടങ്ങള്‍ ഇതിന്‍റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് കണ്ടാല്‍ അവയും കൂട്ടിച്ചേര്‍ക്കും.
സംസ്ഥാനത്ത് പട്ടയം വഴി സര്‍ക്കാര്‍ ഭൂമി ലഭിച്ച ഏതൊരാള്‍ക്കും അവരുടെ ജീവനോപാധിക്കായുള്ള സ്വതന്ത്ര വിനിയോഗത്തിന് തടസ്സം സൃഷ്ടിക്കരുതെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. താമസത്തിനായുള്ള വീട് നിര്‍മ്മാണത്തിന് നല്‍കിയ ഭൂമി മറ്റൊരാവശ്യത്തിന് വിനിയോഗിച്ചുവെങ്കില്‍ മാത്രമേ ക്രമീകരണം ആവശ്യമായുള്ളൂ. ഉടമസ്ഥന്‍റെ താമസത്തിനായുള്ള എല്ലാ വീടുകളും അപേക്ഷാ ഫീസ് മാത്രം ഈടാക്കി ക്രമീകരിക്കും. അതായത് വ്യാപാരാവശ്യത്തിന് വിനിയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള കോമ്പൗണ്ടിംഗ് ഫീസ് എല്ലാ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍ക്കും ഒഴിവാക്കും. പട്ടയഭൂമി നിശ്ചിത സമയപരിധിക്ക് ശേഷമേ മറ്റൊരാള്‍ക്ക് കൈമാറുന്നതിന് കഴിയുകയുള്ളൂ. ഇത് ലംഘിച്ചുള്ള കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്രകാരം ഭൂമി കൈമാറി ലഭിച്ച ഉടമസ്ഥര്‍ക്ക് ന്യായവില യുടെ നിശ്ചാത ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നല്‍കും. അതോടൊപ്പം കൈമാറ്റം വഴി ലഭിച്ച ഭൂമി മുന്‍കൂര്‍ അനുമതിയോടെ വകമാറ്റി ഉപയോഗിക്കുവാന്‍ രണ്ടാമതായി രൂപീകരിക്കുന്ന ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യും.
പൊതുവായ ചില വ്യവസ്ഥകള്‍ കൂടി ഇതിന്‍റെ ഭാഗമായുണ്ട്:
1. ഈ ചട്ടമനുസരിച്ച് 'പതിവുകാരന്‍' (ഉടമസ്ഥന്‍) എന്നത് ഭൂമി പതിച്ചുകിട്ടിയ വ്യക്തിയും അനന്തരാവകാശിയും പിന്തുടര്‍ച്ചാവകാശിയും ഭൂമി പതിവുവ്യവസ്ഥകള്‍ ലംഘിച്ച ശേഷമുള്ള കൈമാറി ലഭിച്ച ഉടമസ്ഥനും ഉള്‍പ്പെടുന്നു. ഇക്കാരണത്താല്‍ നിലവിലുള്ള ഉടമസ്ഥന് തന്‍റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.
2. അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും. അപേക്ഷ സമര്‍പ്പിക്കുവാനും അതിലെ തുടര്‍നടപടികള്‍ നിരീക്ഷിക്കുവാനും നടപടി സ്വീകരിക്കും.
3. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു വര്‍ഷം വരെ സമയമനുവദിക്കും. ആവശ്യമെങ്കില്‍ കാലാവധി നീട്ടി നല്‍കുകയും ചെയ്യും. ഇക്കാരണത്താല്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സാവകാശവും ലഭിക്കും.
4. പതിവ് ലഭിച്ച ഭൂമിയിലെ പട്ടയവ്യവസ്ഥ ലംഘിച്ച് എത്ര അളവ് ഭൂമി മറ്റാവശ്യത്തിന് വിനിയോഗിച്ചിട്ടുണ്ടോ, ആ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കിയുള്ള ഭൂമി നേരത്തെയുള്ള പട്ടയവ്യവസ്ഥയ്ക്ക് വിധേയമായിരിക്കും. ഇവിടെ മറ്റാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പ്രത്യേക അനുമതി നേടേണ്ടതാണ്. അതായത്, ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളൊന്നുംതന്നെ പിന്നീട് അനുവദിക്കുകയില്ല.
5. ഒരു പ്രത്യേക ആവശ്യത്തിനായി അനുവദിച്ച പട്ടയ ഭൂമിയില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ക്രമീകരണം ആവശ്യമെങ്കില്‍ നിര്‍മ്മിതിയുടെ വലിപ്പം നോക്കാതെ ക്രമവല്‍ക്കരിച്ച് നല്‍കും. അപേക്ഷയോടൊപ്പമുള്ള ചെറിയ ഫീസ് മാത്രം നല്‍കിയാല്‍ മതി. കോമ്പൗണ്ടിംഗ് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കും. ഉടമ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയാകും നടപടി.
6. സമാനമായി, പതിവുഭൂമിയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൊതുസ്ഥലങ്ങള്‍, ജീവനോപാധിക്കുള്ള 3000 സ്ക്വയര്‍ ഫീറ്റ് വരെയുള്ള വാണിജ്യ കെട്ടിടങ്ങളും കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കാതെ ക്രമവല്‍ക്കരിക്കും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം ബന്ധപ്പെട്ടവര്‍ തീരുമാനമെടുക്കണം. അല്ലാത്തപക്ഷം, ഡീംഡ് പെര്‍മിഷൻ ആയി കണക്കാക്കിയുള്ള ഉത്തരവ് ലഭിക്കും. ഇതിന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. കൃഷിയ്ക്കും, കൃഷി അനുബന്ധ ആവശ്യത്തിനും വിദ്യാഭ്യാസ, മതപര, സാംസ്കാരിക, വിനോദ ആവശ്യങ്ങള്‍ക്കും സാമുദായിക സംഘടനകളുടേയും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടേയും ആവശ്യത്തിനും ആശുപത്രികള്‍, സര്‍ക്കാര്‍ അംഗീകാരത്തോട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളുടെയും ഭൂമി നിര്‍മ്മാണങ്ങള്‍ മുതലായവയുടെ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചതായിട്ടുള്ള കെട്ടിടങ്ങള്‍ കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കാതെ ക്രമവല്‍ക്കരിക്കും. ഇടത്തരം വാണിജ്യ കെട്ടിടങ്ങള്‍ അവയുടെ വലിപ്പമനുസരിച്ച് നിശ്ചിത ശതമാനം കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കി ക്രമീകരിക്കും.
ഇതില്‍ ഒരു പട്ടിക തന്നെ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അതുകൂടി ഇതിൻറെ കൂടെ പറയുന്നതായിരിക്കും നന്ന്. സാധാരണ ഗതിയില്‍ കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ കാർഷികോൽപ്പന്നപരമോ ആയ ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടം. മറ്റൊന്ന് ആരാധനാലയമായി ഉപയോഗിക്കുന്ന ഭൂമി. ഭൂമിയിൽ സർക്കാർ അംഗീകാരമുള്ളതോ യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതോ ആയ അണ്‍എയ്ഡെഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിച്ചതും ഉപയോഗിക്കുന്നതുമായ കെട്ടിടം. ഇതിനെല്ലാം ഫീസ് ഉണ്ടാവില്ല. സാംസ്കാരിക, വിനോദ, അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി, അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്ന സ്ഥലത്ത് നിർമ്മിച്ച കെട്ടിടം, സർക്കാർ അംഗീകരിച്ച രജിസ്റ്റർ ചെയ്ത സാമൂഹിക സംഘടന ഉപയോഗിക്കുന്ന സ്ഥലത്ത് നിർമ്മിച്ച കെട്ടിടം, രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾ നിർമ്മിച്ചതും ഉപയോഗിക്കുന്നതുമായ കെട്ടിടം, ഭൂമി പതിച്ചു ലഭിച്ച ചട്ടങ്ങൾ പട്ടയം അല്ലെങ്കിൽ അസൈന്‍മെന്റ് ഉത്തരവ് എന്നിവയിൽ നിർദ്ദേശിച്ചിരിക്കുന്ന സമയപരിധി ലംഘിച്ചുകൊണ്ട് കൈമാറ്റം ചെയ്യപ്പെടുന്ന കേസുകൾ. ഇവയ്ക്കെല്ലാം ന്യായവിലയുടെ ഒരു ശതമാനമാണ് ഫീസ് ഈടാക്കുക.
അടുത്തത് കാർഷിക, പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 3000 ചതുരശ്ര അടി മുതൽ 5000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമ്മിച്ചവ. അതില്‍ ഫീസിന്റെ ഭാഗമാണ് ഇനി പറയുന്നത്. കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഭൂമിയുടെയോ ന്യായ വിലയുടെ 5 ശതമാനം.
പട്ടയഭൂമിയിൽ നിർമ്മിച്ചതും ആശുപത്രിയായി ഉപയോഗിക്കുന്നതുമായ കെട്ടിടം. കാർഷിക പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 5000 ചതുരശ്ര അടി മുതൽ 10,000 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമ്മിച്ചവ. ആശുപത്രി എന്ന് പറയുന്നത് സ്വകാര്യ ആശുപത്രിയാണ്. കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തന ങ്ങൾക്ക് ആവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ 10 ശതമാനം.
കെട്ടിടം പണിയാതെ വ്യാവസായിക വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി. കെട്ടിടങ്ങൾ നിർമ്മിച്ചതോ നിർമ്മിക്കാതെയോ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി. ഭൂമിയുടെ ന്യായ വിലയുടെ 10 ശതമാനം.
കാർഷിക പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 10,000 ചതുരശ്ര അടിയിൽ കൂടുതലും ഇരുപത്തയ്യായിരം ചതുരശ്ര അടിയിൽ താഴെയും വിസ്തീർണ്ണമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ. അതിന് ഫീസ് വരുന്നത് കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഭൂമിയുടെയോ ന്യായ വിലയുടെ 20 ശതമാനം. അത് 10,000 ചതുരശ്ര അടി മുതല്‍ 25,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിനാണിത്.
കാർഷിക പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 25,000 ചതുരശ്ര അടിയിൽ കൂടുതലും 50,000 ചതുരശ്ര അടിയിൽ താഴെയുമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമ്മിച്ചാൽ അതിൻ്റെ ഫീസ് കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തിൻറെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ നാൽപ്പത് ശതമാനം.
കാർഷിക, പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച സ്ഥലത്ത് 50,000 ചതുരശ്ര അടിയിൽ കൂടുതലുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമ്മിച്ചാൽ,
ബി - ക്വാറി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ പെർമിറ്റുകളും ലൈസൻസുകളും നേടിയ ശേഷം പെർമിറ്റുകളോ ലൈസൻസുകളോ ലഭിച്ച ഭൂമികൾ.
ഈ രണ്ട് കാറ്റഗറിക്കും കെട്ടിടം നിർമ്മിച്ച സ്ഥലത്തിൻ്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ 50 ശതമാനം.
ഇവിടെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്മേലോ ഏതെങ്കിലും വ്യക്തിയുടെ ആക്ഷേപത്തിൻമേലോ സ്വമേധയാ ഏത് സമയത്തും ഈ ചട്ടത്തിൻ കീഴിൽ പുറപ്പെടുവിച്ച ഏതൊരു ഉത്തരവും പുനഃപരിശോധിക്കുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. കൂടാതെ സർക്കാരിന് പൊതുതാല്പര്യം മുൻനിർത്തി പ്രത്യേക അധികാരം വിനിയോഗിക്കുന്നതിനും അനുവാദം നൽകുന്നുണ്ട്.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ സംസ്ഥാനത്തെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതുവഴി നിറവേറ്റപ്പെടുന്നത്. ഇതോടെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച ഭൂമി നിയമവിധേയമാവുകയാണ്. അതോടൊപ്പം ചെറുകിട ഇടത്തരം ആളുകളെ സങ്കീർണമായ നടപടിക്രമങ്ങൾ ഒഴിവാക്കി ലംഘനങ്ങൾ ക്രമവൽക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ പല വിഭാഗങ്ങളെയും ഫീസിൽ നിന്ന് ഒഴിവാക്കി, താരതമ്യേന കുറഞ്ഞ ഫീസ് നിരക്ക് ഏർപ്പെടുത്തി ക്രമവൽക്കരണത്തിൽ ലഘൂകരിച്ച നടപടിക്രമങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. ഇത് മലയോര ജനതയോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന ഒരു കാര്യമാണ്.
ജിഎസ്ടി
ജി.എസ്.ടി നിരക്ക്
ഘടനയുടെ പരിഷ്ക്കരണം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ട്. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജി.എസ്.ടി നിരക്ക് ഘടന പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. ജി.എസ്.ടി കൗണ്‍സില്‍ യോഗം ഉടന്‍ ചേരുമെന്നാണ് മനസ്സിലാക്കുന്നത്.
ജി.എസ്.ടി നിരക്കുകള്‍ പുനഃപരിശോധിക്കുമ്പോള്‍ വരുമാന നഷ്ടം നേരിടുന്ന സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള 50 : 50 എന്ന നിരക്ക് വിഭജനം, സംസ്ഥാനങ്ങളുടെ വരുമാനക്കുറവിനു കാരണമായിട്ടുണ്ട്.
അവശ്യവസ്തുക്കളുടെ നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ സാധാരണ പൗരന്‍റെ നികുതിഭാരം കുറയ്ക്കാന്‍ കഴിയുന്ന ഏതൊരു നടപടിയും സ്വാഗതാര്‍ഹമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള വരുമാന നഷ്ടം ദരിദ്രര്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് പുനഃപരിശോധിച്ചതുമൂലം വിലയിലുണ്ടായ കുറവ് ഉപഭോക്താക്കള്‍ക്കു ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹിക - സാമ്പത്തിക മേഖലകളിലെ ചെലവ് ബാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ വരുമാന സമാഹരണ അധികാരങ്ങള്‍ മാത്രമേയുള്ളു. നിലവില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുപ്പുകളിലൂടെ വിഭവങ്ങള്‍ സമാഹരിക്കുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ജി.എസ്.ടി നിരക്ക് പരിഷ്ക്കരിക്കുന്നതിലൂടെ പെട്ടെന്നുണ്ടാകുന്ന വരുമാന നഷ്ടം സംസ്ഥാനങ്ങളുടെ വരുമാന ശേഖരണ ശേഷിയെ കൂടുതല്‍ ദുര്‍ബലമാക്കും.
അതുകൊണ്ട് ജി.എസ്.ടി നിരക്ക് പുനഃപരിശോധിക്കുമ്പോള്‍ സംസ്ഥാനത്തിന്‍റെ വരുമാന നഷ്ടം വിലയിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.
തുരങ്കപാത
സംസ്ഥാനം നേടിയ വികസനക്കുതിപ്പില്‍ പുതിയൊരു അധ്യായത്തിനു കൂടി ഈ മാസം 31 ന് തുടക്കമാവുകയാണ്. ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് അന്ന് തുടക്കം കുറിക്കും. പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റര്‍ ഇരട്ട ടണല്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാതയുടെ നിര്‍വ്വഹണ ഏജന്‍സി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ടണല്‍ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
രണ്ട് പാക്കേജുകളിലായാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണല്‍ വെന്‍റിലേഷന്‍, അഗ്നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട്ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.
കഴിഞ്ഞ സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്കു തുടക്കമിട്ടത്. ഒട്ടേറെ കടമ്പകള്‍ കടന്നാണ് അനുമതി നേടിയത്. തുരങ്കപ്പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നു 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും. തുരങ്കപാത യാഥാര്‍ത്ഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം കൂടിയാണിത്.
ലഹരി
സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോവുകയാണ്.
ഫെബ്രുവരി 22 മുതല്‍ ആഗസ്റ്റ് 25 വരെയുള്ള കാലയളവില്‍ ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി 3,82,366 വ്യക്തികളെ പരിശോധിക്കുകയും 222 വലിയ അളവില്‍ വില്‍പന നടത്തിയ കേസുകളും 704 ഇടത്തരം വില്പന കേസുകളും ഉള്‍പ്പെടെ ആകെ 23,652 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24,986 പേരെ അറസ്റ്റ് ചെയ്തു. ഈ കാലയളവില്‍ 16.00439 കിലോഗ്രാം എം ഡി എയും 2144.448 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ആഗസ്റ്റ് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ എക്സൈസ് വിഭാഗം 30.722 കിലോഗ്രാം കഞ്ചാവും 17.775 ഗ്രാം എം ഡി എം എയും 72.83 ഗ്രാം മെത്തഫിറ്റമിനും പിടികൂടി. 311 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 290 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓണാഘോഷം
അത്തം ഇന്നലെ കഴിഞ്ഞു. ഇനി ഓണാഘോഷത്തിന്‍റെ നാളുകളാണ്. എല്ലാവര്‍ക്കും അഡ്വാന്‍സായി ഓണാശംസകള്‍ നേരുന്നു.
കേന്ദ്ര നയങ്ങള്‍ സൃഷ്ടിച്ച ആഘാതത്തിന്‍റെ ഭാഗമായി സംസ്ഥാനങ്ങള്‍ പൊതുവേയും കേരളം പ്രത്യേകിച്ച് സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണ്. ഈ പ്രയാസങ്ങള്‍ കാരണം സര്‍ക്കാരിന്‍റെ സാമ്പത്തിക നില തകര്‍ന്നു എന്നപ്രതീതിയില്‍ എത്തിക്കാന്‍ ചില കേന്ദ്രങ്ങള്‍ സംഘടിതമായ ശ്രമം നടത്തുന്നു. വലിയ സാമ്പത്തിക തകര്‍ച്ചയാണ്, ദൈനംദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടിക്കുന്നു എന്ന മട്ടിലാണ് വ്യാജ പ്രചാരണം മുന്നേറുന്നത്. എന്നാല്‍ കേന്ദ്ര നയങ്ങളുടെ ഫലമായി ഉണ്ടായ പ്രയാസങ്ങള്‍ക്കു മുന്നില്‍ നിസ്സംഗമായി നില്‍ക്കാന്‍ അല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. ചെലവുകള്‍ ക്രമീകരിച്ച് നികുതി പരിശ്രമം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. വിവിധ മേഖലകളില്‍ ഈ ഓണക്കാലത്ത് ലഭിക്കേണ്ട ക്ഷേമ ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യാന്‍ ഇതിന്‍റെ ഫലമായി കഴിയുന്നുണ്ട്. 19575 കോടി രൂപയാണ് ഇതിനായി മാത്രം ചെലവഴിക്കുന്നത്.
ശമ്പളം, ബോണസ്, പെന്‍ഷന്‍, ഫെസ്റ്റിവല്‍ അലവന്‍സ,് ഓണം അഡ്വാന്‍സ, ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നീ ഇനങ്ങള്‍ക്കായി 12100 കോടി രൂപ നീക്കിവെച്ചു. രണ്ടുഗഡു ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 1800 കോടി രൂപയാണ് ചെലവിടുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള വിപണി ഇടപെടല്‍ അടക്കം സപ്ലൈകോയ്ക്ക് 262 കോടി രൂപ നല്‍കി. എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ 34.29 കോടി രൂപയാണ് അനുവദിച്ചത്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ 22 കോടി രൂപ മാറ്റിവെച്ചു. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ വീതം നല്‍കുന്നതിനായി 52 കോടി രൂപയാണ് മാറ്റിവെച്ചത്. റേഷന്‍ സാധനങ്ങള്‍ വാതില്‍പ്പടി വിതരണം നല്‍കുന്നതിന് 50 കോടി. കരാര്‍ ജീവനക്കാര്‍ക്കുള്ള ബിഡിഎസ് പെയ്മെന്‍റ് 300 കോടി രൂപ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ക്ക് എക്സ് ഗ്രേഷ്യയും അരിയും നല്‍കാന്‍ 3.46 കോടിരൂപ അനുവദിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അപവാദപ്രചരണങ്ങള്‍ക്കൊന്നും പ്രസക്തിയില്ല എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.
ഓണത്തിനു ഭക്ഷ്യവസ്തുക്കള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ പൊതുവെ സ്വീകരിച്ചു വരികയാണ്. ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് ഇതിനകം തുടക്കമായി. ജില്ലാതല ഫെയറുകളും ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതല്‍ ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ഓണം ഫെയര്‍ നടത്തും. കൂടാതെ, സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
250 ലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് ഓഫറുകളും, വിലക്കുറവും നല്‍കുന്നുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറില്‍ മാത്രമല്ല, ആയിരത്തിലധികം വരുന്ന വില്പനശാലകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ കഴിഞ്ഞ ദിവസം അനുവദിച്ചു കഴിഞ്ഞു. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്.
സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചു. യുജിസി, ഐഎസിടിഇ, മെഡിക്കല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ളവര്‍ക്കും ഡിഎ, ഡിആര്‍ വര്‍ധനവിന്‍റെ ആനുകൂല്യം ലഭിക്കും. സെപ്തംബര്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെന്‍ഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടിതുടങ്ങും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാ, സിഡിഎസ്, എ.ഡി. എസ് തലങ്ങളില്‍ ഓണം മേളകള്‍ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിന്‍റെ വിളവെടുപ്പ് നടത്തുകയാണ്.
കണ്‍സ്യൂമര്‍ഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുന്നുണ്ട്.
കണ്‍സ്യൂമര്‍ഫെഡിന്‍റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജില്ലാ മൊത്തവ്യാപാര സ്റ്റോറുകള്‍, കാര്‍ഷിക വായ്പാ സംഘങ്ങള്‍, എസ് സി എസ് ടി സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍ എന്നിവ മുഖേന 1,800 കേന്ദ്രങ്ങളിലാണ് 10 ദിവസക്കാലം സഹകരണ വിപണി പ്രവര്‍ത്തിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നതോടൊപ്പം മറ്റ് സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും ഇവിടെനിന്നും ലഭ്യമാകും.
ഗുണനിലവാരം ഉറപ്പുവരുത്തിയ സാധനങ്ങള്‍ മാത്രമേ ഓണം വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തിക്കേണ്ടതുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഒപ്പം, സഹകരണ സംഘങ്ങള്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തിന് മുന്‍തൂക്കം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
സഹകരണ സംഘങ്ങളുടെ തനത് ഉത്പന്നങ്ങള്‍ക്കുള്ള പ്രധാന വിപണി കൂടിയാവുകയാണ് കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകള്‍. ഓണക്കാലത്ത് സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഏകദേശം 100 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ പ്രാഥമിക സംഘങ്ങള്‍ പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്ക് കൊണ്ടുവരികയാണ്.
ഇത് കൂടാതെ ഹോര്‍ട്ടി കോര്‍പ്പിന്‍റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്‍റെ മറ്റ് സംവിധാനങ്ങളും സജീവമാണ്.
ഫയല്‍ അദാലത്ത്
സെക്രട്ടേറിയറ്റിലും, വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും, പൊതുജനങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും ജൂലൈ 1ന് ആരംഭിച്ച ഫയല്‍ അദാലത്തിന്‍റെ ഭാഗമായി ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റുകള്‍, യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങള്‍ എന്നിവ ഒരുമിച്ച് പരിഗണിക്കുമ്പോള്‍ ആകെ 53.87% ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റില്‍ 46.63%വും ഡയറക്ടറേറ്റുകളില്‍ 55.7%വും പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളില്‍ 73.03%വും ഫയലുകളാണ് തീര്‍പ്പാക്കിയത്.
സെക്രട്ടേറിയറ്റില്‍ ആകെയുണ്ടായിരുന്ന 3,04,960 ഫയലു കളില്‍ 1,42,201 ഉം, ഡയറക്ടറേറ്റുകളില്‍ 9,09,678 എണ്ണത്തില്‍ 5,06,718 ഉം, മറ്റു സ്ഥാപനങ്ങളിലെ 28,301 ല്‍ 20,668 ഉം ഫയലുകളാണ് ഇതുവരെ തീര്‍പ്പാക്കാനായത്.
സെക്രട്ടേറിയറ്റില്‍ 11 വകുപ്പുകളില്‍ 60% ല്‍ അധികം ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. മറ്റു 30 വകുപ്പുകള്‍ 4050% വരെ തീര്‍പ്പാക്കി. 8 വകുപ്പുകളിലെ പുരോഗതി 2040% മാത്രമാണ്.
ഡയറക്ടറേറ്റുകളില്‍ 48 വകുപ്പുകള്‍ 60% ല്‍ അധികം പുരോഗതി നേടിയിട്ടുണ്ട്. മറ്റ് 36 വകുപ്പുകള്‍ 40% ല്‍ അധികം ഫയലുകള്‍ തീര്‍പ്പാക്കി.
കുറഞ്ഞത് 60% ഫയലുകളെങ്കിലും ആഗസ്റ്റ് 31ന് അവസാനിക്കുന്ന അദാലത്ത് കാലയളവില്‍ തീര്‍പ്പാക്കണമെന്നാണ് ലക്ഷ്യമിട്ടിരുന്നത്.
ഫയല്‍ അദാലത്തിന്‍റെ വിജയത്തിന് ജീവനക്കാരുടെ ഭാഗത്തുനിന്ന് നല്ല നിലയിലുള്ള സഹകരണമാണ് ഉണ്ടായത് എന്നത് എടുത്തുപറയേണ്ടതാണ്. പൊതുജനങ്ങളുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്ന ചില വകുപ്പുകള്‍ അദാലത്തില്‍ പിന്നോക്കം പോയത് പ്രത്യേകം പരിശോധിക്കും.
ചീഫ് സെക്രട്ടറി നടത്തുന്ന പ്രതിമാസ യോഗങ്ങളില്‍ ഇതിന്‍റെ പുരോഗതി തുടര്‍ച്ചയായി വിലയിരുത്തും.
ഫയല്‍ അദാലത്തിനായി തയ്യാറാക്കിയ പോര്‍ട്ടല്‍ തുടര്‍ സംവിധാനമായി നിലനിര്‍ത്തും. മൂന്ന് മാസത്തിന് ശേഷം പുരോഗതി വീണ്ടും വിലയിരുത്തുന്നതിന് നടപടി ഉണ്ടാകും.
0 Comments