പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിന്റെ സ്ഥാപനദിനാഘോഷം
വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ സാര്‍ത്ഥകമായ എഴുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ധന്യതയില്‍ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില്‍ സ്ഥാപനദിനാഘോഷം നടന്നു. അരുണാപുരം സെന്റ് തോമസ് ദൈവാലയത്തില്‍ നടന്ന കൃതജ്ഞതാബലിയിൽ വൈസ് പ്രിന്‍സിപ്പൽ റവ.ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ക്കൊപ്പം കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായ പത്ത് വൈദികർ സഹകാര്‍മ്മികരായി.
ഇപ്പോഴുള്ള അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികൾ എന്നിവര്‍ക്കു പുറമേ വിവിധ കാലഘട്ടങ്ങളിൽ കലാലയത്തോട് ഔദ്യോഗികമായി വിടപറഞ്ഞ അഭ്യുദയകാംക്ഷികളും ആഘോഷകര്‍മ്മങ്ങളിൽ പങ്കെടുത്തു. കോളേജിന്റെ രക്ഷാധികാരിയും പാലാ രൂപതാദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ റവ. ഡോ. ജോസഫ് തടത്തില്‍ മുതലായവരുടെ പിന്തുണ കോളേജിന്റെ പുരോഗതിയില്‍ ഏറെ സഹായകരമാണെന്ന് പ്രിന്‍സിപ്പൽ ഡോ. സിബി ജയിംസ് വ്യക്തമാക്കി.
ലോകപ്രശസ്ത ചരിത്രകാരനായ വില്യം ഡാല്‍റിംപിൾ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാഷണപരമ്പരകളും സംവാദവും ജൂബിലി വര്‍ഷത്തിലെ ശ്രദ്ധേയമായ കര്‍മ്മപദ്ധതികളിൽ പെടുന്നു. ഹരിതഭംഗികൊണ്ട് ഇതിനോടകംതന്നെ ശ്രദ്ധേയമായ ക്യാമ്പസില്‍ 75 ചന്ദനത്തൈകള്‍ നട്ടുപരിപാലിക്കുന്നതും ശ്രദ്ധേയമാണ്. പരിസ്ഥിതിസംരക്ഷണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും സന്ദേശം പകര്‍ന്ന് കേരളത്തിലെ മുഴുവന്‍ ജില്ലകളിലൂടെയും കോളേജിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ കടന്നുപോയ സൈക്കിള്‍ പ്രയാണത്തിന് വിവിധ മേഖലകളില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്.
ഒരു വര്‍ഷത്തെ ജൂബിലി ആഘോഷപരിപാടികളില്‍ ബഹുജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. വിദ്യാഭ്യാസ-സാംസ്‌കാരിക പ്രദര്‍ശനമേള. ബി.എസ്.സി. സൈക്കോളജി, എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി എന്നിങ്ങനെ രണ്ടു പുതിയ കോഴ്‌സുകൾ ജൂബിലി വര്‍ഷത്തിൽ തുടങ്ങാനായതും കോളേജിന് അഭിമാനകരമായ നേട്ടമായി.
0 Comments